ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ മേധാവി കെ.ശിവൻ പറഞ്ഞത് ദൗത്യത്തിന്റെ വിജയത്തിനായി ബഹിരാകാശ ഏജൻസി മാനുഷികമായി സാധ്യമായതെല്ലാം ചെയ്തുവെന്ന്. അതായത് ഇനി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നത് അത്യാധുനിക ടെക്നോളജി തന്നെയായിരിക്കും. ചന്ദ്രയാന്‍–2 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ്‍ലാന്‍ഡിങ് ആണ്. പ്രശ്നങ്ങളില്ലാതെ കൃത്യതയോടെ, സൂക്ഷ്മതയോടെ ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ് കൈവിട്ടകളിയാണ്. ചെയ്യാനുള്ളതെല്ലാം ചെയ്തുവെന്നും ഇനി യന്ത്രങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നുമാണ് ഇതിൽ നിന്ന് മനസിലാക്കാം.

 

ഇസ്രോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിത ബുദ്ധി) ശക്തി എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാകും ഈ സോഫ്റ്റ് ലാൻഡിങ്. ദൗത്യത്തിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് നിർമിത ബുദ്ധി, അല്ലെങ്കിൽ നേരത്തെ ഫീഡ് ചെയ്ത അൽഗോരിതത്തിനു വഹിക്കാനുണ്ട്. ലാൻ‌ഡറുമായി ആശയവിനിമയം നടത്താൻ‌ കഴിയുന്ന എ‌ഐ‌-പവേർ‌ഡ് പ്രഗ്യാൻ‌ റോവറിൽ‌ ഐ‌ഐ‌ടി-കാൺ‌പൂർ ഗവേഷകർ‌ വികസിപ്പിച്ചെടുത്ത ചലനാത്മക സാങ്കേതികവിദ്യ ഉൾ‌ക്കൊള്ളുന്നുണ്ട്. ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ‌ റോവറിന്‌ തന്ത്രങ്ങൾ‌ കൈകാര്യം ചെയ്യുന്നതിനും ലാൻ‌ഡിങ്ങിന്‌ സഹായിക്കുന്നതിനും ഉപകരിക്കും. 

 

നേരത്തെ ഫീഡ് ചെയ്ത അൽ‌ഗോരിതം ഉപയോഗിച്ചാണ് ചന്ദ്രന്റെ ഉപരിതലത്തിലെ വെള്ളവും മറ്റ് ധാതുക്കളും കണ്ടെത്താൻ റോവറിനെ സഹായിക്കുക. മാത്രമല്ല ഗവേഷണത്തിനും പരിശോധനയ്ക്കും ചിത്രങ്ങൾ അയയ്‌ക്കുകയും ചെയ്യുന്നത് അൽഗോരിതവും എഐയുടെയും സഹായത്തോടെയായിരിക്കും.

 

ചന്ദ്രയാൻ–2 വിക്ഷേപിക്കും മുൻപെ ഭൂമിയില്‍വച്ച് നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ചന്ദ്രോപരിതലത്തിൽ എത്തുമ്പോൾ ശരിയായിരിക്കണമെന്നില്ല. ഭൂമിയിൽ നിന്ന് പരീക്ഷിച്ചു ഉറപ്പിക്കാൻ കഴിയുന്നതല്ല ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്. ഭൂമിയിലെ അന്തരീക്ഷവും ചന്ദ്രോപരിതലവും തികച്ചു വ്യത്യസ്ഥമാണ്. ഭൂമിയിലെ ഗുരുത്വാകര്‍ഷണബലമല്ല ചന്ദ്രനിലുള്ളതെന്നും ഓർക്കുക.

 

ചന്ദ്രയാൻ–2 ദൗത്യത്തിന്റെ അവസാന 15 മിനിറ്റ് സമയം ടെക് വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പാണ്. കാരണം ആ സമയത്തെ കാര്യങ്ങൾ ഭൂമിയിൽ നിന്നു നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുക്കും തോറും വിക്രത്തിന്റെ പരിക്രമണപഥത്തിന്റെ ഉയരം കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇതിനെല്ലാം പ്രത്യേകം സജ്ജമാക്കിയ ചെറു റോക്കറ്റുകൾ വേണം. റിട്രോറോക്കറ്റുകള്‍ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറയ്ക്കാൻ കഴിയും. പരമാവധി വേഗം കുറച്ച് ലാന്‍ഡറിന്റെ സുരക്ഷിതമായ ലാന്‍ഡിങ്ങിന് വഴിയൊരുക്കണം. ഇതിന് എത്രത്തോളം ഇന്ധനം കത്തിക്കേണ്ടി വരുമെന്നെല്ലാം നേരത്തെ തീരുമാനിച്ചതാണെങ്കിലും അവസാന നിമിഷങ്ങൾ കണക്കുകൾ മാറിമറിയാം. ഇത്തരം മാറ്റങ്ങളെ നിയന്ത്രിക്കാൻ ഭൂമിയിലുള്ളവർക്കും സാധിക്കില്ല. വേഗവും ചന്ദ്രനിലേക്കുള്ള ദൂരവും എല്ലാം സ്വയം കണക്കുകൂട്ടി, എഐ ടെക്നോളജിയുടെ സഹായത്തോടെ ലാന്‍ഡര്‍ തന്നെ വേണം കാര്യങ്ങൾ നിയന്ത്രിക്കാന്‍. ഇതിനു വേണ്ട അൽഗോരിതങ്ങൾ ഫീഡ് ചെയ്ത സിസ്റ്റങ്ങൾ ലാന്‍ഡറിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com