ADVERTISEMENT

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നമ്മുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ വെള്ളം കണ്ടെത്തി അഭിമാനമായി മാറിയിരുന്നു. ഏറെ സവിശേഷതകളുള്ള ചന്ദ്രയാന്‍ 2 അന്യഗ്രഹജീവികളെക്കുറിച്ചുള്ള തെളിവു വരെ കണ്ടെത്തുമോയെന്ന ആകാംഷയിലാണ് ശാസ്ത്രലോകം. 

ജൂലൈ 15നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ചന്ദ്രയാന്‍ 2 കുതിച്ചുയരുക. ഇന്ത്യ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റാണ് ചന്ദ്രയാന്‍ 2 ദൗത്യം യാഥാര്‍ഥ്യമാക്കുക. ചന്ദ്രയാന്‍ 1 നേടിയ ചരിത്ര നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കും ചന്ദ്രയാന്‍ 2 ലുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

541 കോടി രൂപ മാത്രം ചിലവിട്ടായിരുന്നു ഇന്ത്യയും ഐഎസ്ആര്‍ഒയും ആദ്യ ചന്ദ്രയാന്‍ ദൗത്യം യാഥാര്‍ഥ്യമാക്കിയത്. ഇതുതന്നെ അദ്ഭുതമായിരുന്നു. ഹോളിവുഡ് ചിത്രമായ ഇന്റര്‍സ്‌റ്റെല്ലാറിനേക്കാളും ചിലവ് കുറവായിരുന്നു ഈ ചാന്ദ്ര ദൗത്യത്തിനെന്നത് ഏവരും അമ്പരപ്പോടെയായിരുന്നു തിരിച്ചറിഞ്ഞത്. 2008 നവംബര്‍ 14നായിരുന്നു ഇന്ത്യയുടെ ശൂന്യാകാശ പേടകം ചന്ദ്രനിലിറങ്ങിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത് രാഷ്ട്രമായിരുന്നു ഇന്ത്യ. ചന്ദ്രനില്‍ വെള്ളമുണ്ടെന്നതിന്റെ തെളിവ് ആദ്യമായി നല്‍കി ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ചന്ദ്രയാൻ ഒന്നില്‍ ഘടിപ്പിച്ച നാസയുടെ നിരീക്ഷണോപകരണമാണ് ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. 2009 ഓഗസ്റ്റ് 30ന് അവസാനിച്ച ആദ്യ ചാന്ദ്ര ദൗത്യം വന്‍ വിജയമായിരുന്നു. 

ചന്ദ്രയാന്‍ 2 വിജയമായാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ കൈമാറാന്‍ ശേഷിയുള്ള പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നേരത്തെ അമേരിക്ക, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇതില്‍ ചൈന ഈ വര്‍ഷം ജനുവരിയിലായിരുന്നു ചന്ദ്രനില്‍ പേടകം ഇറക്കിയത്. 

ഇന്ത്യയുടെ മനുഷ്യരില്ലാത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ല്‍ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ ഭാഗങ്ങളാണ് പ്രധാനമായുമുള്ളത്. ഈ പ്രധാന ഭാഗങ്ങളെല്ലാം ഐഎസ്ആര്‍ഒ നിര്‍മിച്ചതാണെന്നതും അഭിമാനം വര്‍ധിപ്പിക്കുന്നു. എല്ലാം പ്രതീക്ഷിച്ച പടി നടന്നാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ആറിന് ചന്ദ്രയാന്‍ 2വിലെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. 

ചന്ദ്രനിലെ ദക്ഷിണാര്‍ധഗോളത്തിലായിരിക്കും ലാന്‍ഡറായ വിക്രം ഇറങ്ങുക. ലാന്‍ഡറില്‍ നിന്നും പുറത്തിറങ്ങുന്ന റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കും. ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസങ്ങള്‍) മുഴുവന്‍ ചന്ദ്രനില്‍ സഞ്ചരിച്ച് റോവര്‍ വിവരങ്ങള്‍ ശേഖരിക്കും. ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിന്റെ ദൗത്യം ഒരു വര്‍ഷത്തോളം നീളുന്നതാണ്. ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയ ചന്ദ്രയാന്‍ 1ന്റെ പാത പിന്തുടരുന്ന ചന്ദ്രയാന്‍ 2 എന്തെല്ലാം അദ്ഭുതങ്ങള്‍ നമുക്കു സമ്മാനിക്കുമെന്ന് കാത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com