ADVERTISEMENT

ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്ന രണ്ട് സാറ്റലൈറ്റുകൾ കൂട്ടിയിടിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) രംഗത്തെത്തിയത് വൻ ചർച്ചയായി. യൂറോപ്യൻ സാറ്റലൈറ്റും അമേരിക്കൻ കമ്പനി സ്പേസ് എക്സിന്റെ സ്റ്റാർലിങ്കുമായി കൂട്ടിയിടിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഭൂമിയിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനായി വിക്ഷേപിച്ച ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹം യൂറോപ്യൻ സാറ്റലൈറ്റിന്റെ വഴിയെ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

 

എന്നാൽ സ്റ്റാർലിങ്ക് ഉപഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റില്ലെന്നും കൂട്ടിയിടിക്കാൻ സാധ്യതയില്ലെന്നുമാണ് സ്പേസ് എക്സ് വാദിച്ചത്. ‘സ്റ്റാർലിങ്ക് 44’ എന്ന് വിളിക്കപ്പെടുന്ന ബഹിരാകാശ ഇന്റർനെറ്റ് ഉപഗ്രഹവുമായുള്ള കൂട്ടിയിടികളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ഇഎസ്എയുടെ അയോലസ് എർത്ത് നിരീക്ഷണ ഉപഗ്രഹം സഞ്ചാര വഴി മാറ്റുകയായിരുന്നു. ഭൂമിയിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് ഈ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കിയതിനു ശേഷം അയോലസ് അതിന്റെ പ്രവർത്തന ഭ്രമണപഥത്തിലേക്ക് തന്നെ മടങ്ങി.

 

ഇഎസ്എയിലെ സ്പേസ് ഡെബ്രിസ് ഓഫിസ് മേധാവി ഹോൾഗർ ക്രാഗ് പറയുന്നതനുസരിച്ച് രണ്ട് ഉപഗ്രഹങ്ങളും തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത 1,000 ൽ 1 ആയിരുന്നു. എന്നാൽ കൂട്ടിയിടി ഒഴിവാക്കൽ ഒൻപത് മാസം മുൻപ് തന്നെ സ്പേസ് എക്സിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നേരത്തെ തന്നെ ഈ ഓർബിറ്റിൽ സഞ്ചരിക്കുന്ന എയോലസ് ഉപഗ്രഹത്തിന്റെ വഴിയെ അടുത്തിടെ വിക്ഷേപിച്ച് സ്റ്റാർലിങ്ക് 44 വന്നതാണ് പ്രശ്നമായത്. എന്നാൽ സ്റ്റാർലിങ്ക് 44 ന്റെ ഓർബിറ്റ് മാറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു സ്പേസ് എക്സ്.

 

എന്തുകൊണ്ടാണ് സ്പേസ് എക്സ് അവരുടെ ഉപഗ്രഹം നീക്കാൻ വിസമ്മതിച്ചതെന്ന് വ്യക്തമല്ല. സ്‌പേസ് എക്‌സിന്റെ ഇലക്ട്രിക് പ്രൊപ്പൽ‌ഷൻ സിസ്റ്റവുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടാകാമെന്നാണ് ക്രാഗ് സംശയിക്കുന്നത്. യൂറോപ്യൻ ഉപഗ്രഹത്തെ പോലെ ഓർബിറ്റ് മാറ്റാൻ സ്റ്റാർലിങ്ക് 44 ന് സാധിക്കില്ലായിരിക്കാം എന്നാണ് കരുതുന്നത്.

 

1,300 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള എയോലസ് ഉപഗ്രഹം 2018 ഓഗസ്റ്റ് 22 നാണ് വിക്ഷേപിച്ചത്. അതേസമയം സ്പേസ് എക്സ് 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് ഈ വർഷം മെയ് 23 നുമാണ് വിക്ഷേപിച്ചത്. ഇവയിൽ ഭൂരിഭാഗവും ഭ്രമണപഥം 440 കിലോമീറ്ററിൽ നിന്ന് 550 കിലോമീറ്ററായി ഉയർത്തിയിരുന്നു. സ്റ്റാർലിങ്ക് 44 ഉപഗ്രഹം 320 കിലോമീറ്റർ പരിധിയിലുള്ള ഓർബിറ്റിലൂടെയാണ് സഞ്ചരിക്കുന്നത്.

 

ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ 2018 ൽ മാത്രം 28 തവണ ഓർബിറ്റ് മാറ്റിയിട്ടുണ്ടെന്നാണ് ഇഎസ്എ വെളിപ്പെടുത്തിയത്. ഇതിൽ കൂടുതലും പ്രവർത്തനം നിലച്ച ഉപഗ്രഹങ്ങളോ ബഹിരാകാശ അവശിഷ്ടങ്ങളോ ഒഴിവാക്കാനായിരുന്നു. സജീവമായ ഉപഗ്രഹങ്ങൾ ഒഴിവാക്കാനുള്ള വെല്ലുവിളികൾ അപൂർവമാണ്. പക്ഷേ സ്റ്റാർലിങ്ക് പോലുള്ള മെഗാ ഉപഗ്രഹ സമൂഹങ്ങളുടെ വരവ് ഭാവിയിൽ ഇത്തരത്തിലുള്ള നിരവധി നീക്കങ്ങൾ ആവശ്യമായി വരുമെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com