ADVERTISEMENT

മനുഷ്യന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കും വിധം ജീൻ എഡിറ്റിങ്ങിലൂടെ ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികളെ ‘ജനിപ്പിച്ച’ ചൈനീസ് ഗവേഷകന് മൂന്നു വർഷം തടവ്. ലോകത്തിലെ ആദ്യത്തെ ജീൻ എഡിറ്റുചെയ്ത കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ സഹായിച്ച ഒരു ചൈനീസ് ശാസ്ത്രജ്ഞനെയാണ് ശിക്ഷിച്ചത്. ഹി ജിയാൻകൂ ആണ് ലുലു, നാന എന്നീ പേരിലുള്ള രണ്ടു പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇതിനിടെ തന്റെ ഗവേഷണത്തിന്റെ ഫലമായി രണ്ടാമത്തെ സ്ത്രീ ഗർഭിണിയാണെന്നും പിന്നീട് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

തിങ്കാളാഴ്ച, ഷെൻ‌ഷെൻ നാൻ‌ഷാൻ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് അദ്ദേഹത്തിന് മൂന്ന് വർഷം തടവും 430,000 ഡോളർ പിഴയും വിധിച്ചത്. കോടതിയുടെ കണ്ടെത്തലുകൾ അനുസരിച്ച്, 2016 ൽ മനുഷ്യ ഭ്രൂണ ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് കണ്ടെത്തി. എച്ച്ഐവി പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ അദ്ദേഹം ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി രണ്ട് മെഡിക്കൽ ഗവേഷകരായ ഴാങ് റെൻലി, ക്വിൻ ജിൻ‌ഷോ എന്നിവരോടൊപ്പം പ്രവർത്തിച്ചു.

കേസിലെ മൂന്ന് പ്രതികളും ശാസ്ത്രീയ ഗവേഷണത്തിനായി മെഡിക്കൽ ചട്ടങ്ങൾ മനഃപൂർവ്വം ലംഘിച്ചു. ശാസ്ത്ര-മെഡിക്കൽ നൈതികതയുടെ അടിത്തറ മറികടന്നുവെന്ന് കോടതി വിലയിരുത്തി. മൂന്ന് പ്രതികളെയും മനുഷ്യ സഹായത്തോടെയുള്ള പ്രത്യുത്പാദന സാങ്കേതിക സേവനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ഗർഭാവസ്ഥയെ ഉദ്ദേശിച്ചുള്ള ഭ്രൂണങ്ങളുടെ ജീനുകൾ എഡിറ്റുചെയ്യുന്നത് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. യുകെയിൽ ഭ്രൂണങ്ങളെ കർശനമായ നിയന്ത്രണ അംഗീകാരത്തോടെ ഗവേഷണ ആവശ്യങ്ങൾക്കായി മാത്രമേ എഡിറ്റുചെയ്യാനാകൂ.

ഷെൻചെനിയിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനായ ഹി ജിയാൻകൂ കോടതി വിധി വരുന്നത് വരെ വീട്ടു തടങ്കലിലായിരുന്നു. ആയുധധാരികളായ സൈനികരുടെ കാവലിലായിരുന്നു വീട്. ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത കാര്യമാണ് ‘ക്രിസ്പർ കാസ്– 9’ എന്ന ജീൻ എഡിറ്റിങ് വിദ്യയിലൂടെ താൻ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടിരുന്നു. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തിൽ വൈദ്യശാസ്ത്രലോകം വന്‍ പ്രതിഷേധവുമായെത്തി. 

എച്ച്ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകൾ ജനിച്ചതായാണു ഹി അവകാശപ്പെട്ടിരുന്നത്. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തർക്കം തുടരുന്നതിനിടെയായിരുന്നു ഈ ചരിത്രനേട്ടം. രോഗമുള്ള കോശങ്ങളിൽ ജീൻ എഡിറ്റിങ് നടത്തുന്ന രീതി വൈദ്യശാസ്ത്രരംഗത്തുണ്ട്. എന്നാൽ, ജനിതകമാറ്റങ്ങൾ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതിനാൽ ഭ്രൂണത്തിലെ എഡിറ്റിങ് യുഎസ്, ബ്രിട്ടൻ ഉൾപ്പെടെ നിരോധിച്ചിരിക്കുകയാണ.് പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളൊന്നും ഈ ഗവേഷണ വിജയം പ്രസിദ്ധീകരിച്ചതുമില്ല. 

പരീക്ഷണത്തിനു തിരഞ്ഞെടുത്ത 8 ദമ്പതികളിൽ പുരുഷന്മാരെല്ലാം എച്ച്ഐവി ബാധിതരും സ്ത്രീകൾ രോഗബാധ ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3–5 ദിവസം പ്രായമായ ഭ്രൂണത്തിൽനിന്ന് ഏതാനും കോശങ്ങൾ പുറത്തെടുത്താണ് ജീൻ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് നടത്തിയ ഭ്രൂണം ഏഴു ദമ്പതികളിൽ പരീക്ഷിച്ചു. ഇതിൽ നിന്ന് ജനിതകമാറ്റം വരുത്തിയ ആദ്യ ഇരട്ടകൾ പിറക്കുകയായിരുന്നു. പരീക്ഷണത്തിനു മുൻപ് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിരുന്നെന്നും ഹി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാ കോടതിയിലും തുറന്നുപറഞ്ഞു. CRISPR/cas9 എന്ന നൂതന ജീൻ എഡിറ്റിങ് രീതി ഉപയോഗിച്ച് ഡിഎൻഎയിലെ ജനിതക കോഡുകളിൽ എഡിറ്റിങ് നടത്താം. ജനിതക കോഡുകൾ നീക്കം ചെയ്യുകയും പുതിയ കോഡുകൾ ഉൾക്കൊള്ളിക്കുകയും ചെയ്യാം. ഹി നടത്തിയ പരീക്ഷണത്തിൽ എച്ച്ഐവി വൈറസിനെ അനുവദിക്കുന്ന CCR5 എന്ന ജീനിലാണ് മാറ്റം വരുത്തിയത്. 

രണ്ടാമതൊരു സ്ത്രീ കൂടി ഇത്തരത്തിൽ ഗർഭിണിയായെന്നു പറഞ്ഞെങ്കിലും കൂടുതൽ ചോദ്യങ്ങളെത്തിയപ്പോൾ ‘അവരുടെ ഗർഭം അലസി’ എന്നായിരുന്നു ഹി മറുപടി നൽകിയത്. കുട്ടികളുടെയും കുടുംബങ്ങളുടെയും വിവരങ്ങൾ കോടതി പുറത്തുവിട്ടിട്ടില്ല. എച്ച്ഐവി പ്രതിരോധ ശേഷിയുമായി ഇക്കഴിഞ്ഞ ഒക്ടോബളിൽ ലുലു, നാന എന്നീ കുട്ടികളാണു ജനിച്ചത്. ജനിതകമാറ്റം തലമുറകളും കടന്നു പോകുന്നതാണ്. ജീൻ എഡിറ്റിങ്ങിന്റെയും അത് അടുത്ത തലമുറകളിലേക്കു പകരുമ്പോഴുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇന്നേവരെ പഠനവിധേയമാക്കിയിട്ടില്ല. അതിനാൽത്തന്നെ ചൈനയിൽ ഹി പറഞ്ഞ കാലയളവിൽ ജനിച്ച എല്ലാ നവജാതശിശുക്കളെയും അടുത്ത 18 വർഷത്തേക്കു നിരീക്ഷിക്കാനും അധികൃതർ തീരുമാനിച്ചു കഴിഞ്ഞു. അതോടെ ഹോളിവുഡ് സിനിമകളുടെ കഥയെ വെല്ലുംവിധമാണ് യാഥാർഥ്യം ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. 

IVF

ഹിയുടെ ഗവേഷണങ്ങൾക്കു വേദിയായ ഷെൻചെൻ ഹാർമണികെയർ മെഡിക്കൽ ഹോൾഡിങ്സിനോട് ജീൻ എഡിറ്റിങ് ഉൾപ്പെടെയുള്ള പരീക്ഷണങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ സർക്കാർ തലത്തിൽ നിർദേശമുണ്ട്. ഷെൻചെൻ സിറ്റി അധികൃതരും ഹെൽത്ത് കമ്മിഷനും ശാസ്ത്ര–ആരോഗ്യ വകുപ്പുതലത്തിലും സംഭവം അന്വേഷിക്കുന്നതിനിടെയായിരുന്നു ഹിയെ വീട്ടുതടങ്കലിലാക്കിയത്. ഇതിനിടെ അദ്ദേഹത്തിന് ഒട്ടേറെ വധഭീഷണികളും ലഭിച്ചു.  

ഹിയാകട്ടെ ബയോളജിസ്റ്റല്ല, മറിച്ച് ഫിസിസിസ്റ്റാണ്. അതിനാൽത്തന്നെ ജീൻ എഡിറ്റിങ് പോലുള്ള ഗവേഷണം നടത്താനുള്ള യോഗ്യതയുമില്ല. ഗവേഷണത്തിനാവശ്യമായ ഏകദേശം നാലു കോടി യൂറോ ഹി തന്നെയാണു ചെലവിട്ടതെന്നാണു കരുതുന്നത്. പിന്നീട് ഗവേഷണത്തിനു വേണ്ടി ഒരു ശാസ്ത്ര സംഘത്തെ നിയോഗിച്ചു. ജനിതക ശാസ്ത്രത്തിന്റെ എല്ലാ നൈതികതയെയും ഭേദിച്ചു കൊണ്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അതിനാൽത്തന്നെ പുറംലോകത്തിന് ഗവേഷണത്തെപ്പറ്റി അധികം അറിവുമില്ല. ഹിയ്ക്കൊപ്പം ഗവേഷണത്തിൽ പങ്കാളികളായവരും ജയിലിലേക്കാണ് പോകുന്നത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്തു ‘ഭീകരരൂപിയെ’ സൃഷ്ടിച്ച ഫ്രാങ്കൻസ്റ്റീൻ കഥയെ അനുസ്മരിപ്പിക്കും വിധം ‘മിസ്റ്റർ ഫ്രാങ്കൻസ്റ്റീൻ’ എന്നാണ് ഇപ്പോൾ ചൈനയിൽ ഹിയുടെ വിളിപ്പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com