ADVERTISEMENT

ഉരുകി തീര്‍ന്നാല്‍ ചുവന്ന ഗ്രഹത്തെ മുഴുവനായും അഞ്ച് അടി ഉയരത്തില്‍ മുക്കാന്‍ ശേഷിയുള്ള മഞ്ഞ് നിക്ഷേപം ചൊവ്വയില്‍ കണ്ടെത്തി. ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിലാണ് ഈ വന്‍ ഹിമനിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനെ അപേക്ഷിച്ച് ചുരുങ്ങിയതും മെഴുകു രൂപത്തിലുമാണ് ചൊവ്വയിലെ മഞ്ഞുനിക്ഷേപം. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം ആഴത്തില്‍ മണ്ണും മഞ്ഞും ചേര്‍ന്ന രൂപത്തിലാണ് ഈ ഹിമനിക്ഷേമുള്ളത്.

 

നാസയുടെ ചൊവ്വാ നിരീക്ഷണ വാഹനത്തിന്റെ ഈ കണ്ടെത്തല്‍ വലിയ അദ്ഭുതത്തോടെയാണ് ശാസ്ത്രലോകം സ്വീകരിച്ചിരിക്കുന്നത്. ചൊവ്വയിലെ ജലസാന്നിധ്യം തന്നെ വലിയ കാര്യമാണെന്നിരിക്കെയാണ് ചൊവ്വയെ അടിമുടി വെള്ളത്തില്‍ മൂടാന്‍ ശേഷിയുള്ള  വന്‍ മഞ്ഞു നിക്ഷേപം തന്നെ കണ്ടെത്തിയിരിക്കുന്നത്. ഇത്രയേറെ വലിയ മഞ്ഞുശേഖരം ചൊവ്വയില്‍ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗിയോഫിസിക്‌സ് സര്‍വകലാശാലയിലെ റിസര്‍ച്ചര്‍ സ്റ്റെഫാനോ നെറോസി പ്രതികരിച്ചത്. 

mars

കഴിഞ്ഞ ഹിമയുഗത്തില്‍ ഉണ്ടായ മഞ്ഞ് നിക്ഷേപം ധ്രുവപ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുകയും ചൂടിനെയും റേഡിയേഷനേയും അതിജീവിക്കുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ നിഗമനം. അരലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വയില്‍ നിന്നും വന്‍ മഞ്ഞു നിക്ഷേപങ്ങള്‍ അപ്രത്യക്ഷമായെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപരിതലത്തില്‍ കാണുന്നതിനേക്കാള്‍ മഞ്ഞു നിക്ഷേപം ചൊവ്വക്കുള്ളിലുണ്ടാകുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

 

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബഹിരാകാശ ഏജന്‍സികളും കമ്പനികളും വ്യാപകമായി നടത്തുന്നതിനിടയിലെ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നുറപ്പ്. ചൊവ്വയില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധ്യമായ കോളനിയുടെ മാതൃക തയാറാക്കിയ കമ്പനിക്ക് അടുത്തിടെയാണ് നാസ അഞ്ച് ലക്ഷം ഡോളര്‍ ഇനാം നല്‍കിയത്. സ്വകാര്യ ബഹിരാകാശ കമ്പനികളായ സ്‌പേസ് എക്‌സ് ചൊവ്വാ, ചാന്ദ്ര ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള വഴിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com