ADVERTISEMENT

മൂന്ന് ദിവസം നീണ്ട യാത്രക്കൊടുവില്‍ ഭൂമിയില്‍ നിന്നുള്ള ചരക്കുകളുമായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഞായറാഴ്ച്ചയാണ് ബഹിരാകാശ നിലയത്തിലെ കൂറ്റന്‍ യന്ത്രക്കൈ ഉപയോഗിച്ച് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിനെ ഇറ്റലിയിൽ നിന്നുള്ള സഞ്ചാരിയായ ലൂക്ക പര്‍മിറ്റാനോ പിടിച്ചെടുത്തത്. 2580 കിലോയോളം വരുന്ന ചരക്കാണ് സ്‌പേസ് എക്‌സ് ഇക്കുറി ബഹിരാകാശ നിലയത്തിലെത്തിച്ചിരിക്കുന്നത്.

 

തികച്ചും വ്യത്യസ്ഥമായ ചരക്കുകളാണ് ഇക്കുറി സ്‌പേസ് എക്‌സ് വിജയകരമായി ബഹിരാകാശ നിലയത്തിലെത്തിച്ചത്. സാധാരണ ചുണ്ടെലികളേക്കാള്‍ വലുപ്പം കൂടിയ 'സൂപ്പര്‍ ചുണ്ടെലികള്‍' കീടങ്ങളെ നശിപ്പിക്കുന്ന വിരകള്‍ കൃത്രിമബുദ്ധിയുള്ള ഒരു റോബോട്ട് എന്നിവയാണ് പ്രധാനമായും സ്‌പേസ് എക്‌സ് ബഹിരാകാശ നിലയത്തിലെത്തിച്ചിരിക്കുന്നത്. വിവിധ പരീക്ഷണങ്ങള്‍ക്കുള്ളവയാണ് ഈ ചരക്കുകളെല്ലാം തന്നെ. 

 

ജനിതകമായി മാറ്റം വരുത്തിയ സാധാരണ ചുണ്ടെലികളേക്കാള്‍ വലുപ്പം കൂടിയ 40 ചുണ്ടെലികളാണ് വിജയകരമായി ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. മാംസപേശികളെക്കുറിച്ചും എല്ലുകളെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കാണ് ഈ 'മൈറ്റി മൈസുകളെ' ഉപയോഗിക്കുക. 

 

ചുണ്ടെലികള്‍ക്ക് പുറമേ ജീവനുള്ള വകയില്‍ പെടുന്ന 12,000 വിരകളേയും ബഹിരാകാശ നിലയത്തിലെത്തിച്ചിട്ടുണ്ട്. കൃഷിയിടങ്ങളില്‍ കീടങ്ങളെ നിയന്ത്രിക്കാനുള്ള ലക്ഷ്യത്തിലാണ് ഇവയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചിരിക്കുന്നത്. മൂന്നാമത്തെ പ്രധാന ചരക്ക് ഒരു വമ്പന്‍ 'റോബോട്ട് തല'യാണ്. ബഹിരാകാശ യാത്രികരുടെ വൈകാരിക മാറ്റങ്ങളെ തിരിച്ചറിയാനുള്ള ശേഷിയാണ് ഈ റോബോട്ടിനെ വ്യത്യസ്തമാക്കുന്നത്. 

 

സഞ്ചാരികള്‍ക്കുവേണ്ടി നാസയുടെ പ്രത്യേകം ചില ക്രിസ്തുമസ് സമ്മാനങ്ങളും സ്‌പേസ് എക്‌സ് ചരക്കുകളുടെ കൂട്ടത്തില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇത് 19ആം തവണയാണ് സ്‌പേസ് എക്‌സ് നാസക്കുവേണ്ടി ബഹിരാകാശത്തേക്ക് ചരക്കെത്തിക്കുന്നത്. ബഹിരാകാശ നിലയത്തിലെ ആറ് യാത്രികര്‍ക്കുവേണ്ടിയുള്ള അടുത്ത ഘട്ടം ചരക്ക് വരുന്ന തിങ്കളാഴ്ച എത്തുന്നുണ്ട്. അത് കസാക്കിസ്ഥാനില്‍ നിന്നും വെള്ളിയാഴ്ച്ച റഷ്യയാണ് അയക്കുന്നത്. 

 

ഡിസംബര്‍ നാലിനാണ് സ്‌പേസ് എക്‌സിന്റെ CDS-19 ദൗത്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അഞ്ചിനാണ് യാത്ര തുടങ്ങിയത്. മൂന്ന് ദിവസത്തിനു ശേഷം വിജയകരമായി ബഹിരാകാശ നിലയത്തിലെത്തിയ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ജനുവരി ആറിനാണ് ഭൂമിയിലേക്ക് മടങ്ങുക. കാലിഫോര്‍ണിയക്ക് സമീപത്തെ പസഫിക് സമുദ്രത്തിലാണ് ഈ ക്യാപ്‌സ്യൂള്‍ വീഴുക. 

 

നാസക്കുവേണ്ടി രാജ്യാന്തര ബഹിരാകാസ നിലയത്തിലേക്ക് ചരക്കെത്തിച്ച് കോടിക്കണക്കിന് ഡോളറാണ് സ്‌പേസ് എക്‌സ് നേടുന്നത്. കുറഞ്ഞത് 2024 വരെയെങ്കിലും നാസയുമായി സ്‌പേസ് എക്‌സിന് കരാറുണ്ട്. ബഹിരാകാശ വിനോദ സഞ്ചാരവും ചൊവ്വയില്‍ കോളനി സ്ഥാപിക്കലും സ്‌പേസ് എക്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com