ADVERTISEMENT

നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷിയായ 2019ന് ശേഷം കൂടുതല്‍ സംഭവബഹുലമായ പദ്ധതികളാണ് 2020ല്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചിരിക്കുന്നത്. 25 സുപ്രധാന ദൗത്യങ്ങളാണ് ഈ വര്‍ഷം ഇസ്രോ നടത്തുക. ഇതില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാനിന് തന്നെയായിരിക്കും ഏറ്റവും പ്രാധാന്യം. ഇതോടെ ലോക ശക്തികളുടെ പട്ടികയിൽ ഇന്ത്യയും ഇടംനേടും.

 

ഗഗന്‍യാനിനൊപ്പം ഐഎസ്ആര്‍ഒ ഏറെ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു ദൗത്യമാണ് ചാന്ദ്രയാന്‍ 3. ഈ ദൗത്യം വഴി ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങാന്‍ ഒരിക്കല്‍ കൂടി ഇന്ത്യ ശ്രമിക്കും. ചാന്ദ്രയാന്‍ 3 ദൗത്യവും ആരംഭിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറും ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കുന്ന റോവറും ചന്ദ്രന് ചുറ്റും കറങ്ങുന്ന പ്രൊപ്പല്‍ഷന്‍ മോഡലും ഉണ്ടാകും. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പോലും  അടുത്ത വര്‍ഷം (2021) എന്തായാലും ചാന്ദ്രയാന്‍ 3 ഉണ്ടാകുമെന്നും ഇസ്രോ അറിയിച്ചു.

 

സഞ്ചാരികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് തന്നെയാണ് ഇസ്രോ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ഗഗന്‍യാന്റെ ഭാഗമായി നാല് ഇന്ത്യക്കാരാണ് ബഹിരാകാശത്തെത്തുക. ഇതിനുവേണ്ടി നാല് വ്യോമസേനാ പൈലറ്റുമാരുടെ പരിശീലനങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാതെ ഇവര്‍ വിദഗ്ധ പരിശീലനത്തിനായി റഷ്യയിലേക്ക് പറക്കും. 

ഗഗന്‍യാനും ചാന്ദ്രയാന്‍ 3യും ഒരേ സമയമാണ് പുരോഗമിക്കുക. ഗഗന്‍യാനിന്റെ ഡിസൈനിങും യാത്രികരെ തിരഞ്ഞെടുക്കുന്ന ഘട്ടവും പൂര്‍ത്തിയായിട്ടുണ്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഇസ്രോയുടെ പുത്തന്‍ വിക്ഷേപണ കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന് പുറമേയായിരിക്കും ഇത്. തെക്കേ അറ്റത്തെ പുതിയ വിക്ഷേപണ കേന്ദ്രം ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിന് അനുയോജ്യമായിരിക്കുമെന്നാണ് ഇസ്രോയുടെ കണക്കുകൂട്ടല്‍.

 

2019ലെ എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഇസ്രോയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, 2020 മാര്‍ച്ചോടെ തന്നെ ഈ പ്രതീക്ഷിത പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇസ്രോ കണക്കുകൂട്ടുന്നത്. 2020-2021 ബജറ്റില്‍ ബഹിരാകാശ ഏജന്‍സിക്കായി 14000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com