ADVERTISEMENT

ചൈനയുടെ കടല്‍ തീരങ്ങളില്‍ കാണപ്പെടുന്ന നീല കണ്ണീര്‍ (Blue tears) പ്രതിഭാസം അപകടകരമെന്ന് മുന്നറിയിപ്പ്. കടല്‍ തന്നെ തിളങ്ങുന്ന നീലനിറത്തില്‍ കാണിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ചുള്ള പഠനങ്ങളാണ് പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ കടല്‍ നീല നിറത്തില്‍ തിളങ്ങുന്നതിന്റെ തോത് വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

 

സ്വയം തിളങ്ങുന്ന സൂഷ്മജീവികളായ പ്ലവകങ്ങളാണ് ഈ നീലക്കണ്ണീര്‍ പ്രതിഭാസത്തിന് പിന്നില്‍. വെളിച്ചം കുറയുമ്പോള്‍ കടല്‍ തന്നെ നീല നിറത്തില്‍ തിളങ്ങുന്നത് അദ്ഭുതകരമായ കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുക. എന്നാല്‍ ഈ സൗന്ദര്യ കാഴ്ച്ചക്ക് പിന്നില്‍ അപകടം പതിയിരിപ്പുണ്ടെന്നാണ് മുന്നറിയിപ്പ്. നിറം മാറ്റത്തിന് പിന്നിലെ കാരണക്കാരായ പ്ലവകങ്ങളില്‍ വിഷമുണ്ടെന്നതാണ് മുന്നറിയിപ്പിന് പിന്നില്‍. 

 

2000 മുതല്‍ 2017 വരെയുള്ള മേഖലയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ചൈനീസ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. തീരത്തു മാത്രമല്ല ഉള്‍ക്കടലിലേക്കും ഈ കാലയളവില്‍ നീലക്കണ്ണീര്‍ പ്രതിഭാസം നീണ്ടുവെന്നാണ് ഇതില്‍ നിന്നും കണ്ടെത്താനായത്. മാത്രമല്ല കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവയുടെ വ്യാപനം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

 

പ്ലവകങ്ങളുടെ നിറം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ചൈനയിലെ വിവാദ ഡാം പദ്ധതിയായ ത്രീ ഗോര്‍ജസ് ഡാമിന്റെ നിര്‍മാണവും ഈ പ്രതിഭാസത്തിന് ആക്കംകൂട്ടിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 12 ന്യൂക്ലിയര്‍ റിയാക്ടറുകളുടേതിന് തുല്യമായ ഊര്‍ജ്ജമാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്. രാസവളങ്ങളിലെ അധിക പോഷകങ്ങള്‍ നദികളിലൂടെ കടലിലെത്തുന്നതും ഇത്തരം പ്ലവകങ്ങളെ വര്‍ധിപ്പിക്കുന്നെണ്ടാണ് കരുതുന്നത്. 

 

പൊതുവേ നദീമുഖത്താണ് ഇവയെ കണ്ടുവന്നിരുന്നതെങ്കിലും കുറച്ചു വര്‍ഷങ്ങളായി ഉള്‍ക്കടലിലും ഇവ കാണപ്പെടുന്നുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ നീലകണ്ണീര്‍ പ്രതിഭാസം കണ്ടുവരുന്നത്. കിഴക്കന്‍ ചൈന കടലിന്റെ കഴിഞ്ഞ 18 വര്‍ഷങ്ങളിലായെടുത്ത ആയിരത്തോളം ചിത്രങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. നാസയുടെ സാറ്റലൈറ്റുകളടേയും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നെടുത്ത ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചു. 

 

ഇവ മനുഷ്യരില്‍ എത്രത്തോളം ഹാനികരമാണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നതാണ് ഗവേഷകര്‍ നേരിട്ട പ്രധാന വെല്ലുവിളി. അതേസമയം ഇത്തരം നീലകണ്ണീര്‍ പ്രതിഭാസങ്ങളുള്ള പ്രദേശത്തെ ജീവകള്‍ ചാവുന്നതായും ശ്രദ്ധയില്‍ പെട്ടിരുന്നു. മനുഷ്യരില്‍ കരള്‍ രോഗങ്ങള്‍ക്കും നാഡീവ്യൂഹം തകരാറിലാകുന്നതിനും ഇവയുടെ അതിപ്രസരം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ അളവിലെങ്കിലും ദീര്‍ഘകാലം ഈ നീലക്കണ്ണീര്‍ പ്രതിഭാസവുമായി ബന്ധപ്പെടുന്നവര്‍ക്ക് കരളില്‍ അര്‍ബുദം വരാമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com