ADVERTISEMENT

അമേരിക്കയുടെ നാഷണല്‍ ഏയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (NASA) 2009നും 2011നും ഇടയ്ക്ക് അയച്ച റോക്കറ്റുകളില്‍ പലതും നിലം പൊത്തി. ഇതു മൂലമുണ്ടായ നഷ്ടം 70 കോടി ഡോളറാണ് (ഏകദേശം 4,857 കോടി രൂപ) എന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. ഇതിന്റെ കാരണമാണ് ഏറ്റവും രസം. ഒരു വ്യാജ കമ്പനിയാണ് നാസയ്ക്ക് ഘടകഭാഗങ്ങള്‍ എത്തിച്ചു കൊടുത്തത്! ഒറിഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സപാ പ്രൊഫൈല്‍സ് (Sapa Profiles, Inc. (SPI)) ആണ് നാസയുടെ റോക്കറ്റ് നിര്‍മാണത്തിന് അലുമിനിയം ഭാഗങ്ങള്‍ ഉണ്ടാക്കി നല്‍കിയത്.

തകരാറു വരാന്‍ സാധ്യതയുള്ള സാധനങ്ങള്‍ രണ്ടു പതിറ്റാണ്ടായി നാസയ്ക്കു നല്‍കി വന്നിരുന്നതായി ഈ കമ്പനി ഇപ്പോള്‍ കോടതിയില്‍ സമ്മതിച്ചിരിക്കുകയാണ്. അമേരിക്കയുടെ പ്രതിരോധ വകുപ്പിനും ഈ കമ്പനി സാധനങ്ങള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സ്പാ പ്രൊഫൈല്‍സിന്റെ ഉടമയായ നോര്‍സ്‌ക ഹൈഡ്രോയോട് 46 മില്ല്യന്‍ ഡോളര്‍ പിഴയടയ്ക്കാന്‍ വിധി വന്നിട്ടുണ്ട്. കമ്പനിയുടെ ലാബിന്റെ സൂപ്പര്‍വൈസര്‍ ഡെനിസ് ബാലിയസിന് മൂന്നു വര്‍ഷം തടവു ശിക്ഷയും വിധിച്ചു.

ചതിയിൽ കുടുങ്ങി നൂറു കണക്കിനു കമ്പനികൾ

നാസയ്ക്കും പ്രതിരോധ വകുപ്പിനും മാത്രമല്ല 450 തോളം ഉപഭോക്താക്കൾക്കായി സുരക്ഷിതല്ലാത്ത, ഗുണനിലവാരമില്ലാത്ത, നിര്‍മാണ യോഗ്യമല്ലാത്ത ഘടകഭാഗങ്ങള്‍ നല്‍കുക വഴി കോടിക്കണക്കിനു ഡോളര്‍ നഷ്ടമാണ് ഈ കമ്പനി ഉണ്ടാക്കി വച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ നിന്നു ഘടകഭാഗങ്ങള്‍ വാങ്ങിയിരുന്ന ആരും തന്നെ ടെസ്റ്റു ചെയ്യാതെയല്ല വാങ്ങിയത്. എന്നാല്‍ ടെസ്റ്റിങ്ങിലാണ് കബളിപ്പിക്കല്‍ നടന്നുകൊണ്ടിരുന്നതും. പരീക്ഷണ ഫലം കൃത്രിമമായി സൃഷ്ടിച്ചാണ് ഇവര്‍ മോശം ഭാഗങ്ങളുടെ വില്‍പന നടത്തി വന്നത്. രണ്ടു പതിറ്റാണ്ടിലേറയായി നിലവാരമില്ലാത്ത ഘടകഭാഗങ്ങള്‍ ഉണ്ടാക്കി നൂറു കണക്കിനു കമ്പനികള്‍ക്കു നല്‍കി ഉല്‍പാദനം കൂട്ടിക്കാണിക്കുകയും ഉല്‍പാദനത്തിന് ആനുപാതികമായ ബോണസ് തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന, നാസയുടെ റോക്കറ്റായ റ്റാറസ് എക്‌സ്എല്‍ (Tarus XL) റോക്കറ്റില്‍ (പിന്നീട് ഇതിനെ മിനോടോര്‍-സി എന്നു നാമകരണം ചെയ്തിരുന്നു) സ്പാ പ്രൊഫൈല്‍സ് നല്‍കിയ ഗുണനിലവാരമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഈ റോക്കറ്റിന്റെ അലൂമിനിയം ഭാഗങ്ങളാണ് സ്പാ പ്രൊഫൈല്‍സ് നല്‍കിയത്. 2009ല്‍ വിക്ഷേപിച്ച ഈ റോക്കറ്റ് നാസയുടെ ഒര്‍ബിറ്റിങ് കാര്‍ബണ്‍ ഒബസര്‍വേറ്ററിയെയാണ് ഭ്രമണപഥത്തിലെത്തിക്കാന്‍ ശ്രമിച്ചത്. അത് പരാജയപ്പെട്ടു. വേണ്ട സമയത്ത് അലൂമിനിയം ഭാഗങ്ങൾ വേര്‍പ്പെടുത്താനാകാത്തതു കൊണ്ട് ഗതി നഷ്ടപ്പെട്ട് ഭൂമിയിലേക്കു പതിക്കുകയായിരുന്നു. 2011ല്‍ നാസയുടെ സയന്റിഫിക് സാറ്റ്‌ലൈറ്റായ ഗ്ലോറിയുടെ വിക്ഷേപണത്തിലും ഇതാവര്‍ത്തിക്കപ്പെട്ടു. ഇതിന്റെ രണ്ടിന്റെയും കൂടെ നഷ്ടമാണ് 700 മില്ല്യന്‍ ഡോളര്‍.

റ്റാറസ് എക്‌സ്എല്‍ തകര്‍ന്നതിനെപ്പറ്റി നടത്തിയ അന്വേഷണം അലൂമിനിയം ജോയിന്റുകളുടെ ക്ഷമതക്കുറവാണ് കാരണമെന്നു കണ്ടെത്തിയിരുന്നു. ഇത് പിന്നീട് സ്വതന്ത്ര ടെസ്റ്റു നടത്തിയപ്പോള്‍ സ്പാ പ്രൊഫൈല്‍സ് നല്‍കിയ ടെസ്റ്റ് റിസള്‍ട്ടുകള്‍ തെറ്റായിരുന്നുവെന്നു കണ്ടെത്തി. അതിനു നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകളും തെറ്റായിരുന്നു. ഈ കണ്ടെത്തലുകള്‍ നാസയ്ക്കു കൈമാറുകയും പിന്നീട് അവര്‍ നടത്തിയ അന്വേഷണങ്ങളില്‍ സ്പാ പ്രൊഫൈല്‍സ് 1996നും 2015നും ഇടയ്ക്കു നല്‍കിയ പല പ്രമാണങ്ങളും തെറ്റായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. അവര്‍ നല്‍കിയ അലൂമിനിയം ലോഹത്തിന്റെ ശക്തി (tensility) നാസയ്ക്കു വേണ്ട തരത്തിലുളളതായിരുന്നില്ലെന്നു കണ്ടെത്തി. സ്പാ പ്രൊഫൈല്‍സ് തങ്ങളുടെ പ്രമാണങ്ങളില്‍ ഇതു തെറ്റായി കാണിക്കുകയായിരുന്നു. ഇതു തന്റെ പിഴയാണെന്ന് ഏറ്റു പറഞ്ഞതിനാണ് സൂപ്പര്‍ വൈസര്‍ ഡെനിസിന് മൂന്നു വര്‍ഷം തടവു കിട്ടിത്. കമ്പനി നല്‍കിയ ടെസ്റ്റ് റിസള്‍ട്ടുകള്‍ നാസ വിശ്വസിക്കുകയായിരുന്നു.

കമ്പനികളുടെയും വ്യക്തികളുടെയും ആര്‍ത്തിയാണ് ഇതിനു വഴിവച്ചത്. ഇതിലൂടെ സർക്കാരിനും നിരവധി സ്വകാര്യ കമ്പനികള്‍ക്കും നഷ്ടം നേരിട്ടുവെന്നു നിരീക്ഷിക്കപ്പെടുന്നു. എന്താണു നടക്കുന്നതെന്നു മനസ്സിലാക്കിയ സ്പായുടെ തന്നെ ജോലിക്കാര്‍ ഇതിനെതിരെ രംഗത്തു വ്ന്നിരുന്നെങ്കിലും അവരും അടിച്ചമര്‍ത്തപ്പെടുകയായിരുന്നു.

രണ്ടു റോക്കറ്റുകളുടെയും പരാജയത്തെ പറ്റി തങ്ങള്‍ അര്‍പ്പണ ബുദ്ധിയോടെയാണ് അന്വേഷിച്ചത്. അത്രമേല്‍ നിരാശാജനകമായിരുന്നു അവയുടെ പരാജയങ്ങള്‍. എവിടെയാണു പാളിച്ച പറ്റിയത് എന്നറിയാന്‍ സൂക്ഷ്മമായ അന്വേഷണമാണ് നടത്തിയത്. ഇതിനായി ഒരുപാടു സമയവും അധ്വാനവും വേണ്ടിവന്നു. എന്നാല്‍ അതൊരു നഷ്ടമായി ഞങ്ങള്‍ കാണുന്നില്ല. തെറ്റു പറ്റിയത് എവിടെയാണെന്നു കണ്ടെത്താനായതില്‍ ഞങ്ങള്‍ സംതൃപ്തരാണ്, നാസയുടെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com