ADVERTISEMENT

3000 വര്‍ഷങ്ങള്‍ക്ക് മുൻപ് വെള്ളത്തെ ആരാധിച്ചിരുന്നവരുടെ ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ പെറുവിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 131 അടി നീളത്തിലുള്ള ഈ ക്ഷേത്രം പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരെയാണ്. സനവാലി നദിയില്‍ നിന്നുള്ള വെള്ളം പൂജിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ചതുരാകൃതിയിലുള്ള അള്‍ത്താരയും ആരാധനാലയത്തിന് അകത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

 

ഒക്ടോബറില്‍ കണ്ടെത്തിയ ഈ ആരാധനാലയത്തെക്കുറിച്ച് വിവരങ്ങള്‍ പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടിരുന്നില്ല. മേഖലയിലേക്ക് അമൂല്യമായ പുരാവസ്തുക്കള്‍ ശേഖരിക്കുന്നവരുടെ ഒഴുക്കുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിവരം രഹസ്യമാക്കി വെച്ചത്. ആരാധനാലയവും പരിസരവും പൂര്‍ണമായി പരിശോധിച്ച ശേഷമാണ് പുരാവസ്തു ഗവേഷകര്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്.

 

പ്രദേശത്തെ ജനങ്ങള്‍ വെള്ളത്തെ ആരാധിച്ചിരുന്ന കാലത്താണ് ഈ ആരാധനാലയം നിര്‍മിച്ചിരിക്കുന്നത്. ആരാധനാലയത്തിന് അകത്തെ അള്‍ത്താരയുടെ സ്ഥാനവും രൂപവും കൂടി കണക്കിലെടുത്താണ് ഇവിടെ വെള്ളമാണ് പ്രധാനമായും ആരാധിച്ചിരുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതേ കാലഘട്ടത്തില്‍ പെറുവിലെ ജലത്തെ ആരാധിച്ചിരുന്ന മറ്റു പല ആരാധനാലയങ്ങളിലുമുള്ളതു പോലുള്ള ചെറിയ അള്‍ത്താരകള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിളവിനായാണ് അന്നത്തെ ജനങ്ങള്‍ വെള്ളത്തെ ആരാധിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.

 

32 അടി വീതിയും 49 അടി നീളവുമുള്ള ചവിട്ടുപടികളും ഈ ആരാധനാലയത്തിന്റെ ഭാഗമായുണ്ട്. 1500 ബിസി മുതല്‍ 292 എഡി വരെയുള്ള കാലത്തെ 21 ശവകുടീരങ്ങളും ഇതേ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ശവകുടീരങ്ങളില്‍ നിന്നും കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും കത്തി പോലുള്ള ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. വാള്‍ട്ടര്‍ ആല്‍വ എന്ന പുരാവസ്തുഗവേഷകനും സംഘവും ചേര്‍ന്നാണ് ഈ വെള്ളത്തിന്റെ ആരാധനാലയം കണ്ടെത്തിയത്.

 

നേരത്തെ 1987ല്‍ ലോര്‍ഡ് ഓഫ് സിപന്‍ എന്ന മോചിക സംസ്‌ക്കാരത്തിലെ രാജാവിന്റെ ശവകുടീരവും കണ്ടെത്തിയത് വാള്‍ട്ടര്‍ ആല്‍വയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ തെക്കേ അമേരിക്കയില്‍ നിന്നും കണ്ടെത്തിയ ഏറ്റവും സുപ്രധാനമായ പുരാവസ്തുശേഖരമായാണ് ഇത് അറിയപ്പെടുന്നത്. 2007ല്‍ 4000 വര്‍ഷത്തിലേറെ പഴക്കമുള്ള പ്രതിമകളും വാള്‍ട്ടര്‍ ആല്‍വയും സംഘവും കണ്ടെത്തിയിരുന്നു.

English Summary: Archaeologists find a 3,000-year-old megalithic temple that was used to stage 'pagan rituals of water worship' in ancient Peru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com