ADVERTISEMENT

നരവംശശാസ്ത്രജ്ഞര്‍ നേരത്തെ കണക്കുകൂട്ടിയതിലും ഒന്നരലക്ഷം വര്‍ഷം മുൻപ് തന്നെ ആഫ്രിക്കയില്‍ നിന്നും മനുഷ്യ പൂര്‍വികര്‍ യൂറോപിലേക്ക് കുടിയേറിയെന്ന് കണ്ടെത്തി. ഗ്രീസില്‍ നിന്നും കണ്ടെത്തിയ 2.10 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടിയാണ് പുതിയ അറിവിലേക്ക് വെളിച്ചം വീശുന്നത്. മനുഷ്യ ചരിത്രത്തെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചുമുള്ള മുന്‍ധാരണകളെ തിരുത്തുന്നതാണ് ഈ തലയോട്ടി.

ഇതുവരെ റൊമാനിയയില്‍ നിന്നും കണ്ടെത്തിയിരുന്ന മനുഷ്യ തലയോട്ടിയായിരുന്നു ഏറ്റവും പഴക്കമേറിയത്. റൊമാനിയയിലെ പൂര്‍വിക‍രുടെ തലയോട്ടിക്ക് ഒന്നര ലക്ഷം വര്‍ഷം പഴക്കമുണ്ടായിരുന്നു. എന്നാൽ മനുഷ്യന്‍ ആഫ്രിക്കയില്‍ നിന്നും യൂറോപിലേക്ക് നേരത്തെ കുടിയേറി എന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തൽ.

കണ്ടെത്തിയ തലയോട്ടിയുടെ വംശത്തില്‍ പെടുന്ന മനുഷ്യപൂര്‍വികരില്‍ ആരുടെയും വംശാവലി നിലവില്‍ ജീവിച്ചിരിപ്പില്ല. നിയാഡര്‍താലുകളുമായുള്ള നിരന്തര പോരാട്ടങ്ങള്‍ക്കിടെ ഇവയുടെ വംശം തന്നെ കുറ്റിയറ്റുപോയെന്നാണ് കരുതപ്പെടുന്നത്. നരവംശശാസ്ത്രജ്ഞരുടെ രാജ്യാന്തര തലത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നല്‍കിയത്. സിടി സ്‌കാനിങ് അടക്കമുള്ള സങ്കേതങ്ങളും കണ്ടെത്തലിന് ഉപയോഗിച്ചിരുന്നു. 

ഗ്രീസിലെ നിശ്ചിത ഉത്ഖനന കേന്ദ്രത്തില്‍ നിന്നും രണ്ട് തലയോട്ടികളാണ് ലഭിച്ചത്. ഇവക്ക് യഥാക്രമം Apidima 1 Apidima 2 എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഒരുതലയോട്ടിക്ക് 2.10 ലക്ഷം വര്‍ഷം പഴക്കമുണ്ടെങ്കില്‍ രണ്ടാമത്തേതിന് 1.70 ലക്ഷംവര്‍ഷമാണ് പഴക്കം. നേരത്തെ ആഫ്രിക്കയില്‍ നിന്നും ഒന്നര ലക്ഷം വര്‍ഷം മുൻപ് വരെ മനുഷ്യന്‍ യൂറോപ്പിലെത്തിയിരുന്നില്ലെന്നാണ് കരുതിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 2.10 ലക്ഷം വര്‍ഷമായി ഉയര്‍ന്നിരിക്കുന്നത്. 

ആഫ്രിക്കയില്‍ നിന്നും ഭൂമിയിലെ മറ്റിടങ്ങളിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റത്തിന്റെ പ്രധാന പാലമായി വര്‍ത്തിച്ചത് ദക്ഷിണ കിഴക്കന്‍ യൂറോപ്പാണെന്നാണ് കരുതപ്പെടുന്നത്. ഇതുവഴി ഒരൊറ്റ തവണയല്ല മറിച്ച് ഘട്ടങ്ങളിലായി പല സംഘങ്ങള്‍ യൂറോപിലേക്കും തുടര്‍ന്ന് ഭൂമിയിലെ മറ്റിടങ്ങളിലേക്കും കുടിയേറിയെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com