ADVERTISEMENT

മനുഷ്യന്റെ അന്യഗ്രഹയാത്രാ സ്വപ്‌നങ്ങളില്‍ ആദ്യപടിയാണ് ചൊവ്വ. തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത ഇത്തരം ചൊവ്വായാത്ര അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചൊവ്വയിലേക്കു പോകുന്ന മനുഷ്യരുടെ മാനസികാരോഗ്യം തകരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തലച്ചോർ തകർക്കുന്ന റേഡിയേഷനുകളാണ് ചൊവ്വാ യാത്രികർക്കു വൻ വെല്ലുവിളിയാകുകയെന്നു കരുതുന്നു.

ചൊവ്വാ യാത്രികരുടെ പ്രധാന എതിരാളി കണ്ണുകൊണ്ട് കാണാനാകാത്ത ഇത്തരം റേഡിയേഷനുകളാണ്. ഭൂമിയുടെ സുരക്ഷിതത്വം വിട്ടു പോകും തോറും ഇത്തരം റേഡിയേഷനുകള്‍ രൂക്ഷമാകുമെന്നും അപകടസാധ്യത വര്‍ധിക്കുമെന്നുമാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി റേഡിയേഷന്‍ ഏല്‍ക്കുന്നതുമൂലം യാത്രികര്‍ക്ക് പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള ശേഷി നഷ്ടമാകുമെന്നും അര്‍ബുദ സാധ്യത വര്‍ധിക്കുമെന്നുമാണ് കരുതുന്നത്. 

പ്രധാനമായും രണ്ടു തരം അതിതീവ്ര റേഡിയേഷനുകളെയാണ് ചൊവ്വാ യാത്രികര്‍ നേരിടേണ്ടിവരിക. സൂര്യനില്‍നിന്നുള്ള റേഡിയേഷനും സൗരയൂഥത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നുള്ളവയും. ഇത്തരം റേഡിയേഷനുകളുടെ ദൂഷ്യഫലങ്ങളില്‍ നിന്നു ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ അന്തരീക്ഷമാണ്. രാജ്യാന്തര ബഹിരാകാശനിലയങ്ങളിലുള്ളവര്‍ക്കു പോലും ഭൂമിയിലുള്ളതിനേക്കാള്‍ 250 മടങ്ങ് കൂടുതല്‍ റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്.

ഉയര്‍ന്നതോതിലുള്ള റേഡിയേഷന്‍ അടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഗവേഷകര്‍ എലികളിലാണ് പഠനം നടത്തിയത്. ഇതിനായി 40 എലികള്‍ക്ക് ചെറിയ തോതില്‍ റേഡിയേഷന്‍ ആറു മാസത്തോളം നല്‍കി. ചൊവ്വാ ദൗത്യം പോലുള്ള ബഹിരാകാശയാത്രകള്‍ക്ക് കുറഞ്ഞത് ആറു മാസം വേണ്ടിവരുമെന്നാണ് കരുതുന്നത്. പിന്നീട് കുറഞ്ഞ സമയത്തേക്ക് ഉയര്‍ന്ന തോതില്‍ റേഡിയേഷന്‍ നല്‍കി. ഇതോടെ പല എലികളിലെയും സമ്മര്‍ദ്ദം വളരെയധികം ഉയരുകയും ചിലവ അല്‍പനേരം ചലിക്കാതെ നില്‍ക്കുകയും ചെയ്തു. ചൊവ്വാ ദൗത്യത്തിലെ ബഹിരാകാശ യാത്രികരിൽ അഞ്ചില്‍ ഒരാൾക്കു വീതം ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍ ഈ പഠനത്തെയും മുന്നറിയിപ്പിനെയും തള്ളിക്കളയുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചൊവ്വാ യാത്രികര്‍ നേരിടാന്‍ സാധ്യതയുള്ളതിനേക്കാള്‍ ഉയര്‍ന്ന റേഡിയേഷനാണ് എലികളില്‍ പ്രയോഗിച്ചതെന്നാണ് നാസയിലെ ചീഫ് ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ ഓഫിസര്‍ ജെ.ഡി പോള്‍ക് പ്രതികരിച്ചത്. 

എന്നാല്‍ പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ചാള്‍സ് ലിമോളി ഈ മുന്നറിയിപ്പുകളെ തള്ളിക്കളയരുതെന്നു പറയുന്നു. 2015 ലും 2016 ലും നടത്തിയ പഠനങ്ങള്‍ ബഹിരാകാശ യാത്രികരില്‍ സ്മൃതിനാശം പോലുള്ള രോഗങ്ങള്‍ക്ക് റേഡിയഷന്‍ കാരണമാകുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു.

mars-one1

ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് ബഹിരാകാശ പേടകത്തില്‍ റേഡിയേഷനെ കൂടുതല്‍ പ്രതിരോധിക്കുന്ന ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്നും നിര്‍ദേശങ്ങളുണ്ട്. എന്തായാലും ചൊവ്വായാത്രികരുടെ ആരോഗ്യത്തില്‍ വിട്ടിവീഴ്ച പാടില്ല എന്നതിനോട് നാസയിലെ ശാസ്ത്രജ്ഞരും പുറത്തുള്ളവരും യോജിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com