ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നും ചൊവ്വയില്‍ ജീവനു നിലനില്‍ക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവ് ലഭിച്ചു. ഭൂമിയിലെ സൂക്ഷ്മ ജീവികളും സസ്യങ്ങളും ബഹിരാകാശ നിലയത്തിലെ അത്യന്തം ദുഷ്‌കരമായ സാഹചര്യത്തില്‍ 533 ദിവസമാണ് വിജയകരമായി ജീവിച്ചത്. ഇത് ചൊവ്വയില്‍ ജീവന് അതിജീവനം സാധ്യമാണെന്നതിന്റെ തെളിവാണെന്ന ആവേശത്തിലാണ് ശാസ്ത്രജ്ഞര്‍. 

 

ബഹിരാകാശത്തെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികളേറ്റും താപനിലയിലെ വലിയ ഏറ്റക്കുറച്ചിലുകളും അതിജീവിച്ചാണ് ഈ സൂഷ്മ ജീവനുകള്‍ പിടിച്ചു നിന്നത്. നമ്മുടെ സൗരയൂഥത്തില്‍ ജീവന്‍ കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള ചൊവ്വയില്‍ ഇത്തരം സൂഷ്മ ജീവികള്‍ക്ക് കഴിയാനാകുമെന്ന കണ്ടെത്തല്‍ വന്‍ ആവേശമാണ് ശാസ്ത്രലോകത്തിന് നല്‍കുന്നത്. സൗരയൂഥത്തിലെ ഭൂമി കഴിഞ്ഞാല്‍ ജീവനു സാധ്യതയുള്ള ഗ്രഹമെന്ന് പറയുമ്പോഴും നിരവധി വെല്ലുവിളികളും ചൊവ്വയിലുണ്ട്. 

 

ഓക്‌സിജന്റേയും ഗുരുത്വാകര്‍ഷണത്തിന്റെയും കുറവ് ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്നതും പ്രദേശത്തെ ഇരുട്ടിലാക്കുന്നതുമായി വന്‍ പൊടിക്കാറ്റുകള്‍ കഠിനമായ തണുപ്പ്, വരണ്ട കാലാവസ്ഥ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൊവ്വയിലെ ജീവിതത്തിന് വെല്ലുവിളിയാണ്. 

 

എന്നാല്‍ ഭൂമിയിലേതിന് സമാനമായി ജീവന് അനുകൂലമായ ചില സാഹചര്യങ്ങളും ചൊവ്വയിലുണ്ട്. നേരിയതെങ്കിലും അന്തരീക്ഷത്തിന്റെ സാന്നിധ്യം ജീവന്റെ അടിസ്ഥാന ഘടകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, സള്‍ഫര്‍ ഫോസ്ഫറസ്, തണുത്തുറഞ്ഞ വെള്ളം എന്നിവയുടെ സാന്നിധ്യം എന്നിവയാണ് ചൊവ്വയെ രണ്ടാം ഭൂമിയാക്കി മാറ്റുന്ന പ്രധാന ഘടകങ്ങള്‍. 

 

ചൊവ്വയിലെ മണ്ണ് നമ്മുടെ കൈവശമില്ലെങ്കിലും ചൊവ്വയിലെ മണ്ണിലെ ഘടകങ്ങളെക്കുറിച്ചുള്ള അറിവ് നമുക്കുണ്ട്. ചൊവ്വാ പര്യവേഷണം നടത്തിയ മനുഷ്യ നിര്‍മിത ചെറുവാഹനങ്ങളാണ് ഇത്തരം വിലപ്പെട്ട അറിവുകള്‍ മനുഷ്യരാശിക്ക് സമ്മാനിച്ചത്. അത് വെച്ച് കൃത്രിമമായി ചൊവ്വയിലേതിന് സമാനമായ സാഹചര്യം സൃഷ്ടിച്ച് ഭൂമിയിലെ സൂഷ്മ ജീവികളേയും സസ്യങ്ങളെയും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ബയോമെക്‌സ് എന്ന് പേരിട്ട ഈ പരീക്ഷണം വലിയ വിജയമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. 

 

നൂറുകണക്കിന് സാംപിളുകളാണ് ഇത്തരത്തില്‍ ബഹിരാകാശ നിലയത്തില്‍ വെച്ചിരുന്നത്. 2014 മുതല്‍ 2016 വരെയുള്ള 18 മാസകാലയളവിലായിരുന്നു പരീക്ഷണം. ഇതിനു ശേഷം ഇവയെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ ബഹിരാകാശ നിലയത്തില്‍ ഒന്നരവര്‍ഷത്തോളം പ്രതികൂല സാഹചര്യത്തില്‍ കഴിഞ്ഞിട്ടും അവയെ അതിജീവിക്കാന്‍ ചില സൂഷ്മ സസ്യങ്ങള്‍ക്കും ജീവികള്‍ക്കുമായി എന്നതാണ് ശാസ്ത്രജ്ഞരെ അമ്പരപ്പെടുത്തിയത്. 

കടലിനോടു ചേര്‍ന്നുള്ള പാറകളില്‍ നിരന്തരം ഉപ്പുവെള്ളമേറ്റ് കഴിഞ്ഞിരുന്ന ചില പാറപായലുകളും ഉത്തരധ്രുവത്തിലെ ചില സൂഷ്മജീവിതങ്ങളുമാണ് ഇത്തരത്തില്‍ പരീക്ഷണത്തില്‍ വിജയിച്ചത്. ഇത്തരം ഏകകോശ ജീവികളെ ചൊവ്വയില്‍ ഇപ്പോഴും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇതോടെ ശാസ്ത്രലോകം. ഇതുവരെ മനുഷ്യന്‍ നടത്തിയ പര്യവേഷണങ്ങളിലൊന്നും ചൊവ്വയില്‍ ജീവനുണ്ടെന്ന് ഉറപ്പിക്കാനായിട്ടില്ല. എന്നാല്‍ ഭൂമിയിലെ സൂഷ്മജീവിതങ്ങള്‍ക്ക് ചൊവ്വയിലെ സാഹചര്യത്തെയും അതിജീവിക്കാനാകുമെന്നത് ചൊവ്വയിലെ ജീവന്റെ സാധ്യതകളെ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com