ADVERTISEMENT

ശാസ്ത്രജ്ഞര്‍ നിര്‍മിച്ച പുതിയ ടച് സാങ്കേതികവിദ്യയിലൂടെ ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും റോബോട്ടുകള്‍ക്കുമൊക്കെ ഇക്കിളിയിടല്‍, സ്പർശനം തുടങ്ങിയ അനുഭവങ്ങള്‍ മനുഷ്യരുടെയും മറ്റും തൊലിയിലെന്ന പോലെ അനുഭവിക്കാനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിസ്റ്റലിലും പാരിസിലുമുള്ള ഗവേഷകരാണ് കൃത്രിമ ത്വക്കിന്റെ രീതിയിലുള്ള ഈ പാട നിര്‍മിച്ചിരിക്കുന്നത്. വരും കാലത്ത് ഉപകരണങ്ങളുമായി ഇടപെടുന്നതിന് പുതിയ ചില സാധ്യതകള്‍ കൊണ്ടുവരികയാണിത്.

നമ്മുടെ ഇന്ററാക്ടീവ് ഉപകരണങ്ങള്‍ക്ക്, പ്രതികരിക്കുന്ന ഒരു ത്വക് നല്‍കാനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണിതെന്ന് ഗവേഷകര്‍ പറയുന്നു. ഈ ആശയം അല്‍പം അദ്ഭുതാവഹമാണ്. പക്ഷേ, തൊലിയുടെയും സ്പര്‍ശത്തിന്റെയും സാധ്യതയെക്കുറിച്ച് മനുഷ്യര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് അതു നല്‍കിക്കൂടാ എന്നാണ് ഗവേഷകര്‍ ചോദിക്കുന്നത്. ഈ ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റലിലെ ഹ്യൂമന്‍ കംപ്യൂട്ടര്‍ ഇന്ററാക്ഷന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ആനിആര്‍ ആയിരുന്നു.

പുതിയ പാടയെ 'സ്‌കിന്‍-ഓണ്‍' ഇന്റര്‍ഫെയ്‌സ് എന്നാണ് വിളിക്കുന്നത്. പല രീതിയിലും ഇത് മനുഷ്യ ചര്‍മത്തെ അനുകരിക്കുന്നു. പല അടുക്കുകളുള്ള ഈ പാട നിര്‍മിക്കാന്‍ മുകളില്‍ ഒരു സര്‍ഫസ് ടെക്‌സ്ചര്‍ മേഖലയും അതിനടിയില്‍ ഇലക്ട്രോഡ് അടരുമാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ഇലക്ട്രോഡ് തലത്തില്‍ ചാലകങ്ങളായ ഇഴകളും (conductive threads), ഹൈപോഡെര്‍മിസ് അടരുമാണുള്ളത്. സിലിക്കണ്‍ പാട, മനുഷ്യ ചര്‍മത്തില്‍ കാണാവുന്ന അടരുകളെ അനുകരിക്കുന്നു.

ഇപ്പോള്‍ നമ്മള്‍ ഫോണുകള്‍ക്കും മറ്റും ഇടുന്ന കാഠിന്യമുള്ള കെയ്‌സുകളെക്കാള്‍ കൂടുതല്‍ സ്വാഭാവികമാണ് കൃത്രിമ ത്വക്കെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ പലതരം സംവേദനവും അവയില്‍കൂടെ നടത്തുകയും ചെയ്യാം. കൃത്രിമ ത്വക്കിന്, ഉപയോഗിക്കുന്നയാള്‍ എങ്ങനെയാണ് ഫോണ്‍ പിടിച്ചിരിക്കുന്നതെന്ന് അറിയാനാകും. എത്ര അമര്‍ത്തിയാണ് പിടിച്ചരിക്കുന്നതെന്നും ഏതു ഭാഗത്താണ് കൈ ഇരിക്കുന്നതെന്നും അതിനു തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ 'ചര്‍മത്തിന്' ഇക്കിളിയിടലും, തലോടലും, ഞെരിക്കലും, വളയ്ക്കലുമൊക്കെ തിരിച്ചറിയാമെന്നും അവര്‍ പറയുന്നു.

അടുത്ത പതിറ്റാണ്ടുകളില്‍ റോബോട്ട് യുഗം തുടങ്ങുമെന്നാണ് കരുതുന്നത്. റോബോട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മൊത്തത്തില്‍ പറയുന്ന പദമാണ് റോബോട്ടിക്‌സ്. ഈ മേഖലയില്‍ കൃത്രിമ ത്വക്കിനെക്കുറിച്ചുള്ള ഗവേഷണം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. റോബോട്ടിക്‌സില്‍ സുരക്ഷ, തിരിച്ചറിയല്‍, സൗന്ദര്യാത്മകമായ കാര്യങ്ങള്‍ ഇവയിലെല്ലാം കൃത്രിമ ചര്‍മത്തിന് പ്രാധാന്യമുണ്ട്. പുതിയ ഒരു ഇന്‍പുട്ട് രീതിയെന്ന രീതിയില്‍ കൃത്രിമ ചര്‍മം വളര്‍ത്തിയെടുക്കുക എന്ന കാര്യം ശാസ്ത്രജ്ഞന്മാരുടെ പരിഗണനയിലുണ്ട്.

തങ്ങള്‍ നിര്‍മിച്ച ത്വക് ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഒരു ഫോണ്‍ കെയ്‌സ്, ഒരു കംപ്യൂട്ടര്‍ ടച്പാഡ്, സമാര്‍ട്‌വാച് പ്രതലം എന്നിവ ഉണ്ടാക്കി. സ്പര്‍ശം ഉപയോഗിച്ച് സ്‌കിന്‍-ഓണ്‍ ഇന്റര്‍ഫെയ്‌സിലൂടെ സ്പഷ്ടമായ സന്ദേശങ്ങള്‍ എങ്ങനെ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് കൈമാറാമെന്നാണ് അവര്‍ ചെയ്തു ഫലിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് മനുഷ്യരും വെര്‍ച്വല്‍ കഥാപാത്രങ്ങളുമായുള്ള ഇടപെടലിലും പുതിയൊരു തലം കൊണ്ടുവരാം.

ഇതുമായി ബന്ധപ്പെട്ട പ്രബന്ധത്തിന്റെ മുഖ്യ രചയിതാവായ മാര്‍ക് ടെയ്‌സിയര്‍ പറയുന്നത് ഒരു സ്മാര്‍ട് ഫോണിന്റെ പ്രധാന ഉപയോഗം, ടെക്‌സ്റ്റ്, വോയിസ്, വിഡിയോ തുടങ്ങിയവ പങ്കുവയ്ക്കാനാണ് എന്നാണ്. എന്നാല്‍ അവർ ഫോണിന് ഒരു പുതിയ മെസെജിങ് ആപ്ലിക്കേഷന്‍ സൃഷ്ടിച്ചുവെന്നും കൃത്രിമ ത്വക്കണിഞ്ഞ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ സ്പര്‍ശത്തിലൂടെ പങ്കുവയ്ക്കാനാകുമെന്നുമാണ് അവകാശപ്പെടുന്നത്. എത്ര മുറുക്കെയാണ് പിടിക്കുന്നത് എന്നതാണ് കൃത്രിമ ത്വക് മനസിലാക്കുന്ന കാര്യങ്ങളിലൊന്ന്. മുറുക്കെ ഞെരിച്ചാല്‍ നിങ്ങള്‍ ദേഷ്യത്തിലാണെന്ന് എതിര്‍ ഭാഗത്തുള്ള വ്യക്തിക്ക് മനസിലാക്കാനാകുന്ന ഇമോജിയായിരിക്കും അയയ്ക്കുക. ഇക്കിളിയിട്ടാല്‍ ചിരിക്കുന്ന ഒരു ഇമോജി അയയ്ക്കും. ടാപ് ചെയ്താല്‍ അദ്ഭുതം കാണിക്കുന്ന ഇമോജി സൃഷ്ടിക്കും.

അടുത്ത പടിയായി കൃത്രിമ ത്വക്കിനെ കൂടുതല്‍ യാഥാര്‍ഥ്യത്തോട് അടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. രോമങ്ങളും താപനിലയും ത്വക്കില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം അവര്‍ ഇപ്പോള്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ ഫോണിന് രോമഞ്ചമുണ്ടാക്കാനും കഴിഞ്ഞേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com