ADVERTISEMENT

ഭൂമിയിലെ ജീവനുകളെ രക്ഷിക്കാൻ സൂര്യനെയും സൗരകാറ്റിനേയും കുറിച്ച് ആഴത്തിലറിയുന്നതിനു നാസ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നു. സൂര്യന്റെ പുറംഭാഗമായ കൊറോണയില്‍ നിന്നും സൗരകാറ്റ് ഉണ്ടാകുന്നതിന്റെ വിശദാംശങ്ങളെ കുറിച്ചായിരിക്കും ആദ്യ ദൗത്യം. രണ്ടാമത്തേത് ഇത്തരം സൗര പ്രതിഭാസങ്ങള്‍ എങ്ങനെയാണ് ഭൂമിയെ ദോഷകരമായി ബാധിക്കുക എന്നതുമായിരിക്കും. 

 

പഞ്ച്, ട്രേസേഴ്സ് എന്നീ പേരുകളാണ് ദൗത്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ പഞ്ച് ദൗത്യത്തിന്റെ ഭാഗമായി സ്യൂട്ട്‌കേസ് വലുപ്പത്തിലുള്ള നാല് സാറ്റലൈറ്റുകളാണ് വിക്ഷേപക്കുക. ട്രേസേഴ്‌സില്‍ രണ്ട് സാറ്റലൈറ്റുകളും ഉണ്ടായിരിക്കും. സൗരകാറ്റ് സംബന്ധിച്ച പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യങ്ങള്‍ക്ക് 280 ദശലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

ഭൂമിയുടെ കാന്തിക മണ്ഡലത്തെയും ബഹിരാകാശ സഞ്ചാരികളെയും റേഡിയോ കമ്യൂണിക്കേഷനെയും ജിപിഎസിനെയുമെല്ലാം എങ്ങനെയാണ് ഇത്തരം സൗരകാറ്റുകള്‍ (Solar wind) ബാധിക്കുക എന്നതായിരിക്കും ദൗത്യം പ്രധാനമായും പഠിക്കുക. സൂര്യന്റെ കൊറോണയില്‍ നിന്നും സൗരകാറ്റുകള്‍ പുറപ്പെടുന്നതും അവയുടെ പ്രത്യേകതകളുമാകും PUNCH (Polarimeter to Unify the Corona and Heliosphere) ദൗത്യം പഠിക്കുക. ഇത്തരം സൗരകാറ്റുകള്‍ ഭൂമിയിലെ കാന്തിക മണ്ഡലത്തെ ബാധിക്കുന്നതിന്റെ സൂഷ്മ വിവരങ്ങളാണ് രണ്ടാം ദൗത്യമായ  Tandem Reconnection and Cusp Electrodynamics Reconnaissance Satellites, അല്ലെങ്കിൽ ട്രേസേഴ്സ് ശേഖരിക്കുക. 

 

സൂര്യനില്‍ നിന്നും പലപ്പോഴായി പുറപ്പെടുന്ന സൗരകാറ്റുകള്‍ ബഹിരാകാശത്ത് വലിയ തോതില്‍ റേഡിയേഷന് കാരണമാകാറുണ്ട്. ബഹിരാകാശത്തെ കാലാവസ്ഥയെ പോലും ഇവ ബാധിക്കാറുണ്ടെങ്കിലും ഭൂമിയിലെ ജീവനു ഭീഷണിയാകാറില്ല. എന്നാല്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇവ ഭീഷണിയാകാറുണ്ട്.

 

1859ലാണ് ആദ്യമായി സൗരകാറ്റ് എന്ന പ്രതിഭാസം ശാസ്ത്രലോകത്തിന് അനുഭവപ്പെടുന്നത്. അന്ന് സൂര്യനില്‍ നിന്നുണ്ടായ വന്‍സൗര കാറ്റിനെ തുടര്‍ന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തിന് പോലും ചെറിയ ക്ഷതമേറ്റെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ആകാശത്ത് അസാധാരണമായ നിറങ്ങള്‍ പലയിടത്തും കാണപ്പെട്ടു. ഒപ്പം യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും ടെലഗ്രാഫ് സംവിധാനങ്ങള്‍ താറുമാറായി. പലയിടത്തും ടെലഗ്രാഫ് ഓപറേറ്റര്‍മാര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും ചിലയിടങ്ങളില്‍ തീയുണ്ടാവുകയും ചെയ്തു. 

 

ഇത്തരം വന്‍ സൗരകാറ്റുകള്‍ വീണ്ടുമുണ്ടായാല്‍ ഭൂമിയിലെ വൈദ്യുതി വിതരണ സംവിധാനത്തെ ബാധിക്കുമെന്ന് കരുതുന്ന ശാസ്ത്രജ്ഞരും ഏറെയാണ്. സൗരകാറ്റ് മുന്നറിയിപ്പ് നല്‍കുന്നതിനായി നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഒത്തു ചേര്‍ന്നത് കഴിഞ്ഞ മാസമാണ്. ഇതിനു വേണ്ട നിര്‍ണ്ണായക വിവരങ്ങള്‍ ഈ ദൗത്യങ്ങള്‍ക്ക് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com