ADVERTISEMENT

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2ന്റെ ലാന്‍ഡറായ വിക്രമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണെങ്കിലും ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ വലംവച്ച് സുഗമമായി പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ ഇന്ത്യക്കുമൊപ്പം ലോക രാജ്യങ്ങളും ഈ ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച് ഓര്‍ഗനൈസേഷനെ (ഇസ്രോ) പ്രകീര്‍ത്തിക്കുകയാണ്. ഇതിനിടെ ഇസ്രോയെ അഭിന്ദിക്കാന്‍ വൈമുഖ്യം കാട്ടി നിന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ നമീറാ സലീമും ദൗത്യത്തെ അനുമോദിച്ച് എത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ മന്ത്രിമാരുടെ പരിഹാസങ്ങളെ തള്ളിയാണ് പാക്ക് ഗവേഷകയുടെ പ്രതികരണം.

 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇസ്രോ നടത്തിയ ചരിത്ര ശ്രമത്തെ താന്‍ അഭിനന്ദിക്കുകയാണ് എന്നാണ് അവര്‍ പറഞ്ഞത്. ചന്ദ്രയാന്‍-2 ദൗത്യത്തെ ദക്ഷിണേഷ്യയുടെ വന്‍ കുതിപ്പായി വിശേഷിപ്പിക്കാനും അവര്‍ മറന്നില്ല. ദക്ഷിണേഷ്യക്കാര്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ അഭിമാന നിമിഷമാണിതെന്നും നമീറ പറഞ്ഞു.

 

സര്‍ റിച്ചാഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗ്യലാറ്റിക്കിലാണ് നമീറ തന്റെ ബഹിരാകാശ സഞ്ചാരം നടത്തിയത്. ബഹിരാകാശത്ത് രാഷ്ട്ര വിഭജനങ്ങള്‍ അലിഞ്ഞില്ലാതാകുമെന്നും നമീറ പറഞ്ഞു. ദക്ഷിണേഷ്യയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.

 

namira

ഭൂമിക്ക് ഒരു ബഹിരാകാശ നയതന്ത്രം (space diplomacy) വേണമെന്ന് ഉച്ചത്തില്‍ വാദിക്കുന്നവരുടെ മുന്‍പന്തിയല്‍ നമീറയുമുണ്ട്. ഭൂമിയില്‍ സമാധാനം കൊണ്ടുവരാന്‍ ബഹിരാകാശം ഒരു നിമിത്തമായി തീരാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളുമാണ് നമീറ. ഇതിനായി അവര്‍ വാണിജ്യ ലാക്കില്ലാതെ ഒരു ട്രസ്റ്റും നടത്തുന്നുണ്ട്. 

 

ലോക നേതാക്കന്മാരോട് ബഹിരാകാശത്തെ ഭൂമിയില്‍ സമാധാനം കൊണ്ടുവരാന്‍ ഒരു സാധ്യതയായി കാണണമെന്നാണ് ആവശ്യപ്പെടുന്നത്. ലോകത്തെ ആദ്യത്തെ സ്വകാര്യ സ്‌പേസ് ലൈനാണ് അവര്‍ സഞ്ചരിച്ച വെര്‍ജിന്‍ ഗ്യാലാറ്റിക്.  2007 ഏപ്രിലില്‍ ഉത്തരധ്രുവത്തിലേക്കായിരുന്നു ദൗത്യം നടത്തിയത്. പിന്നീട് 2008 ജനുവരിയില്‍ ദക്ഷിണധ്രുവത്തിലേക്കും വെര്‍ജിന്‍ ഗ്യാലറ്റിക് സഞ്ചിരിക്കുകയുണ്ടായി. സ്‌കൈ ഡൈവിങ്ങിലൂടെ എവറസ്റ്റ് കൊടുമുടിക്കു മുകളില്‍ ഇറങ്ങിയ ആദ്യ ഏഷ്യക്കാരി എന്ന ഖ്യാതിയും നമീറയ്ക്കുണ്ട്. ഇത് 2008 ഒക്ടോബറിലായിരുന്നു.  

 

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ പരിശ്രമത്തെ പ്രകീര്‍ത്തിക്കുകയുണ്ടായി. ഇസ്രോയുമായി സംയുക്ത സൗരയൂഥ ദൗത്യത്തിനൊരുക്കമാണെന്നു പോലും അവര്‍ പറയുകയുണ്ടായി. അമേരിക്കിയിലെ ട്രംപ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥയായ ആലീസ് ജി വെല്‍സ് ദൗത്യത്തെ 'അവിശ്വസനീയ'മെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ ബഹിരാകാശ അഭിലാഷങ്ങള്‍ നേടുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായതിനെ പരിഹസിച്ച് പാക്കിസ്ഥാന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ ഇറങ്ങേണ്ടതിനു പകരം മുംബൈയില്‍ കളിപ്പാട്ടം ഇറങ്ങി’ എന്നാണ് ദൗത്യത്തെ കളിയാക്കി ഫവാദ് ട്വിറ്ററില്‍ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com