ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 വൻ വിജയമെന്ന് പറഞ്ഞ് ലോകം ഒന്നടങ്കം വാഴ്ത്തുമ്പോൾ ഇസ്രോയ്ക്ക് അഭിമാന നിമിഷമാണ്. അതേസമയം ഈ വൻ ദൗത്യത്തിനു നേതൃത്വം നൽകിയത് രണ്ട് വനിതകൾ ആയിരുന്നുവെന്നത് അതിലേറെ അഭിമാനം നൽകുന്നതാണ്. ചന്ദ്രയാൻ–2 ന്റെ നിർണായക ദിവസങ്ങളിലും മണിക്കൂറുകളിലും കാര്യങ്ങൾ നിയന്ത്രിച്ചത് രണ്ടു വനിതകളായിരുന്നു. ലോകത്തിനു ഇന്ത്യക്ക് ഏറെ അഭിമാനം നൽകുന്നതാണിത്. 

 

ചന്ദ്രയാന്‍ 2 ദൗത്യത്തിന് നേതൃത്വം വഹിച്ചത് രണ്ട് വനിതകളായിരുന്നു. പ്രൊജക്റ്റ് ഡയറക്ടര്‍ മുത്തയ്യ വനിതയും മിഷന്‍ ഡയരക്ടര്‍ റിതു കരിദാലും. പേടകം മുകളിൽ എത്തിയതു മുതൽ ചന്ദ്രനിലിറക്കുന്നത് വരെയുള്ള കാര്യങ്ങൾ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ അവസാന മിനിറ്റുകളിൽ മാത്രമാണ് നേരിയ പരാജയം നേരിട്ടത്. ദൗത്യത്തന്റെ 95 ശതമാനവും വിജയിപ്പിക്കാൻ ഈ രണ്ട് വനിതകള‍ക്ക് കഴിഞ്ഞു.

 

ചന്ദ്രയാൻ രണ്ടിന്റെ ഭൂരിഭാഗം കാര്യങ്ങളും നിയന്ത്രിച്ചത് മുത്തയ്യ വനിതയും റിതു കരിദാലുമാണ്. ലോകം ഒന്നടങ്കം വീക്ഷിച്ച ഒരു ദൗത്യത്തിനു ചുക്കാൻപിടിച്ചത് രണ്ടു വനിതകളാണെന്ന് വിളിച്ചുപറയുന്നതിൽ രാജ്യത്തിനു അഭിമാനിക്കാം. 2006ല്‍ ഇന്ത്യന്‍ ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ വനിത കഴിഞ്ഞ 20 വർഷമായി ഐഎസ്ആർഒയിൽ സേവനം ചെയ്യുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ മുത്തയ്യ വനിതയുടെ രാപകൽ കഠിനാധ്വാനമാണ് ചന്ദ്രയാൻ രണ്ട്. ദിവസങ്ങളോളം വീട്ടിൽ പോകാതെ ഓഫിസിലിരുന്ന് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ചന്ദ്രയാൻ രണ്ട്. ഡിസൈന്‍ എന്‍ജിനീയറായി ജോലിയിൽ പ്രവേശിച്ച മുത്തയ്യ വനിത ഐഎസ്ആര്‍ഒയുടെ ആദ്യ വനിതാ പ്രൊജക്റ്റ് ഡയരക്ടര്‍ കൂടിയാണ്.

ISRO-modi

 

റോക്കറ്റ് വുമൺ എന്ന് വിശേഷിപ്പിക്കുന്ന ഗവേഷകയാണ് റിതു കരിദാൽ. 2013-2014ൽ മംഗൽയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻ ഡയറക്ടറായിരുന്നതിനാൽ റിതു കരിദാലിനെ ഇന്ത്യയിലെ ‘റോക്കറ്റ് വുമൺ’ എന്നാണ് അറിയപ്പെടുന്നത്.

 

ചന്ദ്രയാൻ 2 ന്റെ മിഷൻ ഡയറക്ടറുടെ സ്ഥാനം വഹിക്കുന്ന കരിദാൽ ബഹിരാകാശപേടകം ഭൂമിയിൽ നിന്ന് പറന്നുയർന്നു കഴിഞ്ഞതോടെ ചന്ദ്രയാൻ 2 ദൗത്യത്തിലുടനീളം മുത്തയ്യ വനിതയുമായി ചേർന്ന് പ്രവർത്തിക്കും. ബെംഗളൂരുവിലെ ഐ‌എസ്‌സിയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഗവേഷകയാണ് റിതു കരിധാൽ. മുൻപ് മാർസ് ഓർബിറ്റർ മിഷനുള്ള ഐഎസ്ആർഡഒ ടീം അവാർഡും 2007 ൽ മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിൽ നിന്ന് ഐഎസ്ആർഒ യംഗ് സയന്റിസ്റ്റ് അവാർഡും നേടിയിട്ടുണ്ട്.

 

ഇന്ത്യയുടെ റോക്കറ്റ് 'വനിത'

 

ഇന്ത്യയുടെ അഭിമാനമായി മാറിയ രണ്ടാം ചാന്ദ്രദൗത്യത്തില്‍ തിളങ്ങി നിൽക്കുന്ന പേരാണ് പ്രൊജക്ട് ഡയറക്ടറായ എം. വനിതയുടേത്. രാജ്യത്തിന്റെ ഗ്രഹാന്തര ദൗത്യത്തിലെ ആദ്യത്തെ വനിതാ പ്രൊജക്ട് ഡയറക്ടറെന്ന തിരുത്താനാവാത്ത റെക്കോഡാണ് വനിത ചാന്ദ്രയാന്‍ 2 വിജയകരമായി ലാൻഡ് ചെയ്തതോടെ സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 2വിലൂടെ ആദ്യമായി ചന്ദ്രനില്‍ പേടകം ഇറക്കുക എന്ന ലക്ഷ്യം ഐഎസ്ആര്‍ഒ വിജയിപ്പിച്ചിരിക്കുന്നു.

 

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിജയത്തെ ലോകം ഒന്നടങ്കം വാഴ്ത്തുമ്പോൾ 1985ല്‍ എൻജിനീയറിങ് കോളജില്‍ പഠനം നടത്തിയ വനിതയുടെ സഹപാഠികള്‍ അഭിമാനത്തോടെയാണ് കൂട്ടുകാരിയെ ഓര്‍ക്കുന്നത്. പഠനകാലത്ത് തന്നെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ വനിതയുടെ ഇഷ്ടവിഷയമായിരുന്നു. പില്‍കാലത്ത് സഹപാഠികള്‍ വ്യത്യസ്ഥ മേഖലകള്‍ തിരഞ്ഞെടുത്തപ്പോഴും ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനില്‍ തന്നെ ഉറച്ചു നിന്നുയരാന്‍ വനിതയെ സഹായിച്ചതും ആ ഇഷ്ടമാണെന്ന് സഹപാഠിയും നിലവില്‍ ഡാന്‍ഫോസ് ഇന്ത്യ പ്രസിഡന്റുമായ രവിചന്ദ്രന്‍ പുരുഷോത്തമന്‍ പറയുന്നു. 

 

പാഠ്യവിഷയങ്ങള്‍ കഥപോലെ അവതരിപ്പിക്കാനുള്ള കഴിവ് വനിതക്കുണ്ടായിരുന്നു. അത്രത്തോളം ഇഷ്ടത്തോടെ ആ വിഷയങ്ങളെ സമീപിച്ചതുകൊണ്ടായിരിക്കും അതിന് സാധിച്ചതെന്ന് സഹപാഠിയായ ഡി. ശശകല ഓര്‍ക്കുന്നു. ചന്ദ്രയാന്‍ 2ന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് തങ്ങളുടെ സഹപാഠിയെന്നത് ഇവരുടെ അഭിമാനം വര്‍ധിപ്പിക്കുന്നു. 

 

ചന്ദ്രയാന്‍ 2വിന്റെ പ്രൊജക്ട് ഡയറക്ടറാകാന്‍ നിര്‍ദേശിച്ചപ്പോള്‍ സാധിക്കുമോ എന്ന സംശയത്തോടെയാണ് വനിത അതിനെ സമീപിച്ചത്. മുന്‍ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം അണ്ണാദുരൈയുടെ പിന്തുണ കൂടിയാണ് വനിതയെയും കുടുംബത്തേയും നിര്‍ണ്ണായക ദൗത്യത്തില്‍ ഉത്തരാവാദപ്പെട്ട പദവി ഏറ്റെടുക്കാന്‍ സഹായിച്ചത്. നേരത്തെ ഗ്രൂപ്പ് ഡയറക്ടര്‍ ചുമതല വരെ ഭംഗിയായി നിര്‍വഹിച്ച വനിതയുടെ കഴിവിലുള്ള ആത്മവിശ്വാസമാണ് അണ്ണാദുരൈയെ വനിതയെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചതും. 

 

വര്‍ധിച്ച ഉത്തരവാദിത്വമുള്ള ജോലിയായതിനാല്‍ 18 മണിക്കൂര്‍ വരെയാണ് പലപ്പോഴും ജോലിയെടുക്കേണ്ടി വന്നത്. ഐഎസ്ആര്‍ഒയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നിരവധി യോഗങ്ങളിലും വനിത നിര്‍ണ്ണായക സാന്നിധ്യമാവുകയും ചെയ്തു. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ റോക്കറ്റ് 'വനിത' കൂടുതല്‍ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒക്കും രാജ്യത്തിനും വേണ്ടി പൂര്‍ത്തിയാക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com