ADVERTISEMENT

ചൈനയുമായി അറബ് രാജ്യങ്ങള്‍ അടുക്കുന്നത് അമേരിക്കയ്ക്ക് സഹിക്കാനാകുന്ന കാര്യമാണോ ആവോ? എന്തായാലും ആദ്യം ഉപഗ്രഹഗതാഗത മേഖലയിലും തുടര്‍ന്ന് കൂടുതല്‍ സഹകരങ്ങള്‍ക്കും ഒരുങ്ങുകയാണ് ചൈനയും അറബ് രാജ്യങ്ങളും. ഉപഗ്രഹ ഗതാഗത മേഖലയില്‍ എന്താണു സംഭവിക്കുന്നതെന്നു നോക്കാം. ചൈനയിലെയും അറേബ്യന്‍ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പറയുന്നത് തങ്ങള്‍ സംയുക്തമായി ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള ഗതാഗതത്തിനായി 'സ്‌പേസ് സില്‍ക് റോഡ്' എന്ന പദ്ധതി ആവിഷ്‌കരിക്കുകയാണ് എന്നാണ്. ഗതാഗതത്തിനു മാത്രമല്ല, വൈവിധ്യമാര്‍ന്ന പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ചൈന സ്വന്തമായി സൃഷ്ടിച്ച ബെയ്‌ഡോ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അഥവാ ബിഡിഎസ് (BeiDou Navigation Satellite System (BDS). പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പലതിന്റെയും സഹകരണം ചൈനയ്ക്കു ലഭിക്കുമെന്നാണ് അറിവ്.

 

രണ്ടാമത് ചൈനാ-അറബ് രാജ്യങ്ങളുടെ ബിഡിഎസ് സഹകരണ ഫോറത്തിന്റെ രണ്ടാമതു സമ്മേളനം നടന്നത് ട്യുനീഷ്യയുടെ തലസ്ഥാനമായ ട്യുണിസിലാണ്. ഇരു ഭാഗത്തെയും ഉദ്യോഗസ്ഥര്‍ പറഞ്ഞത് ബിഡിഎസിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഇരു കൂട്ടരും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയരാമെന്നാണ്. അതാകട്ടെ ഇരു വിഭാഗങ്ങള്‍ക്കും ഗുണകരവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

 

ബിഡിഎസ് സഹകരണം ചൈന-അറബ് രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തിന്റെ ഉത്തമോദാഹരണമാണ്. സാറ്റലൈറ്റ് നാവിഗേഷന്‍ പല ഹൈ-ടെക് മേഖലകളെയും ഒരുമിപ്പിക്കുന്നു. ഇതില്‍ ടെലികമ്യൂണിക്കേഷനും ബഹിരാകാശ സാങ്കേതികവിദ്യയും വരെ ഉള്‍പ്പെടുന്നുവെന്ന് ട്യുണിഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്‌ലിം ഖാല്‍ബൗസ് (Slim Khalbous) പറഞ്ഞു. ട്യുണീഷ്യയെ സംബന്ധിച്ച് ഇതൊരു പ്രാധാന്യമുള്ള അവസരമാണ്. ബിഡിഎസ് സഹകരണത്തിലൂടെ ചൈനാ-അറബ് ബന്ധം അടുത്ത തലത്തിലേക്ക് ഉയരുമെന്നും അദ്ദേഹം തുടര്‍ന്നു. ചൈനാ-ട്യുണീഷ്യ ബന്ധത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇരു രാജ്യങ്ങളും കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കമമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യത്തെയും സര്‍വ്വകലാശാലകള്‍ തമ്മിലും കുടുതല്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

2018ല്‍ ചൈന-അറബ് സൗഹൃദത്തിന്റെ ഫലമായ ബിഡിഎസ്/ജിഎന്‍എന്‍എസ് സെന്റര്‍ സ്ഥാപിച്ചത്. ഇരു കൂട്ടരും തമ്മിലുള്ള അടുപ്പം കൂട്ടുന്നതിന് ഉപകരിക്കുമെന്ന് അറബ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിസ് ഓര്‍ഗനൈസേഷന്റെ സെക്രട്ടറി-ജനറല്‍ മുഹമ്മദ് ബെന്‍ അമോര്‍ പറഞ്ഞത്. സാറ്റലൈറ്റ് സാങ്കേതികവിദ്യാ സഹകരണത്തോടൊപ്പം അറബ്-ചൈന ബന്ധവും ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപഗ്രഹ ഗതാഗത സാങ്കേതികവിദ്യ വളരെ ഗുണകരമായി. അതുകൊണ്ടുതന്നെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അതീവ തത്പരരാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഭൂനിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, കൃത്യതയാര്‍ന്ന കൃഷി രീതികള്‍, അത്യാഹിതങ്ങള്‍ കുറയ്ക്കല്‍, സമുദ്ര ഗതാഗതം തുടങ്ങിയവയിലൊക്കെ ഇരു കൂട്ടര്‍ക്കും സഹകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

അറബ് ലീഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ കമല്‍ ഹാസന്‍ അലിയും ചൈനയെ പ്രശംസിച്ചു. ഞങ്ങളുടെ സഹകരണം വളരുമെന്നാണ് അദ്ദേഹം പറഞ്ഞത്. 200ലേറെ ഉദ്യോഗസ്ഥരാണ് ഇരു ഭാഗത്തും നിന്നുമായി ഈ മീറ്റിങ്ങില്‍ പങ്കെടുത്തത്. സെല്‍ഫ്-ഡ്രൈവിങ് ട്രാക്ടര്‍ അടക്കമുള്ള പല ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com