ADVERTISEMENT

അന്യഗ്രഹങ്ങളില്‍ താമസക്കാരുണ്ടോ എന്ന സമസ്യയ്ക്ക് ചന്ദ്രന്റെ ഉപരിതലത്തില്‍ വരും വര്‍ഷങ്ങളില്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കാനായേക്കുമെന്ന ഉത്സാഹത്തിലാണ് ഹാര്‍വാര്‍ഡിലെ ശാസ്ത്രജ്ഞനായ എബ്രഹാം ലോബ്. തിയററ്റിക്കല്‍ ഫിസിസിസ്റ്റായ അദ്ദേഹം അടുത്തിടെ സയന്റിഫിക് അമേരിക്കന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് പറയുന്നത്. 

 

ചന്ദ്രന്റെ ഉപരിതലത്തില്‍ ‘മുക്കുവന്റെ വലയില്‍ മീനുകളെന്ന പോലെ’ ജീവന്റെ സാധ്യതകള്‍ കുരുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് അദ്ദഹം വാദിക്കുന്നത്. വാസ സാധ്യമായ അന്യഗ്രഹങ്ങളില്‍ എങ്ങനെ ജീവിതം തുടങ്ങാമെന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ചന്ദ്രന്റെ ഉപരിതലത്തില്‍ കണ്ടേക്കാമെന്നും അദ്ദേഹം പറയുന്നു.

 

ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയിലേതു പോലെ ജൈവ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കോടിക്കണക്കിനു വര്‍ഷങ്ങളായി അടിഞ്ഞു കൂടിയിരിക്കുന്ന തെളിവുകള്‍ അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് അദ്ദേഹം അനുമാനിക്കുന്നത്. ഛിന്നഗ്രഹങ്ങളും മറ്റ് അസ്‌ട്രോഫിസിക്കന്‍ കേന്ദ്രങ്ങളും നിക്ഷേപിച്ചിരിക്കാവുന്ന അമൂല്യമായ സൂചനകള്‍ ചന്ദ്രോപരരിതലത്തില്‍ കിടപ്പുണ്ടാകാം എന്നാണ് അദ്ദേഹം വാദിക്കുന്നത്. ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും ഇത്തരം തെളിവുകളെ കേടുകൂടാതെ സംരക്ഷിക്കുന്നുണ്ടാകാം. അവിടെ ശേഖരിക്കപ്പെട്ട വസ്തുക്കള്‍ക്ക് ശതകോടിക്കമക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ടാകാം.

 

moon-life

ഇങ്ങനെ വന്നെത്തിയിരിക്കുന്ന വസ്തുക്കളില്‍ ബഹുഭൂരിഭാഗവും നമ്മുടെ സൗരയൂഥത്തില്‍ നിന്നുള്ളവ തന്നെയായിരിക്കും. എങ്കിലും മറ്റു സൗരയൂഥങ്ങളില്‍ നിന്നുള്ളവരെക്കുറിച്ചുള്ള സൂചനകളും അവിടെനിന്നു ലഭിച്ചേക്കാം. നമ്മുടെ സൗരയൂഥത്തിനു വെളിയില്‍ നിന്നെത്തിയ രണ്ടാമത്തെ ഉല്‍ക്കയായ 21/ബോറിസോവ് (2l/Borisov) പോലെയുള്ള സൂചനകള്‍ അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന സാധ്യത ആരായാനുള്ള ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യ വസ്തുവിനെ 2017ല്‍ ആണ് കണ്ടെത്തിയത്. അതിനു ഗവേഷകര്‍ നല്‍കിയ പേര് ഔമുവാമുവാ (Oumuamua) എന്നായിരുന്നു. ഇതിന് ഛിന്നഗ്രഹത്തോടും ഉല്‍ക്കയോടും സാദൃശ്യമുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഔമുവാമുവായ്ക്ക് അവയോടുള്ള മറ്റുപല സവിശേഷലക്ഷണ ലക്ഷണങ്ങളും ഇല്ലാ എന്നും പറയുന്നു.

 

എന്നാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ കടന്നു പോകുന്നുവെന്നത് ചന്ദ്രോപരിതലത്തില്‍ അന്യഗ്രഹ ജീവിതത്തെപ്പറ്റിയുള്ള എന്തെങ്കിലുമൊക്കെ സൂചനകള്‍ വീണു കിടപ്പുണ്ടാകാമെന്ന സാധ്യത നിലനിര്‍ത്തുന്നു. ഇതു ശേഖരിച്ച് വശകലനം ചെയ്താല്‍ പലതും ഗ്രഹിക്കാനാകുമെന്നാണ് കരുതുന്നത്. നമുക്കറിയാവുന്ന ജീവന്റെ നിര്‍മാണ വസ്തുവായി അറിയപ്പെടുന്ന അമിനോ ആസിഡുകള്‍ പോലും അവിടെ കണ്ടെത്താനായേക്കാം.

 

നശിച്ചുപോയ അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള സൂചനകളടങ്ങുന്ന മൈക്രോ-ഫോസിലുകളും ചന്ദ്രോപരിതലത്തില്‍ കണ്ടെത്താനുള്ള വിദൂര സാധ്യതയും ലോബ് തള്ളിക്കളയുന്നില്ല. അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള സൂചനകളെക്കാളേറെ അവര്‍ ഉപയോഗിച്ചിരിക്കാവുന്ന സാങ്കേതികവിദ്യാപരമായ ഉപകരണങ്ങളെക്കുറിച്ചുള്ള തെളിവുകളും ലഭിച്ചേക്കാമെന്നും ലോബ് പറയുന്നു. ഇതെല്ലാം അന്യഗ്രഹ ജീവികള്‍ ഇവിടെയുണ്ടെന്നു പറയുന്നതിനു തുല്യമായിരിക്കുമെന്നും അദ്ദേഹം വാദിക്കുന്നു. നമ്മുടെ മെയിൽബോക്‌സ് പരിശോധിച്ചാലല്ലെ മെയില്‍ വന്നിട്ടുണ്ടോ എന്നറിയാനാകൂ എന്നും അദ്ദേഹം ചോദിക്കുന്നു. ചന്ദ്രനില്‍ അമേരിക്കയോ ചൈനയോ തങ്ങളുടെ താവളം അടുത്ത വര്‍ഷങ്ങളില്‍ തുടങ്ങിയേക്കാമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരെ ഉത്സാഹത്തിലാഴ്ത്തിയിരിക്കുന്നത്.  

 

അന്യഗ്രഹങ്ങളില്‍ ജീവന്‍ കണ്ടേക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ അത് ഭൂമിയിലുള്ള അത്ര സങ്കീര്‍ണ്ണമാണോ എന്നാണ് അറിയാന്‍ ആഗ്രഹിക്കുന്നത്. ഒരു പക്ഷേ, അതിനേക്കാള്‍ സങ്കീര്‍ണ്ണവും ആകാം. അത്തരമൊരു സാഹചര്യത്തില്‍ അവരുടെ ശ്രദ്ധ ഭൂമിയിലേക്കു ക്ഷണിക്കുന്നതിന്റെ മേന്മയെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. മനുഷ്യനെപ്പോലെയുള്ള ഒരു സങ്കീര്‍ണ്ണ ജീവി ഉരുത്തിരിയാനായി ഏകദേശം 382 കോടി വര്‍ഷം എടുത്തുവെന്നാണ് ഒരു അനുമാനം. നിരവധി സാഹചര്യങ്ങളാണ് ഇതിനായി ഒത്തുവന്നിരിക്കുന്നത്. ഭൂമി സൂര്യനോട് അല്‍പം കൂടെ അടുത്തായിരുന്നെങ്കില്‍ ചൂടുമൂലം ഈ രീതിയിലുള്ള ജീവിതം നടന്നേക്കില്ലായിരുന്നു. കുറച്ചു കൂടെ അകലെയായിരുന്നെങ്കില്‍ തണുത്തുറഞ്ഞു പോകുമായിരുന്നു. എന്തിന്, ചന്ദ്രന് അല്‍പം വലുപ്പം കൂടുതലുണ്ടായിരുന്നെങ്കില്‍ കൂടെ ഈ രീതിയിലുള്ള ജീവിതം സാധ്യമായേക്കുമായിരുന്നില്ലെന്നു വാദിക്കുന്നവര്‍ പോലുമുണ്ട്. എന്നാല്‍, വാസസാധ്യതയുള്ള ഗ്രഹങ്ങള്‍ കണ്ടെത്താന്‍ മനുഷ്യര്‍ ഇന്നു ശ്രമിക്കുന്നുണ്ട്. ഭൂമി വാസയോഗ്യമല്ലാതായിത്തീരാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com