ADVERTISEMENT

‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യ ലോ ഓർബിറ്റിൽ നടത്തിയ പരീക്ഷണത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി ഗവേഷകരും രാഷ്ട്രീയക്കാരും രംഗത്തുണ്ട്. എന്നാൽ ഈ പരീക്ഷണം നല്ല ലക്ഷണമല്ലെന്നാണ് ഐക്യാരാഷ്ട്രസഭയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാർമമെന്റ് റിസർച്ചിലെ സ്പെയ്സ് സെക്യൂരിറ്റി ഫെലോ ഡാനിയൽ പൊറാസ് അഭിപ്രായപ്പെട്ടത്. ഭൂമിക്കു തന്നെ ഭീഷണിയാകുന്ന പരീക്ഷണം വേണ്ടെന്നാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് പറഞ്ഞത്.

2012ൽ യുപിഎ ഭരിക്കുമ്പോഴാണ് അഗ്നി മൂന്ന് മിസൈൽ പരീക്ഷണം നടക്കുന്നത്. അന്നു തൊട്ടേ സാറ്റലൈറ്റുകളെ തകർക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. അന്നത്തെ ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. വി.കെ സാരസ്വാത് ഇക്കാര്യം അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ 2012ൽ പരീക്ഷണം നടത്താൻ ഗവേഷകർ തയാറായിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അതിനു കാരണങ്ങൾ നിരവധിയായിരുന്നു. സാറ്റലൈറ്റുകൾ തകർക്കുമ്പോഴുണ്ടാക്കുന്ന മാലിന്യങ്ങൾ എവിടേക്കും പോകില്ല. വാർത്താവിനിമയം പോലുള്ള ഭൂമിയിലെ നിരവധി ആവശ്യങ്ങൾ ഉപയോഗിക്കുന്ന സാറ്റലൈറ്റുകൾക്ക് ഇത്തരം പരീക്ഷണങ്ങൾ ഭീഷണിയാണ്. ഭാവിയിൽ മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകളിൽ അതിവേഗം സഞ്ചരിക്കുന്ന ഈ മാലിന്യങ്ങൾ ചെന്നിടിച്ചാൽ തകരാൻ സാധ്യത കൂടുതലാണ്. ഗവേഷകർ പരീക്ഷണം നടത്തുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിനു വരെ ഇത്തരം മാലിന്യങ്ങൾ ഭീഷണിയാണ്. ഇതിനാലാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ലൈവ് പരീക്ഷണത്തിനു അനുമതി നൽകാതിരുന്നത്.

മനുഷ്യരുടെ ഇടപെടല്‍ കാരണം ഭൂമിയുടെ അന്തരീക്ഷവും അപകടകരമാംവിധം മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത്. 1957 മുതല്‍ ഇതുവരെ പലപ്പോഴായി മനുഷ്യര്‍ വിക്ഷേപിച്ച ഏകദേശം 30000ത്തിലേറെ ബഹിരാകാശ വസ്തുക്കളുടെ അവശിഷ്ടങ്ങളാണ് ഭൂമിക്ക് ചുറ്റുമായി കറങ്ങി നടക്കുന്നത്. ഒരു ആപ്പിളിന്റെ വലുപ്പം മുതല്‍ വലിയൊരു ബസിന്റെ അത്രയും വരുന്ന മനുഷ്യ നിര്‍മിത വസ്തുക്കളാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നത്.

സ്ഫുട്‌നിക്ക് ആദ്യ ബഹിരാകാശ മാലിന്യം

മനുഷ്യര്‍ നടത്തുന്ന വിവിധ ബഹിരാകാശ പരീക്ഷണങ്ങളുടെ ഭാഗമായി ബോധപൂര്‍വ്വമോ അപകടം മൂലമോ ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെയാണ് ബഹിരാകാശ മാലിന്യങ്ങളായി കണക്കാക്കുന്നത്. മനുഷ്യര്‍ ആദ്യമായി നിര്‍മിച്ച കൃത്രിമോപഗ്രഹമായ സ്ഫുട്‌നിക്കിനെ വഹിച്ച റോക്കറ്റിന്റെ ഭാഗമാണ് ആദ്യത്തെ മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യം. ലോകരാജ്യങ്ങള്‍ തമ്മില്‍ ബഹിരാകാശ മത്സരത്തിന് വഴിവെച്ച സ്ഫുട്‌നിക്കിന്റെ വിക്ഷേപണം 1957 ഒക്ടോബര്‍ നാലിനായിരുന്നു നടന്നത്.

പിന്നീട് ഇന്നുവരെ ആയിരക്കണക്കിന് മനുഷ്യ നിര്‍മിത വസ്തുക്കളാണ് ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലേക്കെത്തിയത്. സ്ഫുട്‌നികിനെ വഹിച്ച റോക്കറ്റിന്റെ പുറംഭാഗം പ്രകാശം പ്രതിഫലിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ റോക്കറ്റ് ഭാഗത്തെ ഭൂമിയില്‍ നിന്നും നോക്കിയാല്‍ പോലും കാണാനാകും. സോവിയറ്റ് യൂണിയന്റെ അഭിമാനത്തിളക്കമായാണ് ഈ സ്ഫുട്‌നിക്ക് റോക്കറ്റിനെ അവര്‍ അക്കാലത്ത് കണ്ടിരുന്നത്.

സ്ഫുട്‌നിക്കിന് ശേഷം ലോകരാജ്യങ്ങള്‍ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങളുടേയും അവയെ വഹിച്ച റോക്കറ്റുകളുടേയും ഭാഗങ്ങളും പ്രവര്‍ത്തനം നിലച്ച കൃത്രിമോപഗ്രഹങ്ങളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്. അതിവേഗത്തില്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനാല്‍ ഇവ ബഹിരാകാശത്തെ സജീവ സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാണ്. ബഹിരാകാശ മാലിന്യങ്ങളുടെ അളവ് കൂടുന്നത് ഇവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഓരോ കൂട്ടിയിടിയും ഇവയുടെ എണ്ണം കൂട്ടുന്നതിനാല്‍ വീണ്ടും കൂട്ടിയിടിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു. കെസ്ലര്‍ എഫക്ട് എന്നാണ് ഈ അവസ്ഥയെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

ബഹിരാകാശ മാലിന്യങ്ങള്‍ പരിധിയില്‍ കൂടിയാല്‍ ഇവ നീക്കം ചെയ്യാതെ പുതിയ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് അസാധ്യമാകും. 2000ത്തില്‍ വെറും 9000മായിരുന്നു ബഹിരാകാശ അവശിഷ്ടങ്ങളുടെ എണ്ണം. 2007ല്‍ ചൈന നടത്തിയ ഒരു ബഹിരാകാശ മിസൈല്‍ പരീക്ഷണം ഒറ്റയടിക്ക് രണ്ടായിരം അവശിഷ്ടങ്ങളെയാണ് കൂടുതലായി ബഹിരാകാശത്ത് എത്തിച്ചത്. 2009ല്‍ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ കൂട്ടിയിടിച്ചതോടെ മറ്റൊരു രണ്ടായിരം അവശിഷ്ടങ്ങള്‍ കൂടി ബഹിരാകാശത്ത് നിറഞ്ഞു. ഈ ഉപഗ്രഹത്തിന്റെ ഭാഗങ്ങളാണ് 2013ൽ റഷ്യൻ ഉപഗ്രഹത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ ഇപ്പോൾ നടത്തിയ പരീക്ഷണവും ഏതെങ്കിലും രീതിയിൽ ബഹിരാകാശത്തെ മറ്റു ഉപഗ്രഹങ്ങൾക്ക് ഭീഷണി തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

2015ൽ ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. സ്റ്റുവേട്ട് ഗ്രേ തയാറാക്കിയ വിഡിയോയില്‍ ബഹിരാകാശ അവശിഷ്ടങ്ങളെ വര്‍ഷം തിരിച്ച് വ്യക്തമാക്കുന്നുണ്ട്. 1957 മുതല്‍ 2015വരെ എങ്ങനെയാണ് ബഹിരാകാശ അവശിഷ്ടങ്ങള്‍ ഓരോ വര്‍ഷവും കൂടി വന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com