ADVERTISEMENT

ഇന്ത്യയുടെയും അമേരിക്കയുടെയും ഉൾപ്പടെ 14 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒയുടെ സ്വന്തം പിഎസ്എൽവി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. പിഎസ്എൽവി സി–47 റോക്കറ്റിൽ 13 ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ളതായിരുന്നു. കൂടെ ഇന്ത്യയുടെ കാർട്ടോസാറ്റ് 3 സാറ്റലൈറ്റും വിക്ഷേപിച്ചു. ഉപഗ്രഹങ്ങളെ വിവിധ ഓർബിറ്റുകളിൽ എത്തിക്കാൻ 27 മിനിറ്റ് സമയം വേണ്ടിവന്നു.

 

ലോകരാജ്യങ്ങൾക്ക് ഇന്ത്യയുടെ പിഎസ്എൽവിയില്‍ വിശ്വാസം

 

കഴിഞ്ഞ 16 വർഷത്തെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐഎസ്ആർഒ നടത്തുന്നത്. ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ കാർട്ടൂൺ വരച്ചവർക്കെല്ലാം നൽകിയ ശക്തമായ മറുപടിയാണിത്. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) അടുത്ത വിക്ഷേപണ തീയതിയും കാത്ത് ഇപ്പോഴും ലോക രാജ്യങ്ങൾ വരിനിൽക്കുകയാണ്, അവരുടെ ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ. പിഎസ്എൽവി–സി47 ൽ 13 അമേരിക്കൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചതെങ്കിൽ അടുത്ത വിക്ഷേണത്തിൽ യൂറോപ്പിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യക്കിത് അഭിമാന നിമിഷം തന്നെയാണ്.

 

2020ൽ ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണത്തിൽ നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. സൗത്ത് അമേരിക്കൻ രാജ്യങ്ങളെല്ലാം കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയെയാണ് സമീപിക്കുന്നത്. നാസ, സ്പെയ്സ് എക്സ്, ഇഎസ്എ തുടങ്ങി ബഹിരാകാശ ഏജൻസികളേക്കാൾ കുറഞ്ഞ നിരക്കും വിശ്വാസ്യതയുമാണ് ഐഎസ്ആർഒയെ മുന്നിലെത്തിച്ചത്. 2014 ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐഎസ്ആർഒയുടെ ഗ്രേഡ് കുത്തനെ ഉയർന്നു. ഇതോടെയാണ് വിദേശ രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കാൻ തുടങ്ങിയത്. തങ്ങളുടെ സ്വപ്ന പദ്ധതികൾക്ക് വേണ്ട ഉപഗ്രഹങ്ങൾ കൃത്യമായി ലക്ഷ്യത്തിലെക്കാൻ ഐഎസ്ഐർഒയ്ക്ക് സാധിക്കുമെന്ന വിശ്വാസം വിദേശരാജ്യങ്ങൾക്കിടയിൽ സ്ഥാപിക്കാൻ ഇന്ത്യക്ക് സാധിച്ചു.

 

ഐഎസ്ആർഒ ഓരോ തവണയും വൻ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. ഇന്ത്യൻ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതായിരിക്കും പിഎസ്എൽവി സി–47 ന്റെ വിക്ഷേപണം. പിഎസ്എൽവി സി–47ൽ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചതെങ്കില്‍ അടുത്തതിൽ ഇതിലും കൂടുമെന്നാണ് കരുതുന്നത്.

 

ഇന്ത്യ വിക്ഷേപിച്ചത് അമേരിക്കയുടെ 202 ഉപഗ്രഹങ്ങൾ

 

ബഹിരാകാശ മേഖലയിൽ വൻ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പതിവായി ഇന്ത്യയുടെ സഹായം തേടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചെലവു കുറഞ്ഞ ഐഎസിആർഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കൻ കമ്പനികളെല്ലാം പരിഗണിക്കുന്നത്. ഇതിനെ വിലക്കാൻ നിരവധി സ്വകാര്യം കമ്പനികളും ഗവേഷകരും ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വർഷവും ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്. 

 

ഇതുവരെയുള്ള കണക്കുകൾ പ്രകാരം 28 രാജ്യങ്ങളിൽ നിന്നുള്ള 310 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതിൽ 202 ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രം സ്പെയ്സ് എക്സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ കമ്പനികളും ഏജൻസികളും ഐഎസ്ആർഒയെ പിന്തുടരുന്നത്.

 

ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ രാജ്യം കൈവരിച്ചത് വൻ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇന്ത്യയുടെ ഐഎസ്ആർഒയും അതിവേഗം കുതിക്കുകയാണ്. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോൾ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കൻ പത്രങ്ങള്‍ അന്ന് റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാൻ കോട്സാണ് അന്ന് ഇങ്ങനെ പ്രതികരിച്ചത്.

 

അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതൽ അദ്ഭുതങ്ങൾ പുറത്തെടുക്കാൻ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ റെക്കോർഡ് നേട്ടങ്ങൾ. പിഎസ്എൽവി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല വേണമെങ്കിൽ 400 ഉപഗ്രഹങ്ങൾ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാൻ ശേഷിയുണ്ടെന്നാണ് മുൻ ഐഎസ്ആർഒ മേധാവി ജി. മാധവൻനായർ ഒരിക്കൽ പറഞ്ഞത്.

 

പിഎസ്എൽവിയുടെ ടെക്നോളജിക്ക് ഇതിനുള്ള ശേഷിയുണ്ട്. അവസരം വന്നാൽ 400 നാനോ ഉപഗ്രഹങ്ങൾ വരെ ബഹിരാകാശത്ത് എത്തിക്കാനാകും. ഇതു പുതിയ ടെക്നോളജിയല്ല, ഒരു റോക്കറ്റിൽ 10 ഉപഗ്രഹം വിക്ഷേപിച്ചാണ് നാം (ഐഎസ്ആർഒ) തുടക്കമിട്ടത്. പിന്നെ അത് 18 ആയി, പിന്നീട് 35, ഇപ്പോൾ അത് 100 കടന്നിരിക്കുന്നു. മൂന്നോ നാലോ കിലോഗ്രാം തൂക്കമുള്ള 300 മുതൽ 400 ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ നിലവിലെ പിഎസ്എൽവി ടെക്നോളജിക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

 

ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. 2015 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആർഒ നേടിയത്. 2014–15 വർഷത്തിൽ 415.4 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. 2013–14 ൽ ഇത് 136 കോടി രൂപയായിരുന്നു.

 

1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് 19 വർഷത്തിനിടെ 27 വിക്ഷേപണങ്ങളിലായി 33 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങൾക്കു ചിറകു നൽകാൻ നമ്മുടെ സ്വന്തം ഐഎസ്ആർഒക്കായി. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

English Summary: isro satellite launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com