sections
MORE

ആകാശത്തെ ‘സാറ്റലൈറ്റ് ട്രെയിൻ’ ഭീഷണിയാകുമെന്ന് ഗവേഷകർ, ഭയക്കാനില്ലെന്ന് മസ്ക്

starlink
SHARE

അമേരിക്കൻ കമ്പനി സ്പേസ് എക്സിന്റെ ബഹിരാകാശ ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർ‌ലിങ്ക് സാറ്റലൈറ്റിന്റെ വിക്ഷേപണം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തയിലുണ്ട്. 12,000 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യപടിയായി 60 സാറ്റലൈറ്റുകള്‍ സ്പേസ് എക്സ് വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ വലിയ തോതില്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത് വാനനിരീക്ഷണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. 

നിലവില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവുന്ന ഉയരത്തിലാണ് സ്പേസ് എക്സിന്റെ  സാറ്റലൈറ്റുകളുള്ളത്. ആകാശത്ത് ഒരു ട്രെയിനിന്റെ രൂപത്തില്‍ പോകുന്ന ഈ സാറ്റലൈറ്റുകളുടെ ചിത്രമെടുത്ത് പലരും സോഷ്യൽമീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സാറ്റലൈറ്റുകള്‍ പ്രതീക്ഷിച്ചതിലും തിളക്കമുള്ളതാണെന്നും ഇത് വാനനിരീക്ഷണത്തെ പോലും അലോസരപ്പെടുത്തുന്നു എന്നതുമാണ് പുതിയ ആശങ്കയുടെ അടിസ്ഥാനം. 

ഭൂമിയില്‍ നിന്നു ദൂരദർശിനികളും മറ്റും ഉപയോഗിച്ച് പ്രകാശവർഷങ്ങള്‍ അകലെയുള്ള ഗ്രഹങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും നിരീക്ഷിക്കുമ്പോള്‍ ഈ സാറ്റലൈറ്റുകള്‍ കണ്ണിലെ കരടാകുന്നുവെന്നാണ് സസക്സ് സർവകലാശാലയിലെ ഡാരന്‍ ബാസ്കില്‍ അടക്കമുള്ളവരുടെ അഭിപ്രായം. നിലവിലെ സാറ്റലൈറ്റുകള്‍ തന്നെ പലപ്പോഴും വാനനിരീക്ഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. 

ആധുനിക ദൂരദർശനികള്‍ ഉപയോഗിച്ച് നീണ്ടു നിൽക്കുന്ന എക്സ്പോഷറിലാണ് വാനനിരീക്ഷകര്‍ പല ചിത്രങ്ങളും എടുക്കുന്നത്. പരമാവധി വെളിച്ചം ലഭിക്കുന്നതിന് വേണ്ടിയാണിത്. മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ട സമയമെടുത്താണ് ഈ ചിത്രമെടുപ്പ്. ഇതിനിടെ ചിത്രങ്ങളുടെ ഭാഗത്ത് സാറ്റലൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ചിത്രത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും. 

പ്രകാശവർഷങ്ങൾക്കപ്പുറത്തെ നക്ഷത്ര സമൂഹങ്ങളുടെ വ്യക്തമായ ചിത്രങ്ങളില്‍ നിന്നും ഗ്രഹങ്ങളിലെ വാതകങ്ങളുടെ സാന്നിധ്യം വരെ പ്രപഞ്ച നിരീക്ഷകർക്ക് തിരിച്ചറിയാനാകും. ചിത്രങ്ങളിലെ നിറങ്ങളുടെ സാന്നിധ്യമുപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. തിളക്കമുള്ള സാറ്റലൈറ്റുകള്‍ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് അന്തിമഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

നിലവില്‍ അയ്യായിരത്തോളം മനുഷ്യ നിർമിത ഉപഗ്രഹങ്ങള്‍ ഭൂമിയെ വലംവെക്കുന്നുണ്ട്. ഇതില്‍ രണ്ടായിരത്തോളം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം ബഹിരാകാശ മാലിന്യത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് പദ്ധതിയിലൂടെ 12,000 സാറ്റലൈറ്റുകളാണ് ആകാശത്തെത്തുക. ഇത് ബഹിരാകാശ മാലിന്യം വർധിപ്പിക്കുമെന്ന ആശങ്കയും ഉയർത്തിയിരുന്നു. 

എന്നാല്‍ കാലാവധി കഴിയുന്ന സ്റ്റാർലിങ്ക് സാറ്റലൈറ്റുകള്‍ സ്വയം തകർന്ന് ഭൂമിയിലേക്ക് വീഴുമെന്നാണ് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്കിന്റെ അവകാശവാദം. എന്നാല്‍ നിലവിലുള്ള സാറ്റലൈറ്റുകള്‍ ഒന്നും വാനനിരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെങ്കില്‍ അതുപോലെ തന്നെയാകും സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ ഉയരത്തിലാണ് ഇവയുടെ യഥാർഥ ഭ്രമണപഥമെന്നും അവിടെയെത്തിയാല്‍ ഭൂമിയില്‍ നിന്നും കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാത്രമല്ല ഈ സാറ്റലൈറ്റുകള്‍ ആഗോള തലത്തില്‍ റേഡിയോ സിഗ്നലുകളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA