sections
MORE

ചന്ദ്രയാൻ 2 മെയിൽ പറന്നുപൊങ്ങും; ചെലവ് 800 കോടി, റോക്കറ്റ് ജിഎസ്എൽവി മാർക് 3

gslv-mark-iii
SHARE

ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡിൽ അഗ്നിപടർത്തി  ജിഎസ്എൽവി റോക്കറ്റ് ചന്ദ്രയാൻ 2 ദൗത്യവുമായി പറന്നുപൊങ്ങുന്ന നിമിഷത്തിനായി. സാങ്കേിതക പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ 2019 മെയിൽ തന്നെ ചന്ദ്രയാൻ 2 യാത്രതിരിക്കുമെന്ന് ഐഎസ്ആർഒ മേധാവി കെ. ശിവൻ പറഞ്ഞു. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ ഈ യാത്ര പുറപ്പെടുന്നത് ആകസ്മികമാകാമെങ്കിലും തിളക്കം കൂട്ടുന്ന ഘടകം തന്നെ. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐഎസ്ആർഓയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു.

ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.

800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫർ നോലാൻ സംവിധാനം ചെയ്തിറക്കിയ ഇന്റർസ്റ്റെല്ലാർ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്.

ചന്ദ്രയാൻ 2

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ ,ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്നതാണു ചന്ദ്രയാൻ 2.ഐഎസ്ആർഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3290 കിലോ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ‘വിക്രം’ ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാൻഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ.ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാൻഡർ മൊഡ്യൂൾ പറന്നിറങ്ങുക. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂർവമാണ്.

ഹീലിയം 3

‍ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്, ചന്ദ്രോപരിതലത്തിലുള്ള ‘ഹീലിയം 3’ നിക്ഷേപം അളക്കുക എന്നതാണ്. ഭൂമിയിലെ ഊർജ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ പര്യാപ്തമാണു ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപം. ഒരു ടണ്ണിന് 500 കോടി എന്ന മട്ടിൽ വിലവരുന്നതാണ് ഈ നിക്ഷേപം.പത്തുലക്ഷം മെട്രിക് ടൺ ഹീലിയം നിക്ഷേപം ചന്ദ്രനിലുണ്ടെന്നാണു കണക്ക്. ഇതിന്റെ 25 % ഭൂമിയിലെത്തിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

എന്നാൽ നിലവിൽ എച്ച്ഇ–3 ഇന്ധനമായി ഉപയോഗിക്കാൻ തക്കവണ്ണമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടില്ലെന്നതു മറ്റൊരു കാര്യം.

ചന്ദ്രനെ തൊടാൻ ലാൻഡർ ‘വിക്രം’

ചന്ദ്രയാൻ 2ന്റെ പ്രധാനഭാഗമാണ് വിക്രം ലാൻഡർ.ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോൾ, ലാൻഡറിനു തകരാറുകൾ സംഭവിച്ചാൽ ദൗത്യം തന്നെ അവതാളത്തിലാകും. ഇതു സംഭവിക്കാതിരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങളും പരിശോധനകളും ഐഎസ്ആർഒ നടത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം നടത്തിയ ദൗത്യത്തിന്റെ മൂന്നാമത്തെ ലാൻഡർ പരീക്ഷണവും വിജയകരമായി.

പ്രശസ്ത ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായിട്ടാണു വിക്രത്തിന് ആ പേര് ലഭിച്ചത്.ചന്ദ്രനിൽ ലാൻഡർ സുഗമമായി ഇറങ്ങുമോ എന്നു പരിശോധിക്കാൻ ‘ക്രിട്ടിക്കൽ ആക്ച്വേറ്റർ പെർഫോമൻസ് ടെസ്റ്റ്’ എന്ന പരീക്ഷണ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കേന്ദ്രത്തിൽ കഴിഞ്ഞദിവസം നടത്തിയിരുന്നു.

ഗതിനിർണയ, നിയന്ത്രണസംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നെന്നാണു പരീക്ഷണത്തിൽ നിന്നു ലഭിച്ച വിവരം. ചന്ദ്രയാൻ ഒന്നിലും ഉപരിതലത്തിലേക്കിറങ്ങുന്ന ഒരു ഉപകരണം ഉണ്ടായിരുന്നു. മൂൺ ഇംപാക്ടർ പ്രോബ് എന്ന ആ ഉപകരണത്തിൽ നിന്നു വ്യത്യസ്തനാണ് വിക്രം.മൂൺ ഇംപാക്ടറിന്റെ ഇടിച്ചിറങ്ങുന്ന ശൈലിക്കു പകരം പറന്നിറങ്ങുന്ന സോഫ്റ്റ് ലാൻഡിങ് ശൈലിയാണു വിക്രത്തിന്റേത്.

ഇന്ത്യ നാലാമത്?

ചന്ദ്രയാൻ 2 ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് രീതിയിൽ ലാൻഡർ ഇറക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ മൂന്നുരാജ്യങ്ങളെ സ്വായത്തമാക്കിയിട്ടുള്ളൂ.യുഎസ്, റഷ്യ, ചൈന. ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ഇക്കാര്യത്തിൽ നാലാം സ്ഥാനം നേടും.എന്നാൽ ഇസ്രയേലും സമാനമായ ഒരു ദൗത്യം സ്പെയ്സ് എക്സ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിക്കുന്നുണ്ട്. അടുത്ത മാസം നടത്തുമെന്നു കരുതപ്പെടുന്ന ദൗത്യം യാഥാർഥ്യമായാൽ നാലാം സ്ഥാനം ഇസ്രയേലിനു ലഭിക്കും. അതെ, ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ചന്ദ്രയാൻ കുതിക്കുന്നത് കാണാൻ.

ഉപകരണങ്ങൾ

ഓർബിറ്റർ, ലാൻഡർ, റോവർ ഭാഗങ്ങളിലായി ഒട്ടേറെ ഉപകരണങ്ങളുമായാണു ചന്ദ്രയാൻ ദൗത്യം പോകുന്നത്. സ്പെയ്സ് ഡോട്ട് കോം നൽകുന്ന വിവരപ്രകാരം താഴെപ്പറയുന്ന ഉപകരണങ്ങൾ ദൗത്യത്തിൽ ഉൾപ്പെടുന്നു‌‌. ഇവയിൽ ചിലത് ചന്ദ്രയാൻ–1 ദൗത്യത്തിലുള്ള ഉപകരണങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ്. ചിലത് പുതിയതായി കൊണ്ടുവന്നവയും.

ഓർബിറ്റർ

1. ടെറെയ്ൻ മാപ്പിങ് ക്യാമറ 2– ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള ഉപകരണം.

2.കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ– ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചു പഠനം നടത്താനുള്ള ഉപകരണം.

3. സോളർ എക്സ്റേ മോണിറ്റർ–സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെ പഠിക്കാനുള്ള ഉപകരണം.

4.ചേസ് 2–ചന്ദ്രന്റെ അന്തരീക്ഷഘടനയെക്കുറിച്ച് വിവരം നൽകുന്ന ഉപകരണം.

5. സിന്തറ്റിക് അപ്പർചർ റഡാർ –റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്കാൻ ചെയ്യും.

6. ഇമേജി‌ങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ–ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കും.

7. ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ– ദൗത്യത്തിനൊപ്പമുള്ള മറ്റു ഭാഗങ്ങളായ ലാൻഡറും റോവറും ഇറങ്ങുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തും.

ലാൻഡർ

1. ഇൽസ– ചന്ദ്രനിൽ സംഭവിക്കുന്ന കമ്പനങ്ങളെക്കുറിച്ച് (മൂൺ ക്വേക്ക്സ്) പഠനം നടത്തി വിവരങ്ങൾ നൽകുന്ന ഉപകരണം. ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി എന്നു പൂർണനാമം.

2. സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമന്റ്–ചന്ദ്രോപരിതലത്തിലെ താപനില അളക്കുന്ന ഭാഗം.

3.രംഭ–ലാങ്മ്യൂർ പ്രോബ്–ഉപരിതലത്തിലെ പ്ലാസ്മയുടെ സാന്ദ്രത അളക്കുന്ന ഭാഗം

റോവർ

20 കിലോയിലധികം ഭാരവും ആറു ചക്രങ്ങളുമുള്ള റോവർ പുതിയ താരമാണ്.ചന്ദ്രയാൻ 1ൽ ഇങ്ങനെ ഒരു ഉപകരണം ഉണ്ടായിരുന്നില്ല. വഹിക്കുന്നതും വിക്രമായതിനാൽ ഇതു ദൗത്യത്തിന്റെ നിർണായകമായ ഭാഗമാണ്. ചന്ദ്രോപരിതലഘടനയെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ് റോവർ കൊണ്ടുദ്ദേശിക്കുന്നത്.ഇതിനുവേണ്ടിയുള്ള സ്പെക്ട്രോസ്കോപ്, സ്പെക്ട്രോമീറ്റർ ഉപകരണങ്ങൾ റോവറിലുണ്ട്.14 ദിവസം റോവർ പ്രവർത്തിക്കും. 150– 200 മീറ്റർ ചന്ദ്രോപരിതലത്തിൽ ചലിക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA