sections
MORE

പറക്കുന്ന നഗരങ്ങളിൽ ഒരു കോടി ജനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഭയക്കേണ്ടതില്ല

blue-origin-1
SHARE

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് കഴിഞ്ഞയാഴ്ച്ചയിലാണ് തന്റെ സ്വപ്‌ന പദ്ധതികളെക്കുറിച്ച് മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ലൂണാര്‍ ലാണ്ടര്‍ എന്ന വ്യോമയാന കമ്പനി വര്‍ഷങ്ങളായി നടത്തുന്ന രഹസ്യ ഗവേഷണങ്ങളുടെ വിശദാംശങ്ങളാണ് ജെഫ് ബെസോസ് പറഞ്ഞത്. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്നതിനൊപ്പം ഒരു കോടി വരെ മനുഷ്യര്‍ പാര്‍ക്കുന്ന ബഹിരാകാശ കോളനികളാണ് ബെസോസിന്റെ സ്വപ്‌നത്തിലുള്ളത്.

പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ജെഫ് ബെസോസിനെ പഠിപ്പിച്ച ഭൗതികശാസ്ത്രജ്ഞന്‍ ജെറാര്‍ഡ് ഒ നീലിന്റെ സ്വപ്‌നങ്ങളാണ് ജെഫ് ബെസോസ് യാഥാര്‍ഥ്യമാക്കാനൊരുങ്ങുന്നത്. വന്‍ നഗരങ്ങളും കൃഷിയിടങ്ങളും ദേശീയ പാര്‍ക്കുകളും അടക്കമുള്ള ബഹിരാകാശ കോളനികളാണ് ബെസോസ് സ്വപ്‌നം കാണുന്നത്. ഭൂമിയില്‍ നിന്നും അധികം അകലെയല്ലാതെയാകും ഇത്തരം ബഹിരാകാശ കോളനികള്‍ സ്ഥാപിക്കുക. ഇതോടെ ഭൂമിയില്‍ നിന്ന് ബഹിരാകാശ കോളനിയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അധികം സമയം പോലും വേണ്ടി വരില്ല. 

blue-origin-2

ഇത്തരം കോളനികളില്‍ എല്ലാക്കാലത്തും സുഖകരമായ കാലാവസ്ഥയാകുമെന്നും ഭൂമികുലുക്കമോ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒരിക്കലും ഉണ്ടാകില്ലെന്നും ജെഫ് ബെസോസ് അവകാശപ്പെടുന്നു. ഭൂമിക്ക് പുറത്ത് വിവിധ ബഹിരാകാശ കോളനികളില്‍ ഒരു കോടി മനുഷ്യരെ വരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 1970ലാണ് ബെസോസിന്റെ മുന്‍ അധ്യാപകനായ ഒ നീല്‍ ഇത്തരമൊരു ബഹിരാകാശ കോളനിയെന്ന സ്വപ്‌ന പദ്ധതിയെക്കുറിച്ച് ആദ്യം പറയുന്നത്. 

കിലോമീറ്ററുകള്‍ നീണ്ട നിര്‍മിതികളായിരിക്കും ഇത്തരം ബഹിരാകാശ കോളനികള്‍. ഓരോന്നിലും ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് താമസിക്കാനാകും. എല്ലാ കോളനികളിലും ഒരേ ഗുരുത്വമായിരിക്കില്ല. ചില ബഹിരാകാശ കോളനികളില്‍ ഗുരുത്വം പൂജ്യമായിരിക്കും. അതായത് ഇത്തരം കോളനികളില്‍ മനുഷ്യര്‍ക്ക് പറന്നു നടക്കാനാകുമെന്നര്‍ഥം. മനുഷ്യര്‍ ജീവിക്കാനാഗ്രഹിക്കുന്ന സുന്ദര ലോകം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബെസോസ് പറയുന്നു. 

blue-origin

ഭൂമിയില്‍ നിന്നും മാറി സ്വയം പര്യാപ്തമായ ഒരു ബഹിരാകാശ കോളനി എന്നതല്ല തന്റെ സ്വപ്‌നമെന്ന് ജെഫ് ബെസോസ് വ്യക്തമാക്കുന്നുണ്ട്. കാരണം ഭൂമിയില്‍ നിന്നും വിട്ടുപോകാന്‍ താത്പര്യമില്ലാത്തവരായിരിക്കും ഭൂരിഭാഗം പേരും അതുകൊണ്ടുതന്നെ ഒരു യാത്ര പോകുന്നതുപോലെ ഇത്തരം ബഹിരാകാശ കോളനികളിലേക്ക് പോകാനാകും. മാത്രമല്ല ഓരോ കോളനികളും തമ്മില്‍ അധികം ദൂരമില്ലാത്തതിനാല്‍ വണ്‍ ഡേ ട്രിപ്പ് പോലെ കോളനികളില്‍ നിന്നും കോളനികളിലേക്ക് പോകാനും സാധിക്കും. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ സ്വപ്ന ലോകം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും കടമ്പകള്‍ നിരവധിയാണെന്ന് ബെസോസ് തന്നെ സമ്മതിക്കുന്നുണ്ട്. നിലവില്‍ ഇത്തരം ബഹിരാകാശ കോളനികളിലേക്ക് പോകണമെങ്കില്‍ വലിയ തുക മുടക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള സ്വപ്‌ന പദ്ധതിയെക്കുറിച്ചും ജെഫ് ബെസോസ് പറഞ്ഞു. ചടങ്ങിനിടെ ബ്ലൂ മൂണ്‍ എന്ന ചാന്ദ്ര ദൗത്യത്തിനുപയോഗിക്കുന്ന ബഹിരാകാശ യാനത്തിന്റെ മാതൃകയും അദ്ദേഹം പുറത്തിറക്കിയിരുന്നു. 

blue-origin-3

2024ല്‍ ചന്ദ്രനില്‍ ഇറങ്ങാനാകുന്ന രീതിയിലാണ് ബ്ലൂമൂണ്‍ പദ്ധതി പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രഹസ്യമായി തങ്ങളുടെ ചാന്ദ്ര ദൗത്യമടക്കമുള്ള മേഘലകളില്‍ ഗവേഷണം നടക്കുന്നുണ്ടെന്നും ജെഫ് ബെസോസ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA