ADVERTISEMENT

ബഹിരാകാശ ദൗത്യങ്ങളിലുള്ള മത്സരങ്ങളിലെ രൂപവും ഭാവവും ആകെ മാറിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുൻപ് രാജ്യങ്ങളുടെ അഭിമാനം ഉയര്‍ത്തുന്ന നേട്ടമായി ചന്ദ്രനില്‍ ഇറങ്ങുന്നത് അടക്കമുള്ള പല ബഹിരാകാശ നേട്ടങ്ങളും വിലയിരുത്തിയിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി. ഇപ്പോള്‍ അന്തസ്സിനും അഭിമാനത്തിനുമപ്പുറം കച്ചവട താത്പര്യങ്ങള്‍ കൂടി ബഹിരാകാശ ദൗത്യങ്ങള്‍ക്കുണ്ട്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 എന്ന ചാന്ദ്ര ദൗത്യവും ഇത്തരമൊരു വലിയ കച്ചവട സാധ്യത കൂടിയാണ് തുറക്കുന്നത്. 

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചാന്ദ്ര ദൗത്യങ്ങളില്‍ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം സ്വകാര്യ കമ്പനികളും സജീവമായുണ്ട്. 2007ല്‍ തുടക്കമിട്ട ഗൂഗിളിന്റെ ലൂണാര്‍ എക്‌സ് പ്രൈസാണ് ഇതില്‍ ആദ്യത്തേത്. ബഹിരാകാശ ദൗത്യങ്ങളില്‍ തത്പരരായ സ്വകാര്യ കമ്പനികള്‍ക്ക് കഴിവു തെളിയിക്കുമ്പോള്‍ ആവശ്യമായ ഫണ്ടിങ് നല്‍കുന്നതായിരുന്നു മത്സരരീതിയിലുള്ള ഗൂഗിളിന്റെ ലൂണാര്‍ എക്‌സ്പ്രസ്. 30 ദശലക്ഷം ഡോളറാണ് ഇതിനായി ഗൂഗിള്‍ വകയിരുത്തിയത്. സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ സ്വകാര്യ കമ്പനികള്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുന്നത്.

 

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി കുറഞ്ഞത് 500 മീറ്ററെങ്കിലും സഞ്ചരിച്ച് ദൃശ്യങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയക്കാന്‍ ശേഷിയുള്ള ബഹിരാകാശ യാനങ്ങള്‍ നിര്‍മിക്കുകയാണ് ലൂണാര്‍ എക്‌സ്പ്രസില്‍ പങ്കെടുക്കുന്ന സംഘങ്ങള്‍ക്ക് മുന്നിലെ ലക്ഷ്യം. ഇന്ത്യയുടെ ടീം ഇന്‍ഡസ് അടക്കം നിരവധി സംഘങ്ങള്‍ പല പടി മുന്നോട്ട് പോയെങ്കിലും ആര്‍ക്കും ചന്ദ്രനില്‍ ഇറങ്ങുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായിട്ടില്ല. 

 

ഈ വര്‍ഷമാദ്യം ഇസ്രയേലി കമ്പനി സ്പേസ്ഐഎൽ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാറ് മൂലം ദൗത്യം പരാജയപ്പെട്ടു. എങ്കിലും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യസ്വകാര്യ സ്വകാര്യ കമ്പനിയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച SpaceILന് ഗൂഗിളിന്റെ XPRICE ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ കമ്പനിക്ക് മാത്രമല്ല ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ളതടക്കമുള്ള കമ്പനികള്‍ക്കും ഗൂഗിളിന്റെ പ്രൈസ് മണി ലഭിച്ചിട്ടുണ്ട്. ഇത് ഇത്തരം സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളെ ഗൂഗിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ്. 

 

ഇത്തരം സ്വകാര്യ ദൗത്യങ്ങള്‍ ഏറ്റെടുക്കാനാകുമെന്നതാണ് ചാന്ദ്രയാന്‍ 2 വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഐഎസ്ആര്‍ഒക്ക് ലഭിക്കുന്ന പ്രധാന സാമ്പത്തിക നേട്ടം. ചന്ദ്രനിലേക്ക് ഓരോ വസ്തുക്കള്‍ എത്തിക്കുന്നതിന്റെ വ്യക്തമായ വിലവിവരം ഇപ്പോള്‍ തന്നെ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് കിലോഗ്രാമിന് 2.1 കോടി രൂപയും ചന്ദ്രനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇറക്കുന്നതിന് കിലോഗ്രാമിന് 8.4 കോടി രൂപയും പേടകത്തെ ചന്ദ്രനിലിറക്കുന്നതിന് കിലോഗ്രാമിന് 31.5 കോടിരൂപയുമാണ് ഐഎസ്ആര്‍ഒയുടെ നിരക്ക്. 

ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഐഎസ്ആര്‍ഒയുടേത് എന്നത് നിരവധി കമ്പനികളെ ആകര്‍ഷിക്കാവുന്നതാണ്. 

 

പിഎസ്എല്‍വി എന്ന റോക്കറ്റിന്റെ വിജയനിരക്കാണ് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പ്രധാന വിശ്വാസ്യതകളിലൊന്ന്. ആദ്യ ദൗത്യം പരാജയമായിരുന്നെങ്കിലും ഇന്ത്യയുടെ അഭിമാനമായി പിന്നീട് മാറിയ പിഎസ്എല്‍വിയുടെ 41ആം ദൗത്യത്തിലാണ് പിന്നീട് പരാജയമറിയുന്നത്. ഇതുവരെ 48 തവണ ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന പിഎസ്എല്‍വി ഇതുവരെ രണ്ടേ രണ്ട് തവണ മാത്രമേ പരാജയമറിഞ്ഞിട്ടുള്ളൂ. 

 

ചന്ദ്രന്റെ ദക്ഷിണാര്‍ധഗോളം ലക്ഷ്യമാക്കി ജൂലൈ 15നാണ് ചന്ദ്രയാന്‍ 2 കുതിച്ചുയരുക. ഐഎസ്ആര്‍യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ ദൗത്യമായാണ് ചന്ദ്രയാന്‍ 2 വിശേഷിപ്പിക്കപ്പെടുന്നത്. 603 കോടി രൂപ ചിലവിട്ട് നടത്തുന്ന ചന്ദ്രയാന്‍ 2 വിജയിച്ചാല്‍ ചാന്ദ്ര ദൗത്യങ്ങളിലേക്കുള്ള ഐഎസ്ആര്‍ഒയുടെ കടന്നുവരവ് കൂടിയായി അത് മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com