sections
MORE

ആറ്റം ബോംബിനേക്കാൾ പത്തിരട്ടി ശേഷി; സൈനിക സാറ്റലൈറ്റുകൾ കണ്ടു ആ സ്ഫോടനം!

meteor
SHARE

2018 ഡിസംബർ. ക്രിസ്മസിലേക്ക് ഒരാഴ്ചയുടെ മാത്രം ദൂരം. കാനഡയിലെ വെസ്റ്റേൺ ഓന്റേറിയോ സർവകലാശാലയിലെ പ്രഫസറും ഉൽക്കകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനുമായ പീറ്റർ ബ്രൗണിന്റെ കണ്ണിൽ ഒരു കാഴ്ചയുടക്കി. ആകാശത്തു നടക്കുന്ന അസാധാരണ സംഭവങ്ങൾ തിരിച്ചറിയുന്നതിനു സ്ഥാപിച്ചിരിക്കുന്ന ഇൻഫ്രാറൗണ്ട് മോണിറ്ററിങ് സ്റ്റേഷനിലെ റീഡിങ്ങുകളിലൊന്നായിരുന്നു ആ കാഴ്ച. അസാധാരണമാം വിധം അന്തരീക്ഷത്തിൽ വൻ സ്ഫോടനം നടന്നതിന്റെ സൂചനകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡിസംബർ 18നായിരുന്നു അത്. ഫ്രീക്വൻസി വളരെ കുറഞ്ഞ തരംഗങ്ങൾ പിടിച്ചെടുക്കാൻ ഇത്തരത്തില്‍ ഒട്ടേറെ മോണിറ്ററിങ് സ്റ്റേഷനുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. 

ശീതയുദ്ധ കാലത്ത് വിവിധ രാജ്യങ്ങൾ നടത്തുന്ന സ്ഫോടന പരീക്ഷണങ്ങളും മറ്റും തിരിച്ചറിയുന്നതിനായിരുന്നു അത്. മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത സിഗ്നലുകൾ ഇത്തരം സ്റ്റേഷനുകളിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്തായാലും പീറ്ററിന്റെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഡിസംബർ 18ലെ റീഡിങ്ങുകള്‍ ശേഖരിച്ചു. അപ്പോഴാണ് നാസയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതായി വിവരം ലഭിച്ചത്. യുഎസിന്റെ സൈനിക സാറ്റലൈറ്റുകൾ പകർത്തിയ സ്ഫോടന ചിത്രം അവർ നാസയിലേക്കു പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇക്കാര്യം നാസയിലെ നിയര്‍–എർത്ത് ഒബ്ജക്ട്സ് ഒബ്സർവേഷൻസ് പ്രോഗ്രാമിന്റെ തലവന്‍ ഡോ.കെല്ലി ഫാസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെയാണ് ഇപ്പോൾ ശാസ്ത്രലോകത്തു വൻ ചർച്ചയായിരിക്കുന്നത്. 

ഏകദേശം 33 അടി വീതിയും 12 ലക്ഷം കിലോയിലേറെ ഭാരവുമുള്ള ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ചതിന്റെ ചിത്രമാണ് സാറ്റലൈറ്റിൽ പതിഞ്ഞത്. അതിന്റെ സിഗ്നലുകളാണ് ഇൻഫ്രാറൗണ്ട് മോണിറ്ററിങ് സ്റ്റേഷനുകളിൽ പതിഞ്ഞതും. ഇതിന്റെ സ്ഫോടനശേഷി അത്ര ചെറുതൊന്നുമായിരുന്നില്ല. ഹിരോഷിമയിൽ യുഎസ് പ്രയോഗിച്ച ബോംബിനേക്കാൾ പത്തിരട്ടി ശേഷിയുള്ള ബോംബ് പൊട്ടുന്നതിനു തുല്യം ഊർജമാണ് പുറന്തള്ളപ്പെട്ടത്. ഭൂമിയിലേക്കു പ്രവേശിക്കും മുൻപ് അന്തരീക്ഷവുമായുള്ള ഘർഷണത്തിൽ പൊട്ടിച്ചിതറുകയായിരുന്നു ഉൽക്ക. ആറു വർഷം മുൻപ് റഷ്യയുടെ ആകാശത്ത് ചില്യാബിൻസ്ക് എന്ന ഉല്‍ക്ക പൊട്ടിത്തെറിച്ചത് വൻ വാർത്തയായിരുന്നു. അന്ന് നൂറുകണക്കിനു പേർക്കാണു പരുക്കേറ്റത്. അതിനു ശേഷം ഇതുവരെ നടന്ന ഏറ്റവും വലിയ ഉൽക്കാസ്ഫോടനമായിരുന്നു ഇത്. ഇക്കഴിഞ്ഞ 30 വർഷത്തിനിടെയുണ്ടായ സ്ഫോടനങ്ങളിൽ ഏറ്റവും ശക്തമായ രണ്ടാമത്തേതും. 

പസഫിക്കിന്റെ ഭാഗമായ ബെറിങ് കടലിനു മുകളിലായിരുന്നു പ്രാദേശിക സമയം രാത്രി 11.50ഓടെയായിരുന്നു ഉൽക്ക പൊട്ടിത്തെറിച്ചത്. ഭൂമിയിലേക്ക് സെക്കൻഡിൽ 32 കി.മീ. വേഗതയിലായിരുന്നു ഈ ഉൽക്ക എത്തിയത്. പക്ഷേ ഭൗമോപരിതലത്തിന് ഏകദേശം 25.6 കി.മീ മുകളിൽ വച്ച് ഘർഷണം കാരണം കത്തിയെരിയുകയായിരുന്നു. ഇതിനെത്തുടർന്നാകട്ടെ 173 കിലോ ടൺ ടിഎൻടി പൊട്ടുമ്പോഴുള്ളത്ര ഊർജമാണ് പുറന്തള്ളപ്പെട്ടത്. 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ യുഎസ് പ്രയോഗിച്ച ലിറ്റില്‍ ബോയ് ബോംബ് പൊട്ടിത്തെറിച്ചപ്പോഴുണ്ടായത് 15 കിലോ ടൺ ടിഎന്‍ടി പൊട്ടുമ്പോഴുള്ളത്ര ഊർജമായിരുന്നു. മൂന്നു ദിവസത്തിനു ശേഷം നാഗസാക്കിയിൽ പ്രയോഗിച്ച ഫാറ്റ് മേൻ എന്ന ബോംബ് 20 കിലോടണ്ണിന്റെയും ഊർജശേഷി പുറത്തെടുത്തു. 

ഇരുനൂറിലേറെ ആഫ്രിക്കൻ ആനകളുടെ വലുപ്പമുള്ള ഈ ഉൽക്ക പൊട്ടിത്തെറിച്ചിട്ടും അറിയാന്‍ വൈകിയതിനു പിന്നിലുമുണ്ട് കാരണം. പൊട്ടിത്തെറി എവിടെ, എപ്പോൾ സംഭവിച്ചു എന്നറിയാൻ ഒട്ടേറെ സ്റ്റേഷനുകളിലെ ഡേറ്റ വിശകലനം ചെയ്യേണ്ടതുണ്ടെന്നതാണത്. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണു ഗവേഷകർ പറയുന്നത്. ദിനംപ്രതി ബഹിരാകാശത്തു നിന്ന് ഒട്ടേറെ വസ്തുക്കൾ ഭൂമിയിലേക്കെത്തുന്നുണ്ട്. എന്നാൽ ഇവിടെ 75 ശതമാനവും വെള്ളമായതിനാൽ പലതും കത്തി സമുദ്രത്തിൽ പതിക്കുന്നതാണു പതിവ്. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായതിനാൽത്തന്നെ റഷ്യയുടെ ഭൂപ്രദേശത്തു കൂടുതലായി ഉൽക്കകൾ കണ്ടെത്തുന്നതു തികച്ചും സ്വാഭാവികവുമായി.

ഡിസംബർ 18നു പൊട്ടിത്തെറിച്ച ഉൽക്കയുടെയത്ര വലുപ്പമുള്ളവ സാധാരണ 100 വർഷത്തിനിടെ രണ്ടോ മൂന്നോ തവണയേ ഭൂമിയിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഇത്തവണ വന്നതിനാകട്ടെ ചില്യാബിൻസ്ക് ഉൽക്കയുടെ 40 ശതമാനം മാത്രമേ വലുപ്പവുമുണ്ടായിരുന്നുള്ളൂ. ചില്യാബിൻസ്ക് പൊട്ടിത്തെറിച്ചപ്പോൾ ഒട്ടേറെ വാഹനങ്ങളുടെ ഡാഷ്ബോർഡ് ക്യാമറയിലും സിസിടിവികളിലുമെല്ലാം അതു പതിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ പൊട്ടിത്തെറി സാറ്റലൈറ്റിൽ മാത്രമേ പതിഞ്ഞിട്ടുള്ളൂ. വിശദമായ പഠനത്തിന് അതു പോരാതെ വരും. ഡിസംബർ 18ന് ഉൽക്കയുടെ പാതയിലൂടെ കടന്നു പോയ വിമാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കാനാണ് ഇപ്പോൾ ഗവേഷകരുടെ ശ്രമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA