ADVERTISEMENT

അണ്വായുധങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ആദ്യം എത്തിക്കുക ഹിരോഷിമയിലും നാഗസാക്കിയിലുമായിരിക്കും. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ജപ്പാനില്‍ ഇട്ട രണ്ട് അണുബോംബുകളാണ് മനുഷ്യചരിത്രത്തില്‍ ഇന്നുവരെ യുദ്ധത്തില്‍ പ്രയോഗിച്ചിട്ടുള്ള അണുബോംബുകള്‍. ഇനിയൊരു യുദ്ധത്തില്‍ അണ്വായുധം പ്രയോഗിക്കപ്പെട്ടാല്‍ തിരിച്ചറിയാനാവാത്തവിധം ഭൂമി തന്നെ മാറിപ്പോകുമെന്ന് ഏകദേശം എല്ലാവര്‍ക്കും അറിയാം. എങ്കിലും പ്രാഥമിക ധാരണയുള്ളവരുടെ പോലും എല്ലാ സങ്കല്‍പ്പങ്ങളേയും തകിടം മറിക്കാന്‍ തക്ക ശേഷിയുണ്ട് ഇപ്പോള്‍ രാജ്യങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങള്‍ക്ക്.

 

1945ന് ശേഷം ഇതുവരെ ലോകത്ത് 2475 അണ്വായുധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്നത്തെ അവസ്ഥയേക്കാള്‍ ശേഷിയുടെ കാര്യത്തില്‍ വളരെയേറെ അണ്വായുധങ്ങള്‍ മുന്നോട്ടു പോയിട്ടുമുണ്ട്. നടത്തപ്പെട്ട പരീക്ഷണങ്ങളില്‍ 85 ശതമാനവും രണ്ട് രാജ്യങ്ങളാണെന്നതാണ് മറ്റൊരു വിചിത്ര വസ്തുത. അമേരിക്ക ഇതുവരെ 1132 ബോംബുകളും സോവിയറ്റ് യൂണിയന്‍ 981 ബോംബുകളും പരീക്ഷിച്ചു.

 

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അമേരിക്ക ഇട്ട അണുബോംബിന് 15 കിലോടണ്‍(15000 ടിഎന്‍ടി) ശേഷിയാണുണ്ടായിരുന്നത്. ദിവസങ്ങള്‍ക്കുശേഷം ഒമ്പതിന് നാഗസാക്കിയില്‍ ഇട്ട ബോംബിന് 21 കിലോടണ്‍ ശേഷിയുണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ ആയുധശേഖരത്തിലുള്ള ബി83 എന്ന അണ്വായുധത്തിന് 1.2 മെഗാടണ്ണാണ് ശേഷി (12,00,000 ലക്ഷം ടിഎന്‍ടി). ഹിരോഷിമയില്‍ ഇട്ട ബോംബിനേക്കാള്‍ 80 ഇരട്ടി പ്രഹരശേഷിയുണ്ട് ബി 83ക്ക്. ഈ ബോംബ് വീണാലുണ്ടാകുന്ന കൂണ്‍ മേഘം എവറസ്റ്റ് കൊടുമുടിയേക്കാള്‍ ഉയരത്തിലാണ് ഉയരുക. ശരാശരി വിമാനങ്ങള്‍ പറക്കുന്ന ഉയരത്തിലും ഏറെയായി 20000 മീറ്റര്‍ ഉയരത്തില്‍ വരെ ഈ കൂണ്‍ മേഘം എത്തും.

 

ഈ ബി83 അല്ല അമേരിക്ക ഇതുവരെ പരീക്ഷിച്ച ഏറ്റവും ശേഷിയുള്ള അണുബോംബ്. അത് കാസില്‍ ബ്രാവോ എന്ന് പേരുള്ള ഹിരോഷിമ ബോംബിനേക്കാള്‍ ആയിരം ഇരട്ടി ശേഷിയുള്ള 15 മെഗാടണ്ണിന്റെ (1,50,00,000 ടിഎന്‍ടി) ബോംബാണ്. അമേരിക്കയല്ല മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശേഷിയുള്ള അണ്വായുധം പരീക്ഷിച്ചതെന്ന് കൂടി അറിയുക. ആ കുപ്രസിദ്ധി 1961ല്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ സാര്‍ ബോംബാ എന്ന അണുബോംബ് പരീക്ഷണത്തിനാണ്. 50 മെഗാടണ്‍ ശേഷിയുള്ള ഈ ബോംബ് പൊട്ടുന്നത് 3333 ഹിരോഷിമ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണ്.

 

ആര്‍ട്ടിക് സമുദ്രത്തിലാണ് സോവിയറ്റ് യൂണിയന്‍ ഈ ആണവപരീക്ഷണം നടത്തിയത്. അന്നത്തെ പരീക്ഷണത്തെ തുടര്‍ന്ന് നോര്‍വെയിലേയും ഫിന്‍ലന്റിലേയും കെട്ടിടങ്ങളുടെ ജനാലകള്‍ പോലും തകര്‍ന്നു. ഈ സ്‌ഫോടനത്തിന്റെ തരംഗങ്ങള്‍ മൂന്ന് ആവര്‍ത്തി ഭൂമിയെ ചുറ്റിവരുക പോലും ചെയ്തു. ഇത്തരം പരീക്ഷണങ്ങള്‍ യഥാര്‍ഥ ബോംബിനേക്കാള്‍ കുറഞ്ഞ ശേഷിയിലായിരിക്കും നടത്തുകയെന്നുകൂടി ഓര്‍ക്കണം. സാര്‍ ബോംബായുടെ ഇരട്ടി ശേഷിയുള്ള ആണവബോംബ് നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി ഒരിടക്കു സോവിയറ്റ് യൂണിയന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 

ഈ ആണവ ബോംബ് സോവിയറ്റ് റഷ്യയും ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഈ ബോംബ് റഷ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബോംബ് പരീക്ഷിച്ചാൽ ഭൂമിയിൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. അത്രയ്ക്കും പ്രഹരശേഷിയുള്ളതാണ് സാർ ബോംബാ എക്സ്2. 100 മെഗാടണ്‍ ശേഷിയുള്ള ഈ ബോംബ് പൊട്ടുന്നത് 6666 ഹിരോഷിമ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണ്. ഈ ബോംബ് പൊട്ടുന്നതോടെ മറ്റു രാജ്യങ്ങളുടെ അണ്വായുധങ്ങളും പ്രയോഗിക്കപ്പെടും. ഇതോടെ ഭൂമിയും ജീവനും എന്നെന്നേക്കുമായി ഇല്ലാതാകും.

 

വന്‍ശക്തി രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു ആണവയുദ്ധമുണ്ടായാല്‍ ഭൂമിയുടെ അവസ്ത എന്താകുമെന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് പരസ്യപ്പെടുത്തിയ അണ്വായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com