ADVERTISEMENT

സൂര്യന്റെ ഇന്നുവരെ മനുഷ്യന്‍ കണ്ടിട്ടില്ലാത്ത 'പുതിയ മുഖം' കാണിച്ചു തന്നിരിക്കുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൂര്യന്റെ ഏറ്റവും അടുത്തെത്തിയ മനുഷ്യ നിര്‍മിത വസ്തുവെന്ന നേട്ടം പാര്‍ക്കര്‍ സോളാര്‍ പ്രോബ് സ്വന്തമാക്കിയതിന് പിന്നാലെയാണ് നാസയുടെ സൂര്യ പര്യവേഷണ പേടകം എടുത്ത ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ പരമാവധി അടുത്തേക്ക് കഴിഞ്ഞ രണ്ട് തവണ വന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ബഹിരാകാശ പര്യവേഷണത്തിലെ പുതിയ ചുവടുവെപ്പായാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ ശാസ്ത്രലോകം കാണുന്നത്. സൂര്യനെക്കുറിച്ച് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത നിരവധി പുതിയ അറിവുകളാണ് നാസയുടെ സൗരപേടകം വളരെക്കുറച്ചുകാലം കൊണ്ട് തന്നെ നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് നാസ വിക്ഷേപിക്കുന്നത്. ഏഴ് വര്‍ഷമാണ് ഇതിന്റെ കാലാവധി. ഇതിനിടെ വിവിധ പരീക്ഷണങ്ങള്‍ പേടകം നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കും. സൂര്യന്റെ വൈദ്യുത കാന്തിക മണ്ഡലം, സൗരകാറ്റുകള്‍, സൂര്യന്റെ പുറം ഭാഗമായ കൊറോണ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചാകും പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിവരങ്ങള്‍ ശേഖരിക്കുക.

പാര്‍ക്കര്‍ സോളാര്‍ പ്രോബ് രണ്ട് തവണ സൂര്യന് അടുത്തുകൂടെ പോയപ്പോള്‍ ശേഖരിച്ച വിവരങ്ങളും എടുത്ത ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2018 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയും 2019 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 19 വരെയുമുള്ള കാലയളവിലായിരുന്നു പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന് ഏറ്റവും അടുത്തുകൂടെ പോയത്. മൂന്നാമതൊരു തവണകൂടി സമാനമായ രീതിയില്‍ പേടകം പോയിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ഒരു പ്രത്യേക വെബ് സൈറ്റിലല്ല മറിച്ച് ഒന്നിലേറെ വെബ് സൈറ്റുകളിലൂടെയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിവരങ്ങള്‍ നാസ പുറത്തുവിട്ടിരിക്കുന്നത്. 2020 ജനുവരി 29നാണ് ഇനി പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന് ഏറ്റവും അടുത്തെത്തുക.

English Summary: The First Batch of Data from NASA's Sun-Visiting Probe Is Now Available to the Public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com