ADVERTISEMENT

ചന്ദ്രയാന്‍–2 ദൗത്യത്തിന്റെ അവസാന നിമിഷം നേരിയ പരാജയം നേരിട്ടെങ്കിലും അടുത്ത പത്ത് വര്‍ഷത്തിനുളളിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്ന പ്രഖ്യാപനവുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ചന്ദ്രോപരിതലത്തില്‍ ഫാക്ടറി നിര്‍മിക്കാന്‍ കഴിയും. ഈ ഫാക്ടറിയിൽ നിന്ന് ഹീലിയം-3 വേര്‍തിരിച്ചെടുത്ത് ഭൂമിയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ദൂര്‍ദര്‍ശന്‍ ന്യൂസിന്റെ 'വാര്‍ ആന്റ് പീസ്' എന്ന പരിപാടിയിലാണ് എ.ശിവതാണു പിള്ള ഇത്തരമൊരു പ്രതികരണം നടത്തിയത്. ഡിആര്‍ഡിഒയുടെ ബ്രഹ്മോസ് മിസൈല്‍ പദ്ധതിയുടെ നേതൃത്വം ശിവതാണു പിള്ളയായിരുന്നു. ചന്ദ്രയാൻ–2 നു പിന്നാലെ ഇസ്രോ ഗവേഷകർ നിരവധി ബഹിരാകാശ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ലോകശക്തികൾക്കൊപ്പം ബഹിരാകാശത്ത് ഇന്ത്യയും വൻ മുന്നേറ്റം നടത്താനിരിക്കുകയാണ്.

 

ഭാവിയില്‍ ഊര്‍ജോല്‍പാദനത്തിനായി ഉപയോഗിക്കാനാവുന്ന പുതിയ വസ്തുവായിരിക്കും ഹീലിയം-3. അമൂല്യമായ അസംസ്‌കൃത വസ്തുക്കളും ഹീലിയം-3യും വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ചന്ദ്രനില്‍ ഒരു ഫാക്ടറി കെട്ടിപ്പടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാലു രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. യുറേനിയത്തേക്കാള്‍ നൂറിരട്ടി അധികം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള നോണ്‍ റേഡിയോ ആക്റ്റീവ് വസ്തുവാണ് ഹീലിയം-3.

 

ചന്ദ്രനില്‍ ആസ്ഥാനം നിര്‍മിക്കാന്‍ അമേരിക്കയും, ചൈനയും, റഷ്യയുമുണ്ട്. ഈ വന്‍ ശക്തികള്‍ക്ക് പുറകെ ഇന്ത്യയും ഉണ്ടാകും. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രമായും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com