sections
MORE

നാസയുടെ മൂണ്‍ലാന്‍ഡറിന് എന്തു സംഭവിച്ചു? ഹോളിവുഡ് ത്രില്ലർ സിനിമാ കഥയെന്ന് വാദം

moon-lander
SHARE

അമേരിക്കയുടെ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) 1960കളില്‍ ചാന്ദ്ര ദൗത്യമായ അപ്പോളോയ്ക്കു വേണ്ടി 15 ലൂനാര്‍ മൊഡ്യൂളുകള്‍ നിര്‍മിക്കാന്‍ ഗ്രമ്മന്‍ എയര്‍ക്രാഫ്റ്റിനെ ചുമതലപ്പെടുത്തി. ചെലവ് 1.1 ബില്ല്യന്‍ ഡോളറായിരുന്നു. ഇവയില്‍ 14 എണ്ണത്തിനും എന്തു സംഭവിച്ചു എന്നതിനെപ്പറ്റി വ്യക്തമായ അറിവുണ്ട്. എന്നാല്‍, ലൂനാര്‍ മോഡ്യൂള്‍ 14, അഥവാ എല്‍എം14ന് എന്തു സംഭവിച്ചുവെന്ന് ചരിത്രത്താളുകളിൽ എവിടെയും പറയുന്നില്ല. 

ഹോളിവുഡ് സ്‌പൈ ത്രില്ലര്‍ സിനിമയ്ക്ക് അനുയോജ്യമായ പ്ലോട്ടാണിതെന്ന് ചിലര്‍ പറയുന്നു. ഇത്തരം ലാന്‍ഡറുകള്‍ നിര്‍മിച്ചശേഷം ഒളിച്ചുവയ്ക്കുകയൊന്നും സാധ്യമാകണമെന്നില്ല. അവയ്ക്ക് ഒരു ചെറിയ വീടിനോളം വലുപ്പവും 35,000 പൗണ്ട് തൂക്കവും വരും. അക്കാലത്തുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് അതിന്റെ നിര്‍മാണം നാസ വേണ്ടന്നുവച്ചിട്ടില്ലെന്നു തന്നെയാണ്. എന്നാല്‍ അത് ഏതെങ്കിലും മ്യൂസിയത്തിലോ സ്ഥാപനത്തിലോ സൂക്ഷിച്ചിട്ടുണ്ടെന്നും പറയുന്നില്ല. എല്‍എം14 എവിടെ എന്ന ചോദ്യം കേട്ട്, അതു നിര്‍മിക്കാനേറ്റ ഗ്രമ്മന്‍ എയര്‍ക്രാറഫ്റ്റ് കമ്പനിയുടെ പ്രതിനിധികളും വാ പൊളിച്ചു നിന്നു പോയിയത്രെ.

അടുത്ത നാളുകളില്‍ പുറത്തുവന്ന ഡോക്യുമെന്ററിയാണ് കാണാതായ എല്‍എം14നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. തങ്ങളുടെ എല്ലാ അപ്പോളോ ദൗത്യങ്ങളെക്കുറിച്ചുമുള്ള ഫോട്ടോകളും വിഡിയോയും നാസ പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ അറിയാത്തതായി ഒന്നുമില്ലെന്ന് ഡോക്യുമെന്ററി പറയുന്നു. അതായത് എല്‍എം14നെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നാസയുടെ ഈ മൊഡ്യൂള്‍ അപ്രത്യക്ഷമായിരിക്കുന്നു. നാസയക്കു പോലും അറിയില്ല അതിന് എന്തു സംഭവിച്ചെന്ന്. 1962-1970 വരെ 15 ലൂനാര്‍ മൊഡ്യൂളുകള്‍ നിര്‍മിക്കാനാണ് ഗ്രമ്മന്‍ എയര്‍ക്രാഫ്റ്റിനെ നാസ ചുമതലപ്പെടുത്തിയത്. 

ഓരോന്നിനും 15 കോടി ഡോളര്‍ ചെലവു വരും. വിഡിയോയില്‍ നാസയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതില്‍ വൈദഗ്ധ്യമുള്ള ഡേവ് മോഷറാണ് സംസാരിക്കുന്നവരില്‍ ഒരാള്‍. അദ്ദേഹം പറയുന്നത് പതിനഞ്ച് മൊഡ്യൂളുകളില്‍ പത്തും നാസ ബഹിരാകാശത്തേക്ക് അയക്കുകയുണ്ടായി എന്നാണ്. അവയില്‍ ആറെണ്ണവും ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും അവയിലെ സഞ്ചാരികളെ തിരിച്ചെത്തിക്കുകയും ചെയ്തു. മറ്റു നാലെണ്ണം പരിശീലനത്തിന് ഉപയോഗിച്ചു. ബാക്കി അഞ്ചെണ്ണം ഭൂമിയില്‍ തന്നെ ഇരുന്നു.

ലൂനാര്‍ മൊഡ്യൂളുകളായ 2, 9, 13 എന്നിവ ഇപ്പോഴും മ്യൂസിയങ്ങളിലുണ്ട്. പിന്നയെുള്ളത് എല്‍എം14ഉം 15ഉം ആണ്. ഇവയില്‍ ലൂനാര്‍ 15 അപ്പോളോ 20നു വേണ്ടി നിര്‍മിച്ചതായിരുന്നു. ആ ദൗത്യം നടന്നില്ല. അതിന്റെ ലോഹങ്ങളെല്ലാം അഴിച്ചെടുത്ത് ഉപയോഗിച്ചു. പിന്നെ ബാക്കിയുള്ളത് നിഗൂഢമായ എല്‍എം 14 ആണ്. അമേരിക്കന്‍ സർക്കാരിനു കീഴിലുള്ള മ്യൂസിയങ്ങളെ വിളിക്കുന്നതാണ് സ്മിത്സോണിയന്‍. അവരുടെ വെബ്‌സൈറ്റില്‍ ഓരോ ലൂനാര്‍ ലാന്‍ഡറിനെക്കുറിച്ചും അതിന്റെ വിധിയെന്തായിരുന്നു എന്നും പറയാന്‍ പേജു വച്ചു നല്‍കിയിട്ടുണ്ട്. അവിടെ ലൂനാര്‍ മൊഡ്യൂള്‍ 15നെക്കുറിച്ചു പറയുന്നത് വേണ്ടന്നു വച്ചുവെന്നാണ്. എന്നാല്‍ ഒരു പേജു പിന്നിലേക്കു പോയാല്‍ ലൂനാര്‍ മൊഡ്യൂള്‍ 14 ഉപയോഗിച്ചില്ല (not used) എന്നാണ് പറയുന്നത്. ഇതില്‍ നിന്നാണ് പുതിയ അന്വേഷണം ആരംഭിക്കുന്നത്.

മോഷര്‍ പറയുന്നത് എല്‍എം14നെക്കുറിച്ചു ലഭ്യമായ രേഖകള്‍ പറയുന്നത് അതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയില്ല, അല്ലെങ്കില്‍ ഉപയോഗിച്ചില്ല എന്നാണ്. എന്നാല്‍ അതു വേണ്ടെന്നു വച്ചതായി എവിടെയും കാണാനാകുന്നില്ല എന്നാണ്. ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറയുന്നില്ല. അതായത് നാസയ്ക്കറിയില്ല, സ്മിത്സോണിയന്‍സിനും അറിയില്ല, ഗ്രമ്മന്‍ എയര്‍ക്രാഫ്റ്റ് കമ്പനിയുടെ ചരിത്രകാരന്മാര്‍ക്കും ഇതെപ്പറ്റി യാതൊരു വിവരവും ഇല്ല.

എന്നാല്‍, ഇത്തരം കാര്യങ്ങളെക്കുറിച്ചു പഠിക്കുന്ന ഒരു വിദഗ്ധന്‍ പെട്ടെന്ന് പുതിയൊരു ചൂണ്ടുപലക നാട്ടി. അദ്ദേഹം പറഞ്ഞത് അതല്ലെ ഫിലാഡെല്‍ഫിയയിലെ ഫ്രാങ്ക്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ്. അന്വേഷകര്‍ ഉത്സാഹത്തോടെ ഫിലാഡെല്‍ഫിയയിലെക്കു കുതിച്ചുവെങ്കിലും അവിടെ അവര്‍ കണ്ടത് അപ്പോളോ പ്രോഗ്രാമുകള്‍ക്കുള്ള മൊഡ്യൂളുകള്‍ നിര്‍മിച്ചു തുടങ്ങുന്നതിനു മുൻപുള്ള ഒരു മാതൃക (prototype) മാത്രമായിരുന്നു. അത് വാനം നോക്കിപ്പറക്കാന്‍ ഉദ്ദേശിച്ചു നിര്‍മിച്ചതേ ആയിരുന്നില്ല.

എന്നാല്‍, ഉടനെ തന്നെ അന്വേഷകരെ ആവേശഭരിതരാക്കി ഒരു രേഖ അവരുടെ കയ്യിലെത്തി. അത് 1978 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചതായിരുന്നു. അപ്പോളോ പ്രോഗ്രാമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടങ്ങുന്ന ഒന്നായിരുന്നു അത്. ഓരോന്നിന്റെയും കോഡ് നമ്പര്‍ എത്രയാണ്. അതെവിടെ സൂക്ഷിച്ചിരിക്കുന്നു എന്നെല്ലാം അതില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ അതിന്റെ ഒമ്പാതാം പേജ് അപ്രത്യക്ഷമായിരുന്നു! അതിലാണ് എല്‍എം14നെക്കുറിച്ചുള്ള വിവരങ്ങള്‍ കാണേണ്ടിയിരുന്നത്.

ഈ ഘട്ടത്തില്‍ നാസയുടെ ചരിത്രകാരന്മാരും നഷ്ടപ്പെട്ട പേജ് അന്വേഷിച്ചിറങ്ങിയെങ്കിലും അവര്‍ക്കും അത് കണ്ടെത്താനായില്ല. എന്നാല്‍, ആ പേജ് ജീന്‍ എന്നോരാള്‍ കണ്ടെത്തിയത് അന്വേഷകരില്‍ ജനിപ്പിച്ച സന്തോഷവും നീണ്ടുനിന്നില്ല. അതില്‍ എഴുതിയിരുന്നത് എല്‍എം-14 ദൗത്യം വേണ്ടന്നു വച്ചുവെന്നും പ്രോഗ്രാമില്‍ നിന്ന് ഡിലീറ്റു ചെയ്തു എന്നുമായിരുന്നു. മറ്റൊന്നുമില്ല.

അപ്പോള്‍, ഇനി മുന്നോട്ടു പോകാനില്ല എന്ന തോന്നല്‍ അന്വേഷകര്‍ക്കുണ്ടായി. എന്നാല്‍ ആഴ്ചകള്‍ക്കു ശേഷം അവര്‍ക്ക് സ്‌പെയ്‌സ് ആര്‍ട്ടിസ്റ്റും ചരിത്രകാരനുമായ പോളുമായി (Paul Fjeld) ബന്ധപ്പെടാനുള്ള ഭാഗ്യമുണ്ടായി. അദ്ദേഹത്തിനാണെങ്കില്‍ ലൂണാര്‍ ലാന്‍ഡറുകളെന്നു പറഞ്ഞാല്‍ ഒരു ഒഴിയാബാധ തന്നെയാണ്. അദ്ദേഹം ക്രെയ്ഡ്ല്‍ ഓഫ് ഏവിയേഷന്‍ മ്യൂസിയത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് എല്‍എം-14 ഒരിക്കലും നിര്‍മിക്കപ്പെട്ടില്ല എന്നാണ്. അതേക്കുറിച്ചു ബെറ്റുവയ്ക്കാനാണെങ്കില്‍ ഞാനെന്റെ മകന്റെ ജീവന്‍ വച്ചൊന്നും ബെറ്റുവയ്ക്കില്ല. എന്നാല്‍ ധാരാളം പണം വയ്ക്കുക തന്നെ ചെയ്യുമെന്നും പോള്‍ പറഞ്ഞു. എല്‍എം-14ന്റെ ഒരു കഷണം പോലും ബാക്കിയില്ല. അതിന്റെ 1-5 ശതമാനം മാത്രമായിരിക്കണം നിര്‍മിക്കപ്പെട്ടത്. ഗ്രമ്മന്‍ കമ്പനി ആകെ ചെയ്തിരിക്കാന്‍ സാധ്യത അതിനുള്ള തകിടുകള്‍ മുറിക്കുക മാത്രമായിരിക്കും. ഒരു പക്ഷെ വെല്‍ഡ് ചെയ്തു പിടിപ്പിക്കുയും ചെയ്തിരിക്കും. സ്‌പെയ്‌സ് ഫ്‌ളൈറ്റ് ചരിത്രകാരന്മാരുമായുള്ള സംഭാഷണത്തില്‍ നിന്നും മനസിലാകുന്നത് എല്‍എം-14 നിര്‍മിക്കപ്പെട്ടില്ല എന്നാണ്. എന്നാല്‍, അവര്‍ക്കും അതില്‍ തീര്‍ച്ചയൊന്നുമില്ല. ഏതോ ഒരു മനുഷ്യന്‍ എല്‍എം-14 കൊണ്ടുപോയിതന്റെ വീടിന്റെ അടിയിലൊരു നില പണിത് അതില്‍ സൂക്ഷിച്ചിട്ടില്ല എന്നു തനിക്ക് ഉറപ്പു പറായാനാവില്ല എന്നാണ് പോള്‍ പോലും പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA