ADVERTISEMENT

തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത, ചൊവ്വയിലേക്കുള്ള ആദ്യമനുഷ്യയാത്രയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചൊവ്വയില്‍ ആദ്യം കാലുകുത്തുക ഒരു സ്ത്രീയായിരിക്കുമെന്നാണ് നാസ നല്‍കുന്ന സൂചന. അതേസമയം, ഈ യാത്രിക ആരായിരിക്കുമെന്നത് സംബന്ധിച്ച് വിവരമില്ല. നാസ അഡ്മിനിസ്‌ട്രേറ്ററും രാഷ്ട്രീയക്കാരനുമായ ജിം ബ്രൈഡന്‍സ്റ്റൈനാണ് ചൊവ്വയിലെ മനുഷ്യ കുടിയേറ്റ പദ്ധതികളില്‍ സ്ത്രീകള്‍ക്കാണ് മുന്‍ഗണനയെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. 

 

ശാസ്ത്ര സാങ്കേതിക റേഡിയോ അഭിമുഖ പരിപാടിയായ സയന്‍സ് ഫ്രൈഡേക്കിടെയാണ് ബ്രൈഡന്‍സ്റ്റൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വയില്‍ മാത്രമല്ല വൈകാതെ ചന്ദ്രനിലേക്കും നാസയുടെ വനിതാ ബഹിരാകാശ യാത്രികര്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. 'ചന്ദ്രനില്‍ ഇനി പോകുക ഒരു വനിതയായിരിക്കും. മാത്രമല്ല ചൊവ്വയില്‍ ആദ്യം എത്താന്‍ കൂടുതല്‍ സാധ്യതയും സ്ത്രീകള്‍ക്കാണ്' ബ്രൈഡന്‍സ്‌റ്റൈനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

വനിതാ ബഹിരാകാശ യാത്രികര്‍ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ഈ മാസ അവസാനം നടക്കുമെന്ന് നാസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ യാത്രികരായ അന്ന മക്ലെയ്‌നും ക്രിസ്റ്റീന കോചുമായിരിക്കും ഈ ചരിത്രദൗത്യത്തില്‍ പങ്കാളികളാവുക. 

 

അതേസമയം ദക്ഷിണാഫ്രിക്കന്‍ കോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ചൊവ്വാ ദൗത്യം യാഥാര്‍ഥ്യമാക്കാനുള്ള അവസാനഘട്ട പരീക്ഷണങ്ങളിലാണ്. ചൊവ്വയില്‍ മനുഷ്യന്റെ കുടിയേറ്റമാണ് മസ്‌കിന്റേയും സ്‌പേസ് എക്‌സിന്റേയും പ്രഖ്യാപിത സ്വപ്‌നപദ്ധതികളിലൊന്ന്. നിരവധി വെല്ലുവിളികളുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് തന്നെയാണ് ഇലോണ്‍ മസ്‌കും സ്‌പേസ് എക്‌സും. ചൊവ്വയില്‍ കുടിയേറുന്ന മനുഷ്യര്‍ ജനാധിപത്യ വ്യവസ്ഥയിലായിരിക്കും ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന് വരെ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. മനുഷ്യന്റെ ചൊവ്വാ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്കടുക്കുമ്പോള്‍ മുന്നില്‍ വനിതകളാണെന്നാണ് നാസയുടെ പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com