ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹം ഒരു മാസത്തിനുള്ളിൽ ഭൂമിയെ കടന്നുപോകുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2000 ക്യുഡബ്ല്യു 7 എന്ന ഛിന്നഗ്രഹത്തിന് 290 മീറ്ററിനും 650 മീറ്ററിനും ഇടയിൽ വീതിയും ഏകദേശം 828 മീറ്റർ ഉയരവുമുണ്ട്.

 

കാലിഫോർണിയയിലെ പസഡെനയിലെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയുടെ ഭാഗമായ നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് (സി‌എൻ‌ഇ‌എസ്) അനുസരിച്ച് സെപ്റ്റംബർ 14 ന് ഇത് മണിക്കൂറിൽ 23,100 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2000 ക്യുഡബ്ല്യു 7 എന്ന ഛിന്നഗ്രഹം ഭൂമിയ്‌ക്ക് സമീപമുള്ള ഒരു വസ്തുവാണെങ്കിലും 5.3 ദശലക്ഷം കിലോമീറ്റർ സുരക്ഷിതമായ അകലത്തിൽ ഛിന്നഗ്രഹം മറികടന്ന് സഞ്ചരിക്കുമെന്നാണ് സി‌എൻ‌ഇ‌എസ് പറഞ്ഞത്.

 

ഭൂമിയുടെ 1.3 ജ്യോതിശാസ്ത്ര യൂണിറ്റുകൾക്കുള്ളിൽ കടന്നുപോയാൽ ഛിന്നഗ്രഹങ്ങളും മറ്റ് ബഹിരാകാശ വസ്തുക്കളും ഭൂമിക്കു സമീപമുള്ള വസ്തുക്കളായി കണക്കാക്കപ്പെടുന്നു. ഇവിടെ ഒരു ജ്യോതിശാസ്ത്ര യൂണിറ്റ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന് തുല്യമാണ്. 92.9 ദശലക്ഷം മൈൽ അല്ലെങ്കിൽ 149.6 ദശലക്ഷം കിലോമീറ്ററാണ് ഈ ദൂരം. അങ്ങനെ, 200 ക്യുഡബ്ല്യു 7 0.03564 ജ്യോതിശാസ്ത്ര യൂണിറ്റുകളുടെ അകലത്തിൽ ഭൂമിക്കരികിലൂടെ കടന്നുപോകും.

 

ഭൂമിയെപ്പോലെ 2000 ക്യുഡബ്ല്യു 7 ഛിന്നഗ്രഹവും സൂര്യനെ പരിക്രമണം ചെയ്യുന്നുണ്ട്. ഇത് ഇടയ്ക്കിടെ ഭൂമിക്ക് അരികിലേക്കും വരാറുണ്ട്. ഇത് അവസാനമായി ഭൂമിയെ സമീപിച്ചത് 2000 സെപ്റ്റംബർ ഒന്നിനാണ്. സെപ്റ്റംബർ 14 നു ശേഷം ഇനി 2038 ഒക്ടോബർ 19 ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

നിലവിൽ ‘കില്ലര്‍’ ഛിന്നഗ്രഹങ്ങൾക്കെതിരെ ഭൂമിക്ക് യാതൊരു പ്രതിരോധവുമില്ലെന്ന് സ്‌പേസ് എക്‌സും ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്കും ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2029 ൽ ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ഗോഡ് ഓഫ് ചാവോസ്’ എന്ന് വിളിക്കപ്പെടുന്ന അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായാണ് മസ്ക് ചൂണ്ടിക്കാട്ടിയത്. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ നിലവിൽ ഒരു പ്രതിരോധ സംവിധാനവുമില്ല എന്നതായിരുന്നു ട്വീറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com