ADVERTISEMENT

സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ മറ്റൊരു ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കി. സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷൻസ് സാറ്റലൈറ്റ് അറബ്സാറ്റ്–6എ വിക്ഷേപിച്ചത് സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലാണ്. മൂന്നു റോക്കറ്റുകൾ ഒന്നിപ്പിച്ചുള്ള ഫാൽക്കൺ ഹെവിയുടെ പരീക്ഷണ ദൗത്യം നേരത്തെ തന്നെ വിജയിച്ചിരുന്നു. എന്നാൽ വാണിജ്യപരമായ ആദ്യ വിക്ഷേപണമാണ് കഴിഞ്ഞ ദിവസം നടന്നത്. വിക്ഷേപണം പൂർത്തിയാക്കി മൂന്നു റോക്കറ്റുകളുടെ ബൂസ്റ്ററുകളും കൃത്യമായി തന്നെ ഭൂമിയിൽ തിരിച്ചിറക്കി. ഇതും ലോകത്ത് ആദ്യ സംഭവമാണ്.

 

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം വൈകീട്ട് 6.35 നാണ് വിക്ഷേപണം നടന്നത്. തുടർന്ന് 34 മിനിറ്റുകൾക്ക് ശേഷമാണ് അറബ്സാറ്റ്–6എ കൃത്യമായ ഓർബിറ്റിൽ വിക്ഷേപിച്ച് മൂന്നു റോക്കറ്റ് ബൂസ്റ്ററുകളും പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ലാൻഡ് ചെയ്തത്. ഇതിൽ രണ്ട് റോക്കറ്റ് ബൂസ്റ്ററുകൾ ഫ്ലോറിഡയിലെ തന്നെ കേപ്പ് കാനേവൽ എയർ ഫോഴ്സ് സ്റ്റേഷനിലാണ് ലാൻഡ് ചെയ്തത്.

 

6.4 ടൺ ഭാരവുമായാണ് (ഉപഗ്രഹം ഉൾപ്പടെ) ഫാൽക്കൺ ഹെവി കുതിച്ചുയർന്നത്. ലിഫ്റ്റ് ഓഫ് ചെയ്ത് ഒൻപത് മിനിറ്റിൽ തന്നെ ആദ്യ ബൂസ്റ്റർ ലാൻഡിങ് പാഡിൽ സുരക്ഷിതമായി ഇറങ്ങി. ഫാൽക്കൺ ഹെവി റോക്കറ്റിന്റെ വിജയവും അനുബന്ധ വിഡിയോകളും സോഷ്യൽമീഡിയകളിൽ ട്രന്റിങ്ങാണ്.

 

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണു സ്പേസ് എക്സ്. കമ്പനിയുടെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൻ–9ന്റെ പരിഷ്കൃത രൂപമാണു ഹെവി. 50 കോടി യുഎസ് ഡോളർ ചെലവിൽ നിർമിച്ച ഹെവിയുടെ വിജയം അന്യഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ കുതിപ്പിന്റെയും കുടിയേറ്റത്തിന്റെയും തുടക്കമാകുമെന്നാണു വിലയിരുത്തൽ. ഇക്കൊല്ലം ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള കമ്പനിയുടെ പദ്ധതികൾക്കും 2020ലെ ചൊവ്വാ പര്യവേക്ഷണത്തിനും ഹെവി മുതൽക്കൂട്ടായേക്കും.

 

ആദ്യ വിക്ഷേപണത്തിനിടെ സംഭവിച്ച ചെറിയ പോരായ്മകൾ പോലും രണ്ടാം ദൗത്യത്തിൽ പരിഹരിക്കാൻ സാധിച്ചു. റോക്കറ്റിലെ എല്ലാ ബൂസ്റ്ററുകളും ഭൂമിയിൽ തിരികെയെത്തിക്കാനായിരുന്നു ആദ്യ ദൗത്യത്തിലെ പദ്ധതി. എന്നാൽ, അന്ന് മധ്യഭാഗത്തെ ബൂസ്റ്റർ‌ കടലിൽ‌വീണു നശിക്കുകയായിരുന്നു. റോക്കറ്റിൽ പേ ലോഡായി വഹിക്കപ്പെട്ട ‘ടെസ്‌ല റോഡ്സ്റ്റർ ’ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യവും പിഴച്ചിരുന്നു. അവസാനഘട്ട ജ്വലനത്തിന്റെ തീവ്രത കൂടിയതിനാൽ, കാർ ഭ്രമണപഥം കടന്നു ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള ഛിന്നഗ്രഹമേഖലയിലേക്കു പ്രവേശിക്കുകയായിരുന്നു. 

 

ചന്ദ്രനിലേക്കു വിനോദയാത്ര

 

യുഎസ് സൈന്യമായിരിക്കും ഫാൽക്കൻ ഹെവി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഉയർന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സൈന്യത്തിന് അവസരമൊരുങ്ങും. സ്പേസ് എക്സ് ലക്ഷ്യംവയ്ക്കുന്ന ചന്ദ്രനിലേക്കുള്ള വിനോദയാത്രയിൽ ഹെവി ഉപയോഗിക്കപ്പെടുമെന്നാണു സൂചന. ചൊവ്വയിലേക്കു വ്യക്തമായ പദ്ധതികളുള്ള കമ്പനിയാണു സ്പേസ് എക്സ്. 2020ൽ കമ്പനി തുടങ്ങുമെന്നു കരുതുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റ പദ്ധതിയിലും ഫാൽക്കൻ ഹെവി നിർണായകമാകും. 

 

നാസ എവിടെ ? 

 

വിക്ഷേപണത്തിന്റെ പകിട്ടിൽ സ്പേസ് എക്സ് നിൽക്കുമ്പോൾ നാസ എന്തു കൊണ്ട് ഇതു ചെയ്യുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി സ്വകാര്യ കമ്പനികളെ വിക്ഷേപണത്തിൽ ഉൾപ്പെടുത്തിയാണ് നാസയുടെ പ്രവർത്തനം. ചെലവ് ക്രമാതീതമായി കുറയ്ക്കാൻ ഇതുവഴി കഴിയും. 

 

എന്നാൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് നാസയുടെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്. സ്പേസ് ലോഞ്ച് സിസ്റ്റം എന്ന ഈ റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിന് 100 കോടി ഡോളർ ചെലവ് വരുമെന്നു  കരുതുന്നു. 

 

ചെലവ് കുറവ്, ഗുണം മെച്ചം  

 

ഒരു വിക്ഷേപണത്തിന് ഒൻപതു കോടി യുഎസ് ഡോളറാണ് ഫാൽക്കൻ ഹെവിക്ക് ചെലവു വരുന്നത്. ഇത്രയ്ക്ക് ശേഷിയുള്ള മറ്റൊരു റോക്കറ്റിനു വിക്ഷേപണത്തിന് ചെലവാകുന്നതിന്റെ മൂന്നിലൊന്നു മാത്രമാണിത്. എന്നാൽ  ഫാൽക്കൻ ഹെവിയുടെ നിർമാണത്തിന് ചെലവു കുറവാണെന്ന് ഇതിനർഥമില്ല. സൗരയൂഥത്തിന്റെ ഏറ്റവും അറ്റത്തുള്ള പ്ലൂട്ടോയിലേക്കു പോലും ഫാൽ‌ക്കൻ ഹെവിക്ക് വിക്ഷേപണം സാധ്യമാണെന്നു മസ്ക് പറയുന്നു. ഭീമൻ ഉപഗ്രഹങ്ങളെയും ഇതു വഴി വിക്ഷേപിക്കാൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com