ADVERTISEMENT

9000 വര്‍ഷങ്ങള്‍ക്ക് മുൻപ് നഗരവല്‍ക്കരണം അന്തകനായതിന്റെ കഥയാണ് തുര്‍ക്കിയിലെ ചാറ്റാല്‍ഹോയുക് വംശത്തിനുള്ളത്. തുര്‍ക്കിയിലെ നാടോടി കര്‍ഷക സമൂഹമായിരുന്നു ചാറ്റാല്‍ഹോയുക്. എന്നാല്‍ അനിയന്ത്രിതമായ നഗരവല്‍ക്കരണവും പാരമ്പര്യരീതികളില്‍ നിന്നുള്ള പെട്ടെന്നുള്ള മാറ്റവും ആ വംശം തന്നെ ഇല്ലാതാക്കിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

 

നഗരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ ഇന്ന് ആരോടു ചോദിച്ചാലും അക്കമിട്ടു നിരത്തും. എന്നാല്‍ ഒമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുൻപെ നഗരവല്‍ക്കരണം മുടിപ്പിച്ച ജനതയാണ് ചാറ്റാല്‍ഹോയുക്കുകളുടേത്. നഗരവല്‍ക്കരണം വ്യാപകമായതോടെ ജനസംഖ്യാ വര്‍ധനവും പകര്‍ച്ചവ്യാധികളും എന്തിന് സമൂഹത്തിലെ അക്രമങ്ങള്‍ വരെ വര്‍ധിച്ചുവെന്നും ഓഹിയോ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നു. 

 

നാടോടി കാര്‍ഷിക സമൂഹമായിരുന്നു ചാറ്റാല്‍ഹോയുക്കുകളുടേത്. പിന്നീട് ഇവര്‍ ലോകത്തെ തന്നെ ആദ്യമായി നഗരവല്‍ക്കരിക്കപ്പെട്ട സമൂഹമായി മാറി. എന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരികയും ചെയ്തു. ഒരുപാട് മനുഷ്യര്‍ ചെറിയൊരു പ്രദേശത്ത് ജീവിക്കേണ്ടി വന്നാല്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ ആദ്യ പരീക്ഷണ വേദിയായി ചാറ്റാല്‍ഹോയുക് സമൂഹം മാറുകയായിരുന്നു.

 

turkish-community-

ഏകദേശം 32 ഏക്കറോളം മാത്രം വിസ്തൃതിയുള്ളതായിരുന്നു ചാറ്റാല്‍ഹോയുക്കുകളുടെ നഗരം. ഇത് 1100 വര്‍ഷം വരെ നിലനില്‍ക്കുകയും ചെയ്തുവെന്നതും ശ്രദ്ധേയമാണ്. നഗരവല്‍ക്കരണം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍ ഒരേസമയം 8000 പേര്‍ വരെ ഈ ചെറുപ്രദേശത്ത് താമസിച്ചിരുന്നു. 

25 വര്‍ഷം നീണ്ട പഠനത്തില്‍ 720 ചാറ്റാല്‍ഹോയുക്കുകളുടെ ഭൗതികാവശിഷ്ടങ്ങള്‍ പഠനവിധേയമാക്കി. ഇതില്‍ നാലിലൊന്ന് തലയോട്ടികളിലും പരുക്കുകള്‍ കാണപ്പെട്ടിരുന്നു. ഇത് പ്രദേശത്തെ വലിയ തോതിലുള്ള അക്രമങ്ങളുടെ സൂചനയായാണ് കരുതുന്നത്. ചെറിയ വസ്തുക്കള്‍ കൊണ്ടുള്ള ആഘാതമേറ്റതു പോലെയാണ് പലതും കാണപ്പെട്ടത്. ഇത് ഏറ്റുമുട്ടലിനിടെ ചെറുകല്ലുകളോ കളിമണ്‍ പന്തുകളോ കൊണ്ട് എറിഞ്ഞ് സംഭവിച്ചതാകാമെന്നും കരുതപ്പെടുന്നു. നിരവധി തലയോട്ടികള്‍ പൊട്ടലുകള്‍ നിറഞ്ഞും കണ്ടെത്തിയിട്ടുണ്ട്. 

 

ഇത്തരത്തിലുള്ള സമുദായത്തിനുള്ളിലെ സംഘര്‍ഷങ്ങള്‍ മാത്രമല്ല നാടോടി ജീവിത രീതികളില്‍ നിന്നും നഗര കേന്ദ്രീകൃത ജീവിതത്തിലേക്ക് മാറിയപ്പോള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും അവരെ വേട്ടയാടിയിരുന്നു. ധാന്യങ്ങള്‍ കൂടുതലായി ഭക്ഷണത്തിലേക്ക് എത്തിയതോടെ 13 ശതമാനം പേരുടെയും പല്ലുകളില്‍ കേടുവന്നു. ജനസംഖ്യവര്‍ധിക്കുകയും തട്ടുകളായി താമസിക്കേണ്ടി വന്നതോടെ വൃത്തിഹീനമായ അന്തരീക്ഷം വര്‍ധിച്ചു. ഇത് പകര്‍ച്ചവ്യാധികളുടെ ആക്കം കൂട്ടി. 

 

എന്നാല്‍ ഇതിനേക്കാളെല്ലാം വലിയൊരു കാരണമാണ് ചാറ്റാല്‍ഹോയുക്കുകളെ വംശനാശത്തിലെത്തിച്ചത്. ഇന്നത്തെ ലോകത്തിന് ഏറെ പരിചിതമായ കാലാവസ്ഥാ വ്യതിയാനമായിരുന്നു ബിസി 5950ല്‍ അവരുടെ നാശത്തിലേക്ക് നയിച്ചത്. പശ്ചിമേഷ്യയിലെ മരുവല്‍ക്കരണത്തിന്റെ തോത് കൂടിയതും പ്രദേശത്തെ മണ്ണിന്റെ ഫലഭൂവിഷ്ടത വലിയതോതില്‍ കുറഞ്ഞതും കാലാവസ്ഥയിലെ മാറ്റങ്ങളും അവരെ മറ്റിടങ്ങളിലേക്ക് പുതിയ ജീവിതം തേടി പോകാന്‍ പ്രേരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com