ADVERTISEMENT

മെയ് 26 ദേശീയ ശാസ്ത്ര ദിനമായി സ്വിറ്റ്‌സര്‍ലൻഡ് പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലൻഡിന്റെ ഈ തീരുമാനത്തില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ വലിയ വകയുണ്ട്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതിരോധ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍കലാമിനുള്ള ആദരമായിട്ടാണ് സ്വിസ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അഭിമാനം ഉയര്‍ത്തുന്നതാണ് സ്വിറ്റ്‌സര്‍ലൻഡ് ഡോ. എ.പി.ജെ അബ്ദുള്‍കലാമിന് നല്‍കിയ ആദരം. 

 

ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന എ.പി.ജെ പുതുതലമുറയെ എക്കാലത്തും സ്വപ്‌നം കാണാന്‍ പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹം സ്വിറ്റ്‌സര്‍ലൻഡ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ബഹുമുഖ വ്യക്തിത്വത്തിനുള്ള ആദരമായിട്ടാണ് സ്വിസ് സര്‍ക്കാര്‍ എ.പി.ജെ അബ്ദുള്‍കലാമിന് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. 

 

മുപ്പത് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രഥമ പൗരന്‍ സ്വിറ്റ്‌സര്‍ലൻഡിലെത്തിയത്. 2006ല്‍ ജനീവയിലെത്തിയ അബ്ദുള്‍കലാമിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. വി.വി ഗിരിയായിരുന്നു അദ്ദേഹത്തിന് മുൻപ് അവസാനം സ്വിറ്റ്‌സര്‍ലൻഡ് സന്ദര്‍ശിച്ച ഇന്ത്യന്‍ രാഷ്ട്രപതി. 

 

സ്വിറ്റ്‌സര്‍ലൻഡിലെ പ്രസിദ്ധമായ CERN ലബോറട്ടറി സന്ദര്‍ശിച്ച അബ്ദുള്‍ കലാം പിന്നീട് പോയത് ഫ്രാന്‍സിലേക്കാണ്. അവിടെയും ശാസ്ത്രവുമായി ബന്ധമുള്ളതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ഭൗതികശാസ്ത്ര ലബോറട്ടറിയെന്ന വിശേഷണമുള്ള ലാര്‍ഡ് ഹേഡ്രണ്‍ കൊളൈഡറാണ് ഫ്രാന്‍സില്‍ എ.പി.ജെ സന്ദര്‍ശിച്ചത്. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലൻഡിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ലബോറട്ടറിയാണിത്. 

 

ഇന്ത്യന്‍ മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് ഡോ.എ.പി.ജെ അബ്ദുള്‍ കലാം. അഗ്നി അടക്കമുള്ള മിസൈലുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിറന്നവയായിരുന്നു. പൊക്‌റാനില്‍ നടന്ന രണ്ടാം ആണവപരീക്ഷണത്തിന്റെ മുഖ്യ പ്രൊജക്ട് കോര്‍ഡിനേറ്ററും ഡോ. എ.പി.ജെ അബ്ദുള്‍കലാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com