ADVERTISEMENT

നിലവിലെ റോക്കറ്റുകളുടെ ഇരട്ടിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള നൂക്ലിയര്‍ ഫ്യൂഷന്‍ ഇന്ധനമായുള്ള റോക്കറ്റുകള്‍ വൈകാതെ യാഥാര്‍ഥ്യമാകും. 2028 ഓടെ നൂക്ലിയര്‍ ഫ്യൂഷന്‍ വഴി റോക്കറ്റുകള്‍ ഭൂമിയില്‍ നിന്നും കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. ഇത് പ്ലൂട്ടോയും ശനിയും അടക്കമുള്ള ഗ്രഹങ്ങളിലേക്ക് പേടകങ്ങള്‍ അയക്കുന്നത് കൂടുതല്‍ എളുപ്പമാക്കും.

 

നിലവില്‍ ഏഴ് വര്‍ഷമാണ് ശനിയിലെത്താന്‍ ഒരു ബഹിരാകാശ റോക്കറ്റിന് ആവശ്യമായത്. ഇത് രണ്ട് വര്‍ഷമായി കുറക്കുന്നതാണ് പുതിയ നൂക്ലിയര്‍ ഫ്യൂഷന്‍ റോക്കറ്റിന്റെ കണ്ടെത്തലെന്നാണ് സ്‌പേസ് ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഒൻപത് വര്‍ഷമെടുക്കുന്ന പ്ലൂട്ടോ യാത്ര ഈ റോക്കറ്റിന്റെ വരവോടെ അഞ്ച് വര്‍ഷമായി ചുരുങ്ങുകയും ചെയ്യും. 

 

പ്രിന്‍സ്റ്റണ്‍ പ്ലാസ്മ ഫിസിക്‌സ് ലബോറട്ടറിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഹീലിയം 3യും ഹൈഡ്രജന്റെ നവീകരിച്ച രൂപമായ ഡ്യൂട്ടീരിയവും ചേര്‍ത്താണ് ഇവര്‍ പരീക്ഷണം നടത്തിയത്. കുറഞ്ഞ റേഡിയേഷനില്‍ പരമാവധി ഊര്‍ജ്ജം ഈ പരീക്ഷണം വഴി ഉത്പാദിപ്പിക്കാനായി. 

 

റോക്കറ്റിന്റെ വേഗം മാത്രമല്ല ഇന്ധനത്തിന്റെ കാര്യക്ഷമത കൂടി പുതിയ മാര്‍ഗത്തിലൂടെ കൂട്ടാനാകും. ഇതോടെ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള റോക്കറ്റുകളിലെ ഇന്ധനമായി ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഇന്ധനം മാറുമെന്നാണ് പ്രതീക്ഷ. 1930കള്‍ മുതല്‍ തന്നെ ന്യൂക്ലിയര്‍ ഫ്യൂഷന് പിറകേ ശാസ്ത്രജ്ഞരുണ്ടെങ്കിലും ഇതുവരെ പൂര്‍ണ്ണമായും വരുതിയിലാക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴും നക്ഷത്രങ്ങളിലെ ഊര്‍ജ്ജോത്പാദനത്തിന്റെ വഴിയായ ന്യൂക്ലിയര്‍ ഫ്യൂഷനിലെ വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ല. 

 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സി എനര്‍ജിയും ഈ പദ്ധതിക്ക് പണം മുടക്കിയവരില്‍ പെടുന്നു. 2020 പകുതിയോടെ ഗവേഷണത്തില്‍ നിര്‍ണ്ണായക ഘട്ടം കഴിയുമെന്നാണ് പ്രതീക്ഷിത്തുന്നത്. 2028 തുടക്കത്തില്‍ നൂക്ലിയര്‍ ഫിഷന്‍ ഇന്ധനമാക്കിയുള്ള റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ന്യൂക്ലിയര്‍ ഫ്യൂഷന്റെ ഫലമായുണ്ടാകുന്ന വലിയ തോതിലുള്ള ചൂടും ഊര്‍ജ്ജമാക്കി മാറ്റാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com