ADVERTISEMENT

ബഹിരാകാശത്തു സഞ്ചരിക്കുന്ന മനുഷ്യനിമിത ഉപഗ്രഹങ്ങളുടെ അവിശിഷ്ടങ്ങൾ തീര്‍ക്കുന്ന വലയം ഭൂമിക്ക് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അമേരിക്കന്‍ സേനയുടെ മുന്നറിയിപ്പ്. പത്തു വര്‍ഷം മുൻപ് വിക്ഷേപിച്ച അറ്റ്‌ലസ് വി സെന്റൊര്‍ (Atlas V Centaur) റോക്കറ്റിന്റെ മുകള്‍ ഭാഗം ബഹിരാകാശത്ത് ചീറിപ്പാഞ്ഞു നടക്കുന്നതിന്റെ വിഡിയോ പുറത്തു വന്നതിനു ശേഷമാണ് അവര്‍ ഈ മുന്നറിയിപ്പു നല്‍കിയത്. ഡെയ്‌മോസ് സ്‌കൈ സര്‍വെ (Deimos Sky Survey) നടത്തിയ കണ്ടെത്തലുകളുടെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം 1 അടിയിലേറെ വലുപ്പമുള്ള 40 മുതല്‍ 60 കഷ്ണങ്ങള്‍ വരെ ബഹിരാകാശത്തുണ്ട്. 

 

അതേസമയം, അമേരിക്കയുടെ ഒരു ഉന്നത സൈനികോദ്യോഗസ്ഥന്‍ പറഞ്ഞത് ബഹിരാകാശത്ത് ഭൂമിക്കുണ്ടാകാവുന്ന പ്രധാന ഭീഷണി മനുഷ്യ പര്യവേക്ഷണത്തില്‍ ഉപേക്ഷിക്കേണ്ടിവന്ന 'ആക്രി' സാധനങ്ങൾ ആയിരിക്കാമെന്നാണ്. അമേരിക്കന്‍ വ്യോമസേന ജനറല്‍ ജോണ്‍ ഹൈറ്റണ്‍ പറയുന്നത് ഭൂമിയെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ സാരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇത് ഗൗരവത്തിലെടുക്കണമെന്നുമാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിലാണ് സമീപകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു സ്‌പെയ്‌സ് ഫോഴ്‌സ് (ബഹിരാകാശ സേന) രൂപീകരിക്കുന്ന കാര്യം പറഞ്ഞത്.

 

ബഹിരാകാശത്ത് നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാനായി നിയമങ്ങള്‍ കൊണ്ടുവരണമെന്നും രാജ്യാന്തര തലത്തില്‍ അവ സംരക്ഷിക്കപ്പെടണമെന്നും ഹൈറ്റണ്‍ പറയുന്നു. നിയമങ്ങള്‍ തുടങ്ങേണ്ടത് ബഹിരാകാശത്ത് അലഞ്ഞു തിരിയുന്ന അവശിഷ്ടങ്ങളില്‍ നിന്നാണ്. ഇനി ബഹാരാകാശത്ത് അവശിഷ്ടങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറയുന്നു. ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ പെരുകാനുള്ള സാധ്യത കൂടുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സാറ്റലൈറ്റുകളും മറ്റും കൂടുതല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതൊക്കെയാണെങ്കിലും ഇന്ത്യ നടത്തിയ ആന്റി-സാറ്റലൈറ്റ് പരീക്ഷണമാണ് ഈ പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയിരിക്കുന്നതെന്നും കാണാം.

 

കഴിഞ്ഞായാഴ്ചയാകട്ടെ ഒരു റോക്കറ്റില്‍ നിന്നും അവശിഷ്ടങ്ങള്‍ തെറിക്കുന്നതിന്റെ വിരളമായ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ അവശിഷ്ടങ്ങള്‍ പ്രകാശമാനമായ വെളുത്ത വൃത്തങ്ങളായി കാണാം. ഇതെക്കുറിച്ചു പഠിക്കാന്‍ ശാസ്ത്രജ്ഞാന്മാര്‍ക്ക് നല്ല അവസരമാണ് കിട്ടിയിരിക്കുന്നത്. എങ്ങനെയാണ് ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ ഉണ്ടാകുന്നതെന്ന് പഠിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇതുപകരിക്കുമെന്നു കരുതുന്നു.

 

ഇന്ത്യ നടത്തിയ ആന്റി-സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണത്തെ നാസ വിമര്‍ശിച്ചിരുന്നു. നുറുകണക്കിനു നുറുങ്ങുകളെയാണ് ഇത് ബഹിരാകാശത്ത് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്. ഇത് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിനു പോലും ഭീഷണിയാകാമെന്ന് അവര്‍ പറയുന്നു. 2007ല്‍, ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയ ചൈന 3,000 കഷ്ണങ്ങളാണ് ബഹിരാകാശത്ത് അഴിച്ചുവിട്ടത്. ഇപ്പോള്‍ത്തന്നെ, 12,000ലേറെ ഇത്തരം കഷ്ണങ്ങള്‍ കറങ്ങുന്നു എന്നാണ് കണക്ക്. ഇവ പ്രധാനപ്പെട്ട സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ക്ക് ഭീഷണിയാണ്. വ്യോമ വാഹനങ്ങളുടെ വിഷേപണത്തിനും തിരിച്ചിറക്കലിനും ഇവ പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം കൃത്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനായിട്ടില്ല എന്നതാണ് ശാസ്ത്രജ്ഞരെ കുഴക്കുന്ന കാര്യം. ഏറ്റവുമധികം അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് അവശേഷിപ്പിച്ചത് അമേരിക്ക തന്നെയാണ്. രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് ചൈനയുമുണ്ട്.

space-junk

 

പരിഹാരമാര്‍ഗ്ഗങ്ങള്‍

 

വല ഉപയോഗിച്ച് കറങ്ങി നടക്കുന്ന ഇവയെ പിടിച്ച് ഭൂമിയുടെ വായുമണ്ഡലത്തിലേക്കു കൊണ്ടുവരിക എന്നതാണ് ഒരു നിര്‍ദ്ദേശം. അവ കത്തിപ്പോകുമെന്നു കരുതുന്നു. മറ്റൊന്ന് ഹാര്‍പൂണ്‍ പോലെ എന്തെങ്കിലും ഉപയോഗിച്ച് ഇവ ഒന്നൊന്നായി കൊത്തിയെടുത്തു നശിപ്പിക്കുക എന്നതാണ്. സമീപകാലത്ത് പറഞ്ഞുകേട്ട മറ്റൊരു സാധ്യത ലെയ്‌സര്‍ ഉപയോഗിച്ച് ബാഷ്പീകരിക്കുക എന്നതാണ്. പരിഹാരമാര്‍ഗ്ഗം എന്താണെങ്കിലും അതൊരു രാജ്യാന്തര കൂട്ടായ്മയിലൂടെ മാത്രമെ നടത്താനാകൂ.

 

എന്താണ് സ്‌പെയ്‌സ് ജങ്ക്?

 

നേരത്തെ പറഞ്ഞതു പോലെ ബഹിരാകാശത്തേക്ക് അയച്ചതും മറ്റുമായ ഉപഗ്രഹങ്ങളുടെയും മറ്റും കഷ്ണങ്ങളാണ് ഇത്. വലുതും ചെറുതുമായ 170 ദശലക്ഷം കഷ്ണങ്ങള്‍ ബഹിരാകാശത്തുണ്ട് എന്നാണ് കണക്ക്. ഇവയില്‍ മിക്കതും മനുഷ്യരുടെ ഓരോ ബഹിരാകാശ ദൗത്യത്തിന്റെയും ബാക്കിപത്രങ്ങളാണ്. ഇതില്‍ റോക്കറ്റുകളുടെ വലിയ കഷ്ണങ്ങള്‍ മുതല്‍ കട്ടിപിടിച്ച പെയ്ന്റിന്റെ കഷണങ്ങള്‍ വരെയുണ്ട്. ഇവയ്‌ക്കൊപ്പം 700 ബില്ല്യന്‍ ഡോളറിന്റെ സ്‌പെയ്‌സ് അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അപകടകാരികളായ കഷണങ്ങളില്‍, 22,000 എണ്ണം മാത്രമെ കണ്ടെത്തിയിട്ടുള്ളു. ഇവ മണിക്കൂറില്‍ 27,000 മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അപ്പോള്‍ ചെറിയ കഷ്ണങ്ങള്‍ക്കു പോലും സാറ്റലൈറ്റുകളെ നശിപ്പിക്കാനാകുമെന്നു കാണാം. എന്നാല്‍ ബഹിരാകാശത്താകയാല്‍ ഇവയെ ശേഖരിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ഫലവത്തല്ലെന്നു കാണം. കാന്തമുപയോഗിച്ചും മറ്റും ആകര്‍ഷിച്ചെടുക്കാനുള്ള ശ്രമങ്ങളും ഫലിക്കില്ല.

 

ഹാര്‍പൂണ്‍ ഉപയോഗിച്ചു കൊത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു സാധിച്ചില്ലെങ്കില്‍ ജങ്ക് ദിശമാറി പോകാം. ഈ പ്രശ്‌നം വഷളാക്കിയ രണ്ടു സംഭവങ്ങളാണുള്ളത്. 2009ല്‍ ഇറിഡിയം ടെലികോംസ് സാറ്റലൈറ്റും റഷ്യയുടെ മിലിറ്ററി സാറ്റലൈറ്റ് ആയ കോസ്‌മോസ്-2251മായി കൂട്ടിയിടിച്ചു. മറ്റൊന്ന്, 2007ല്‍ ചൈന ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com