sections
MORE

ചന്ദ്രനില്‍ നിന്ന് ശേഖരിച്ചതെന്ത്?; അരനൂറ്റാണ്ടിനു ശേഷം നാസ പുറത്തുവിടുന്നു ആ സത്യം

nasa-astronaut-harrison
SHARE

യുഎസിന്റെ അപ്പോളോ 17 ദൗത്യം 1972 ഡിസംബർ ഏഴിനു പറന്നുയർന്നതിനു ശേഷം ചന്ദ്രനിലേക്ക് ഇതുവരെ മറ്റാരും യാത്ര പോയിട്ടില്ല. അതിനു മുൻപ് അപ്പോളോയുടെ കീഴിൽ പല ബഹിരാകാശ ദൗത്യങ്ങളും നടന്നു. 1969 ജൂലൈ 16ലെ യാത്രയിൽ മനുഷ്യന്‍ ആദ്യമായി ചന്ദ്രനിൽ കാലുകുത്തുകയും ചെയ്തു. ഈ യാത്ര പോയവരെല്ലാം ചുമ്മാ കയ്യും വീശിയല്ല തിരികെയെത്തിയത്. എല്ലാവരും ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് പലതരം സാംപിളുകള്‍ ശേഖരിച്ചിരുന്നു. 

അപ്പോളോ 17 ദൗത്യത്തിലുണ്ടായിരുന്നവരാകട്ടെ ഒരു പടി കൂടി മുന്നോട്ടു പോയി. അവർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു കുഴൽ ഇറക്കി അതിന്റെ സാംപിൾ ശേഖരിച്ചു. ഏകദേശം 800 ഗ്രാം ചന്ദ്രനിലെ മണ്ണാണ് അത്തരത്തിൽ ഭൂമിയിലേക്കു കൊണ്ടുവന്നത്. എന്നാൽ അരനൂറ്റാണ്ടു മുൻപ് ഇതെല്ലാം ഭൂമിയിൽ കൊണ്ടുവന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് ഗവേഷകര്‍ക്ക് അറിയാമായിരുന്നു. ഇവ സൂക്ഷ്മമായി പരിശോധിക്കാനുള്ള ഉപകരണങ്ങളൊന്നും അന്നു കണ്ടുപിടിച്ചിട്ടു പോലുമില്ല എന്നതു തന്നെ കാരണം. അങ്ങനെയാണു ഗവേഷകർ ആ നിര്‍ണായക തീരുമാനമെടുത്തത്. ചന്ദ്രനിൽ നിന്നു ശേഖരിച്ച വിലയേറിയ സാംപിളുകളെല്ലാം സൂക്ഷിച്ചു വയ്ക്കുക. കാലങ്ങളോളം കാത്തുവച്ച അവ തുറക്കാൻ പോവുകയാണിപ്പോൾ. അതിനൊരു സംഘത്തെ തന്നെ നിയോഗിച്ചു കഴിഞ്ഞു നാസ. 

അമേരിക്കയുടെ ഈ ബഹിരാകാശ ഏജന്‍സിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കൂടാതെ യൂണിവേഴ്സിറ്റി ഓഫ് അരിസോണ, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലി, യുഎസ് നേവൽ റിസർച്ച് ലാബറട്ടറി, യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ ഗവേഷകരും സംഘത്തിലുണ്ട്. ഇത്തരത്തിലുള്ള ഒൻപതു സംഘങ്ങളെയാണു സാംപിൾ പരിശോധനയ്ക്കു നിയോഗിച്ചിരിക്കുന്നത്. ഇപ്പോഴും ഇവ പൂർണമായ തോതിൽ പരിശോധിക്കാനുള്ള സംവിധാനം ഗവേഷകരുടെ കയ്യിലില്ല. എന്നാൽ ചന്ദ്രനിലെ പുതിയ സാംപിളുകൾ അധികം വൈകാതെ തന്നെ കയ്യിലെത്തുമെന്നാണു നാസ പറയുന്നത്. അതായത് ചന്ദ്രനിലേക്ക് യുഎസിന്റെ അടുത്ത ദൗത്യം അധികം വൈകാതെ ഉണ്ടാകുമെന്നർഥം. 

പക്ഷേ ഭൂമിയിലെ അന്തരീക്ഷത്തിൽ തുറക്കുമ്പോൾ ഈ സാംപിളുകൾക്ക് പ്രശ്നമൊന്നും വരാതെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഗവേഷകർക്കാണ്. അതെങ്ങനെ നടപ്പാക്കുമെന്ന കൊണ്ടുപിടിച്ച ചർച്ചയിലാണ് എല്ലാവരും ഇപ്പോൾ. ചില സാംപിളുകൾ കൊടുംതണുപ്പിൽ മരവിപ്പിച്ചു സൂക്ഷിച്ചിരിക്കുകയാണ്, മറ്റു ചിലതാകട്ടെ ഹീലിയം വാതകത്തിലും. തീപിടിക്കാത്ത, വിഷമയമില്ലാത്ത, വായുവിനേക്കാളും കനംകുറഞ്ഞ വാതകമാണ് ഹീലിയം എന്നതിനാലാണ് അതിൽ സൂക്ഷിച്ചത്.  ഇവ വിജയകരമായി പുറത്തെടുത്താൽ ചന്ദ്രനിലെ കാലാവസ്ഥ, മണ്ണ് രൂപപ്പെട്ടു വന്നതിന്റെ ചരിത്രം, ചന്ദ്രനിലെ അഗ്നിപർവത സ്ഫോടനങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം അറിയാം. ചന്ദ്രോപരിതലം കുഴിച്ചെടുത്തു ശേഖരിച്ച സാംപിളില്‍ നിന്നാകട്ടെ അവിടത്തെ മണ്ണിലെ പാളികളെക്കുറിച്ചുൾപ്പെടെയുള്ള വിവരവും ലഭിക്കും. അമ്പരപ്പിക്കുന്ന ചാന്ദ്രവാർത്തകൾക്കായി നമുക്കു കാത്തിരിക്കാമെന്നു ചുരുക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA