ADVERTISEMENT

ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. വെറും വിശ്വാസത്തിലും തര്‍ക്കത്തിലും ഒതുങ്ങി നില്‍ക്കാതെ 'ശാസ്ത്രീയമായി' ഭൂമി പരന്നതാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് അമേരിക്കക്കാരനായ മൈക്ക് ഹ്യൂഗ്‌സ്. ഇതിനായി സ്വന്തമായി റോക്കറ്റുണ്ടാക്കി ബഹിരാകാശത്തേക്ക് കുതിച്ച് ചിത്രങ്ങളെടുത്ത് ലോകത്തെ കാണിക്കുകയാണ് 62കാരനായ ഹ്യൂഗ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതു മൂന്നാം തവണയാണ് ഹ്യൂഗ്സ് റോക്കറ്റിൽ പറക്കാൻ പോകുന്നത്. ആദ്യത്തെ രണ്ടു തവണയും അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. അവസാനമായി 2018 മാർച്ചിലാണ് ആകാശത്തേക്ക് പറന്നത്. 

 

അന്ന് 1,875 അടി ഉയരത്തിൽ പറന്ന റോക്കറ്റ് മരുഭൂമിയിൽ ഇടിച്ചിറങ്ങുകയായിരുന്നു. സ്വന്തമായി നിർമിച്ച റോക്കറ്റ് വീട്ടിൽ നിന്ന് തന്നെയാണ് വിക്ഷേപിച്ചത്. ‌റോക്കറ്റിൽ മുകളിലെത്തി ചിത്രം പകര്‍ത്തി ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു നീക്കം. എന്നാല്‍ പാരച്യൂട്ട് പ്രവർത്തിച്ചു തുടങ്ങും മുൻപെ റോക്കറ്റ് ഭൂമിയിൽ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. നടുവിന് പരിക്കേറ്റ ഹ്യൂഗ്സിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തനിക്ക് പ്രശ്‌നമില്ലെന്നും വീണ്ടും പറക്കുമെന്നും അന്നു തന്നെ ഹ്യൂഗ്‌സ് പറഞ്ഞിരുന്നു.

 

ഹ്യൂഗ്‌സ് നേരത്തെയും റോക്കറ്റിൽ കയറി പറന്നിട്ടുണ്ട്. അന്നും പാരച്യൂട്ട് പാരയായി. തുടർന്ന് രണ്ടാഴ്ചത്തെ ചികിൽസയ്ക്ക് ശേഷമാണ് നടന്നത്. അന്ന് മോജാവേ മരുഭൂമിയില്‍ നിന്ന് മണിക്കൂറില്‍ 500 മൈല്‍ വേഗത്തിലാണ് ഹ്യൂഗ്‌സിന്റെ റോക്കറ്റ് കുതിച്ചുയര്‍ന്നത്. പരന്ന ഭൂമിയില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ പദ്ധതി ഇതെന്നാണ് ഹ്യൂഗ്‌സിന്റെ അവകാശവാദം. റോക്കറ്റ് ഭൂമിയില്‍ നിന്നും ഒരു മൈല്‍ ഉയരത്തിലെത്തിയ ശേഷം ചിത്രങ്ങളെടുത്ത് ഭൂമി പരന്നതാണെന്ന് തെളിയിക്കാനാകുമെന്നാണ് ഹ്യൂഗ്‌സ് ഇപ്പോഴും സ്വപ്‌നം കാണുന്നത്. 

 

ഭൂമി ഉരുണ്ടതാണെന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തമാണെന്നും ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് പദ്ധതികള്‍ തട്ടിപ്പാണെന്നും ആഢംബര കാര്‍ ഡ്രൈവറായ ഹ്യൂഗ്‌സ് വാദിക്കുന്നു. റോക്കറ്റ് സയന്‍സില്‍ അറിവ് പരിമിതമാണെങ്കിലും തന്റെ മൊബൈല്‍ ലോഞ്ചറിൽ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റിലൂടെ പരന്ന ഭൂമിയെ കാണാനാകുമെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.  

 

2014ലാണ് ഹ്യൂഗ്‌സ് ആദ്യമായി മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിര്‍മിച്ചത്. അന്ന് അരിസോണയില്‍ നിന്നും വിക്ഷേപിച്ച ഈ റോക്കറ്റ് കാല്‍ മൈല്‍ ദൂരത്തോളം പറന്നുയര്‍ന്നു. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ഭാഗ്യമൊന്നുകൊണ്ട് മാത്രം ജീവനോടെയിരിക്കുന്ന ഹ്യൂഗ്‌സ് അന്നത്തെ അപകടത്തെ തുടര്‍ന്ന് രണ്ട് ആഴ്ച്ചയോളം വോക്കറിന്റെ സഹായത്തിലാണ് നടന്നിരുന്നത്.  

 

ആദ്യ രണ്ടു പരീക്ഷണങ്ങളുടെ പരാജയം ഹ്യൂഗ്‌സിനെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല. തന്റെ ഭ്രാന്തന്‍ പദ്ധതി കൂടുതല്‍ ആവേശത്തോടെ നടപ്പിലാക്കാനാണ് ഹ്യൂഗ്‌സ് ഇപ്പോഴും ശ്രമിക്കുന്നത്. കിക്ക് സ്റ്റാര്‍ട്ടര്‍ ക്യാംപയിന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയും പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രം ഇരുപതോളം ബഹിരാകാശ ഏജന്‍സികളുണ്ട്. എന്നാല്‍ താനാണ് ബഹിരാകാശത്തേക്ക് റോക്കറ്റില്‍ കയറി പോയ അവസാനത്തെ മനുഷ്യനെന്ന് ഹ്യൂഗ്‌സ് വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com