sections
MORE

ഭൂമിക്ക് ഭീഷണി, ഛിന്നഗ്രഹത്തെ തകർത്ത് ഗതിമാറ്റാൻ നാസയും സ്പേസ് എക്സും

pd-dart-mission-impact
SHARE

ഭൂമിയിലേക്കു വന്നു പതിച്ച പടുകൂറ്റൻ ഉൽക്കയാണ് ദിനോസർ വംശത്തെയാകെ ഇല്ലാതാക്കിയത്. എന്നാല്‍ മനുഷ്യനെ അത്തരമൊരു പേടി ഇതുവരെ പിടികൂടിയിട്ടില്ല. ഈയടുത്ത കാലത്തോ, ഒരുപക്ഷേ ഈ നൂറ്റാണ്ടിലോ പോലും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളുടെയോ ഉൽക്കയുടെയോ ആക്രമണമുണ്ടാകില്ലെന്നാണു ഗവേഷകർ പറയുന്നത്. ഭൂമിക്കു സമീപത്തേക്ക് ഭീഷണിയാകും വിധം എത്തുന്ന ആകാശവസ്തുക്കളെ (നിയർ ഏർത്ത് ഒബ്ജക്ട്സ്–എൻഇഒ) കണ്ടെത്താൻ വൻ നിരീക്ഷണ സംവിധാനമാണ് നാസ ഉൾപ്പെടെ തയാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും നാസയെ വരെ ഞെട്ടിച്ചു കൊണ്ട് പല വസ്തുക്കളും ഭൂമിയുടെ തൊട്ടരികിലൂടെ കടന്നു പോയിട്ടുണ്ട്. അതും അവസാനനിമിഷം വരെ ഒരു ടെലസ്കോപ്പിന്റെ പോലും കണ്ണിൽപ്പെടാതെ. അത്തരമൊരു അവസ്ഥ ഇപ്പോൾ നേരിടുകയാണ്. ബഹിരാകാശത്തെ സാറ്റലൈറ്റുകൾക്കും മറ്റു പേടകങ്ങൾക്കും ഭീഷണിയായേക്കാവുന്ന ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തിന്റെ ഭീഷണിയെ നേരിടാനൊരുങ്ങുകയാണ് നാസയും സ്പേസ് എക്സും.

ഇത്തരമൊരു ദൗത്യത്തിനായി നാസ സ്പേസ് എക്സിനെയും കൂട്ടുപിടിക്കുകയായിരുന്നു. ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ ബഹിരാകാശ പേടകം ഉപയോഗിച്ച് ഗതിമാറ്റുകയാണ് ദൗത്യം. ഇതിനായി സ്പേസ് എക്സ് 2021 ല്‍ തന്നെ പദ്ധതി തുടങ്ങുമെന്നാണ് അറിയുന്നത്.

ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ ദൂരെയാണ് ഡിഡിമോസ് സഞ്ചരിക്കുന്നത്. എന്നാൽ ഇതിന്റെ ഗതിമാറി വന്നാൽ ഭൂമിയിൽ നിന്നു വിക്ഷേപിച്ചിട്ടുള്ള സാറ്റലൈറ്റുകൾക്കും മറ്റു പേടകങ്ങൾക്കും ഭീഷണിയാകും. ഇതൊഴിവാക്കാൻ വൻ ശക്തിയിൽ ഛിന്നഗ്രഹത്തെ പേടകം ഉപയോഗിച്ച് ഇടിച്ച് ഗതിമാറ്റി വിടാനാകുമെന്നാണ് കരുതുന്നത്. സെക്കൻഡിൽ 6 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകം ഛിന്നഗ്രഹത്തിൽ ഇടിക്കും. അത്യാധുനിക ക്യാമറകളും നാവിഗേഷൻ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് പേടകത്തെ നിയന്ത്രിക്കുക. 6.9 കോടി ഡോളറാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.

ഭൂമിയിൽ നിന്നുള്ള ഒരു വസ്തു ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ ഗതിമാറ്റുന്ന സംഭവം ഇത് ആദ്യമാണ്. 1996 ലാണ് അരിസോണ യൂണിവേഴ്സിറ്റി ഡിഡിമോസിനെ കണ്ടെത്തുന്നത്. 770 ദിവസങ്ങളെടുത്താണ് ഡിഡിമോസ് സൂര്യനെ ചുറ്റുന്നത്.

ഛിന്നഗ്രഹങ്ങളെ നേരിടാൻ വഴിതേടി നാസ

എപ്പോൾ വേണമെങ്കിലും ചെറുതോ, വലുതോ ആയ ഒരു ഉൽക്ക ആക്രമണം ഭൂമിക്കു നേരെ ഉണ്ടാകുമെന്നാണു ഗവേഷകരുടെ തന്നെ പ്രവചനം. അടുത്ത നൂറ്റാണ്ടിൽ ഇതു സംഭവിക്കുമെന്ന കാര്യം അവർ ഉറപ്പാക്കുന്നുമുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞർ ഇപ്പോഴും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വമ്പനൊരു ഉൽക്ക ഭൂമിക്കു നേരെ വന്നാൽ അതിനെ തകർക്കാനുള്ള ആണവ വഴികളും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. അതായത്, ബഹിരാകാശത്തു വച്ചു തന്നെ ഉൽക്കകളിലേക്കോ ഛിന്നഗ്രഹങ്ങളിലേക്കോ ഒരു അണ്വായുധം ഇടിച്ചു കയറ്റി സ്ഫോടനം നടത്തി അതിനെ തകർക്കുക. ഇത്തരത്തിൽ അണ്വായുധത്തെ വഹിച്ചു കൊണ്ടുപോകാനുള്ള പേടകത്തിനും രൂപം നൽകുകയാണ് ഗവേഷകരിപ്പോൾ. 

കൈനറ്റിക് ഇംപാക്ടർ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ തകർക്കാൻ സാധിക്കും. ശാസ്ത്രം നിർദേശിക്കുന്ന മികച്ച മാർഗവും ഇതു തന്നെയാണ്. വലുപ്പമേറിയ പേടകങ്ങൾ ഛിന്നഗ്രഹത്തിനു നേരെ അയച്ച് അവയുമായി കൂട്ടിയിടിപ്പിച്ച് വഴിമാറ്റി വിടുന്ന രീതിയാണിത്. എന്നാൽ അപ്രതീക്ഷിതമായെത്തുന്ന ഭീഷണികൾക്കു മുന്നിൽ ഇതു വിലപ്പോകില്ല. അത്തരം ഘട്ടത്തിലാണ് അണ്വായുധ പ്രയോഗം വേണ്ടി വരിക. ഈ അടിയന്തര ഘട്ടങ്ങൾക്കു വേണ്ടി നാസ തയാറാക്കിയ പേടകത്തിനു നൽകിയിരിക്കുന്ന പേരാണ് ഹാമ്മെർ– ഹൈപർവെലോസിറ്റി ആസ്റ്ററോയ്ഡ് മിറ്റിഗേഷൻ മിഷൻ ഫോർ എമർജൻസി റെസ്പോൺസ്. 8.8 ടണ്ണാണ് ഇതിന്റെ ഭാരം. ഒരു ചെറിയ ഛിന്നഗ്രഹത്തെയോ ഉൽക്കയെയോ അണ്വായുധം ഉപയോഗിച്ച് തകർക്കാനുള്ള ശേഷിയുണ്ട് ഈ പേടകത്തിന്. 

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ അളവനുസരിച്ചാണ് ഹാമ്മെറിന്റെ നിർമാണം. ഗവേഷകർ ഇന്നുവരെ നടത്തിയ പഠനങ്ങളിൽ നിന്ന്് ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുള്ള ഛിന്നഗ്രഹമാണ് ബെന്നു. 1600 അടി വീതിയുള്ള ഈ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് 2016ൽ നാസയുടെ ഒസിരിസ്–റെക്സ് എന്ന പേടകം പറന്നുയർന്നിട്ടുണ്ട്. സാംപിൾ ശേഖരണമാണു ലക്ഷ്യം. തിരികെ 2023ൽ ഇതു ഭൂമിയിലെത്തും. അടുത്തകാലത്തൊന്നും ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കുമെന്നതിന്റെ സൂചനയില്ല. പക്ഷേ അടുത്ത നൂറ്റാണ്ടിൽ ബെന്നു ഭൂമിയുമായൊന്നു തട്ടാൻ 2700ൽ ഒരു ശതമാനം എന്ന നിലയിൽ സാധ്യതയുണ്ടെന്നാണു നാസ വ്യക്തമാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഹാമ്മെറിനു രൂപം നൽകുന്നതും. 

കൈനറ്റിക് ഇംപാക്ടർ അല്ലെങ്കില്‍ ഹാമ്മെർ എന്നതായിരിക്കും ഛിന്നഗ്രഹത്തെ നേരിടാനുള്ള ഗവേഷകരുടെ മുന്നിലുള്ള ഭാവി പോംവഴികൾ. ഇതിലേതു വേണമെന്നതിനും ചില ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്– ഛിന്നഗ്രഹത്തിന്റെ വലുപ്പം, ഭാരം, ഭൂമിയിലേക്കു പതിക്കും മുൻപ് എത്ര സമയം അതിനെ പ്രതിരോധിക്കാനായി ലഭിക്കും എന്നിവയെല്ലാം പരിശോധിക്കണം. അപ്പോഴും അപ്രതീക്ഷിത വെല്ലുവിളികളും ധാരാളം. ബഹിരാകാശത്ത് എണ്ണിയാലൊടുങ്ങാത്ത എൻഇഒകൾ കറങ്ങി നടക്കുന്നതിനിടെ ഹാമ്മെർ ഭൂമിക്ക് അത്യാവശ്യമാണെന്നാണു ഗവേഷകരുടെ പക്ഷം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA