ADVERTISEMENT

ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ ‍(പിഎസ്എല്‍വി)- സി 45ന്റെ വിക്ഷേപണം ഏപ്രില്‍ ഒന്നിന് നടക്കും. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ആദ്യത്തെ ത്രീ ഓര്‍ബിറ്റ് ദൗത്യമാണിത്. മൂന്ന് വ്യത്യസ്‌ത ഭ്രമണപഥങ്ങളില്‍ സാറ്റ്‌ലൈറ്റുകളെ നിക്ഷേപിക്കുക എന്നതാണ് വെല്ലുവിളി. എമിസാറ്റിനൊപ്പം 30 സാറ്റ്‌ലൈറ്റുകളുമാണ് ഈ ദൗത്യത്തില്‍ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക. 

 

റോക്കറ്റിന്റെ നാലാംഘട്ടത്തില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിക്കുന്നുവെന്നതും മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ സാറ്റ്‌ലൈറ്റുകളെ നിക്ഷേപിക്കുന്നുവെന്നതുമാണ് ദൗത്യത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്റെ ജിഎസ്എല്‍വി - എംകെ 3 റോക്കറ്റിന്റെ പരീക്ഷണം ഏപ്രില്‍ അവസാനത്തോടെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചിട്ടുണ്ട്. 

 

വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോംനാഥും പിഎസ്എല്‍വി സി 45 വിക്ഷേപണം ഏപ്രില്‍ ഒന്നിന് നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 21ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. 

pslv-c-45

'ഇതുവരെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്ക് സാറ്റ്‌ലൈറ്റുകളെ ഒരേ റോക്കറ്റില്‍ വിക്ഷേപിക്കുന്നതില്‍ പിഎസ്എല്‍വി വിജയിച്ചിട്ടുണ്ട്. ഇപ്പോഴത് മൂന്നാക്കി ഉയര്‍ത്തുകയാണ്. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റ്‌ലൈറ്റ് EMISAT നെ 780 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് നിക്ഷേപിക്കുക. 

 

പിന്നീട് 28 സാറ്റ്‌ലൈറ്റുകളെ 504 കിലോമീറ്റര്‍ പരിധിയില്‍ നിക്ഷേപിക്കും. ഇവിടെ നിന്നും റോക്കറ്റ് കത്തി തീരുന്നതിന് മുൻപായി 485 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പരീക്ഷണങ്ങള്‍ക്കായി ചെറു സാറ്റ്‌ലൈറ്റും നിക്ഷേപിക്കും' – സോംനാഥ് വിശദീകരിക്കുന്നു. ഗുരുത്വാകര്‍ഷണം വളരെ കുറഞ്ഞ അന്തരീക്ഷത്തില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സാറ്റ്‌ലൈറ്റ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി) ആണ് നിര്‍മിച്ചത്. ഈ ചെറു സാറ്റ്‌ലൈറ്റ് ആറു മാസത്തോളം ഭൂമിയെ വലംവെക്കും. 

 

ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3യും വൈകാതെ പിഎസ്എല്‍വി സി46 വിക്ഷേപിക്കും. റഡാര്‍ ഇമേജിങ് സാറ്റ്‌ലൈറ്റായ റിസാറ്റ് 2ബിആര്‍ 1 പിഎസ്എല്‍വി സി47 ആയിരിക്കും വിക്ഷേപിക്കുക. ഈ ദൗത്യങ്ങളുടെ അന്തിമ തിയതി പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com