sections
MORE

ബഹിരാകാശ നിലയത്തിലേക്ക് 2 മണിക്കൂർ യാത്ര, അതിവേഗ സംവിധാനവുമായി റഷ്യ

soyuz-rocket
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) നിലവിലുള്ള സംവിധാനത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള സോയൂസ് റോക്കറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റഷ്യന്‍ ബഹിരാകാശ ഏജൻസി. ഇന്ധനം ലാഭിക്കാനും ഇതുവഴി സാധിക്കുമെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ അവകാശവാദം. സിംഗിൾ ടേൺ അപ്രോച്ച് സർക്യൂട്ട് ആണ് ഇതിനായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നിലയത്തിൽ എത്തുന്നതിനു മുൻപ് സോയൂസ് പേടകം ഭൂമിയെ ചുറ്റുന്നതിന്റെ എണ്ണം കുറയ്ക്കാൻ ഇതുവഴി സാധിക്കും. സാധാരണയായി സ്പേസ് സ്റ്റേഷനെ സമീപിക്കാൻ രണ്ട് ദിവസമെടുക്കും. അല്ലെങ്കിൽ ‘ക്വിക്ക് ലോഞ്ച്’ നടത്തിയാൽ ആറ് മണിക്കൂർ സമയമെടുക്കും. എങ്കിലും പേടകങ്ങൾ നിരവധി തവണ ചുറ്റിക്കറങ്ങിയാണ് ബഹിരാകാശ നിലയത്തിലെത്തുന്നത്.

സോയൂസിന്റെ കാര്യക്ഷമത വർധിപ്പിക്കാനായി ഒരു സംഘം റഷ്യൻ ബഹിരാകാശ എൻജിനീയർമാരാണ് പുതിയ സംവിധാനം കണ്ടെത്തിയത്. പുതിയ കണ്ടെത്തൽ പ്രകാരം ബഹിരാകാശ പേടകങ്ങൾക്ക് ഏകദേശം രണ്ട് മണിക്കൂർ സമയത്തിനുള്ളിൽ നിലയത്തിൽ ലാൻഡ് ചെയ്യാനാകും. കൂടാതെ ഓരോ ദൗത്യത്തിനും ആവശ്യമായ ഇന്ധനവും ലാഭിക്കാം.

രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഈ സംവിധാനം ഉപയോഗിക്കാൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. സിംഗിൾ-ടേൺ സാങ്കേതികവിദ്യ റഷ്യയുടെ ചന്ദ്ര പര്യവേക്ഷണ പ്രോഗ്രാമിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്പേസ് സ്റ്റേഷന്റെ താമസക്കാരെ രക്ഷിക്കുന്നതിൽ സമയം ഒരു നിർണായക ഘടകമാകുമ്പോൾ ഇത് രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കാം.

ഒരു ചെറിയ ബഹിരാകാശ പേടകത്തിൽ യാത്രികർ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതാണ് അത്തരമൊരു പദ്ധതിയുടെ പ്രധാന നേട്ടം. സിംഗിൾ-ടേൺ സ്കീമിന്റെ മറ്റൊരു ഗുണം ഐ‌എസ്‌എസിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനായി വിവിധ ബയോ മെറ്റീരിയലുകളുടെ സ്റ്റേഷനിലേക്ക് വേഗത്തിൽ എത്തിക്കാം എന്നതാണ്.

സിംഗിൾ-ടേൺ സ്കീം നടപ്പിലാക്കുന്നതിന് പേടകത്തിന്റെയും സ്പേസ് സ്റ്റേഷന്റെയും ആപേക്ഷിക സ്ഥാനത്തിനായി നിരവധി  ബാലിസ്റ്റിക് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഇതിനകം തന്നെ ടു-ടേൺ സ്കീം പ്രയോഗിക്കുന്നുണ്ട്. 2018 ജൂലൈയിലും ഈ വർഷം ഏപ്രിലിലും ചരക്കുമായി പോയ രണ്ട് പേടകങ്ങളിൽ വിജയകരമായി പരീക്ഷിച്ചു. ഭാവിയിൽ ഇത് മനുഷ്യനെ എത്തിക്കുന്നതിനും പദ്ധതിയിടുന്നു. ടു-ടേൺ സ്കീം റെക്കോർഡ് സമയത്ത് ഐ‌എസ്‌എസിലേക്ക് ചരക്കുകൾ എത്തിക്കാൻ സാധ്യമാക്കുന്നു. എന്നാൽ സിംഗിൾ-ടേൺ സ്കീമിൽ അവതരിപ്പിക്കുന്നതോടെ ഇതിൽ വലിയ മാറ്റങ്ങൾ വരും. ആർ‌എസ്‌സി എനർജിയയിലെ ബാലിസ്റ്റിക് സ്‌പെഷ്യലിസ്റ്റുകൾ പറയുന്നതനുസരിച്ച്, 2-3 വർഷത്തിനുള്ളിൽ സിംഗിൾ-ടേൺ റാപ്രോച്ച്മെന്റ് സ്കീം നടപ്പിലാക്കാൻ കഴിയും എന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA