ADVERTISEMENT

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം 1,827 ദിവസം പിന്നിട്ടു. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗൾയാൻ. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോർട്ട്.

പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം ഇപ്പോഴും തൃപ്തികരമാണെന്നാണ് ഇസ്രോ അറിയിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി ചിത്രങ്ങളാണ് മംഗൾയാൻ പേടകം ഭൂമിയിലേക്ക് അയച്ചത്. ചൊവ്വയുടെ ഏറെ അടുത്തുനിന്നു മാർസ് കളർ ക്യാമറ പകർത്തിയ ചിത്രങ്ങൾ ചർച്ചയായിരുന്നു.

ശ്രീഹരിക്കോട്ടയിൽ നിന്ന് മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 സെപ്റ്റംബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. കേവലം 454 കോടി രൂപ ചെലവിലാണ് മംഗൾയാൻ വിക്ഷേപിച്ചത്.

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ‍, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾ‌യാൻ ഭൂമിയിലേക്ക് അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. പേടകത്തിൽ എത്ര കിലോഗ്രാം ഇന്ധനംകൂടി  അവശേഷിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com