ADVERTISEMENT

തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ തൂക്കം ഇനി പഴയ പോലെ ആകില്ല. പുതിയ കിലോഗ്രാം മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ ദൈനംദിന ജീവിതത്തെ ഈ മാറ്റം ബാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത.‍ ‍‍‍‍‍‍‍‍‍‍‍കിലോഗ്രാമിന്റെ അളവിലൊന്നും മാറ്റം സംഭവിക്കുന്നില്ല. നിലവിലെ അളവു മെഷീനുകളും തൂക്ക കട്ടികളും ത്രാസുകളും ഉപയോഗിക്കാം. മാറ്റം വന്നത് കിലോഗ്രാമിന്റെ നിർവചനത്തിനു മാത്രെന്ന് ചുരുക്കം.

കഴിഞ്ഞ വര്‍ഷം നടന്ന ജനറൽ കോൺഫറൻസ് ഓൺ വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് കിലോഗ്രാമിന്റെ തൂക്കത്തിനെതിരെ വോട്ടിനിട്ടിരുന്നു. ഇതോടെയാണ് ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി നിർവചിച്ച അവസാനത്തെ അളവുകോലും ഇല്ലാതായത്. പകരം, മീറ്റർ പോലെ, സെക്കൻഡ‍് പോലെ തികച്ചും ശാസ്ത്രീയമായ, അണുവിട പിഴയ്ക്കാത്ത പുതിയൊരു ഘടകം കിലോഗ്രാമിന് എത്ര തൂക്കം എന്നു നിർണയിക്കുന്നതാണ്. 300 വർഷത്തിലേറെയായി ലോകത്ത് പ്രചാരത്തിലിരിക്കുന്ന കിലോഗ്രാം ആണ് ന്യൂജെൻ ആയി മാറിയത്. ഇതോടെ 110 വർഷമായി കിലോഗ്രാമിന്റെ തൂക്കം നിർണയിച്ചിരുന്ന പാരിസിലെ ലോഹസിലിണ്ടർ ചരിത്രത്തിന്റെ ഭാഗമായി.

കിലോഗ്രാമിന്റെ അടിസ്ഥാനം അഥവാ പ്രോട്ടോടൈപ്പ് ആയി ഇതുവരെ ഉപയോഗിച്ചിരിക്കുന്നത് പാരിസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനവും ഇറിഡിയവും ചേർന്ന ഈ ലോഹപിണ്ഡമാണ്. ഇതിന്റെ തൂക്കമാണ് ഒരു കിലോഗ്രാമായി കണക്കാക്കിയിരിക്കുന്നത്. 1795ൽ ലൂയീസ് പതിനാറാമൻ രാജാവ് ഏർപ്പെടുത്തിയ ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിച്ചു. പൂജ്യം ഡിഗ്രിയിൽ ഒരു ലീറ്റർ വെള്ളത്തിന്റെ ഭാരത്തെയാണ് ആദ്യം ഒരു കിലോഗ്രാമായി കണക്കാക്കിയത്. 

അതിന്റെ അപ്രായോഗികത കണക്കാക്കി ലോഹപിണ്ഡത്തിലേക്കു മാറി. ഇപ്പോൾ അടിസ്ഥാനമാക്കിയിരിക്കുന്ന സിലിണ്ടർ 110 വർഷമായി ലോകത്ത് കിലോഗ്രാമിന്റെ പ്രോട്ടോടൈപ്പ് ആണ്. എന്നാൽ, കാലപ്പഴക്കം മൂലം ഈ സിലിണ്ടറിൽ വരുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തിൽ മാറ്റം വരുത്തിത്തുടങ്ങിയതോടെയാണ് ക്ലിപ്തവും ശാസ്ത്രീയവുമായ മാർഗങ്ങളെക്കുറിച്ച് ആലോചന തുടങ്ങിയത്. പ്രകാശവേഗം അടിസ്ഥാനമാക്കിയ പ്ലാൻക്സ് കോൺസ്റ്റന്റ് ഉപയോഗിച്ചാണ് കിലോഗ്രാമിന്റെ പ്രോട്ടോടൈപ്പ് നിർവചിക്കുന്നത്. 

അതേസമയം, ഒരു കിലോഗ്രാമിനു തുല്യമായ പിണ്ഡം സൃഷ്ടിക്കാൻ ഗുതുത്വാകർഷണത്തിനു തത്തുല്യമായ ഇലക്ട്രോമാഗ്നെറ്റിക് ശക്തി സൃഷ്ടിക്കാനാവശ്യമായ വൈദ്യുതി ഉപയോഗിച്ചുള്ള മാർഗവും നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com