ADVERTISEMENT

ന്യൂയോര്‍ക്കിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ വോള്‍ഫ് കുക്കിറിന് രണ്ട് മാസം നാസയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലിലായിരുന്നു വോള്‍ഫ് കുക്കിര്‍ ഇന്റേണ്‍ഷിപ്പിനായി നാസയിലെത്തിയത്. എത്തിയതിന്റെ മൂന്നാം ദിനം പുതിയൊരു ഗ്രഹം തന്നെ കണ്ടെത്തി നാസ അധികൃതരെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ പതിനേഴുകാരന്‍.

 

നാസയുടെ TESS (Transiting Exoplanet Survey Satellite) പദ്ധതിയുടെ ഭാഗമായി നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശങ്ങളുടെ വ്യത്യാസങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു വോള്‍ഫ് കുക്കിന് ലഭിച്ച ആദ്യ ചുമതല. സാധാരണക്കാരായവര്‍ക്ക് പുതിയ ഗ്രഹങ്ങളും മറ്റും കണ്ടെത്തുന്നതിന് നാസയെ സഹായിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയാണ് ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവെ സാറ്റലൈറ്റ്. നക്ഷത്രങ്ങളില്‍ നിന്നും വരുന്ന പ്രകാശങ്ങളിലെ വ്യതിയാനം തിരിച്ചറിഞ്ഞാണ് ഗ്രഹങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നത്.

 

നിരീക്ഷണം തുടങ്ങി വെറും മൂന്ന് ദിവസത്തിനുള്ളില്‍ കുക്കിര്‍ പുതിയൊരു ഗ്രഹം കണ്ടെത്തിയാണ് എല്ലാവരെയും ഞെട്ടിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് നാസ തന്നെ അവരുടെ വെബ് സൈറ്റില്‍ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ടെത്തിയ ഗ്രഹത്തിന് 'TOI 1338 b' എന്ന് പേരിടുകയും ചെയ്തിരിക്കുന്നു. 

 

ഭൂമിയേക്കാള്‍ 6.9 ഇരട്ടി വലുപ്പമുള്ള ഈ പുതിയ ഗ്രഹത്തിന് നെപ്റ്റിയൂണിനും ശനിക്കും ഇടയില്‍ വലുപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്നും 1300 പ്രകാശവര്‍ഷം അകലെയാണ് TOI 1338 b. സൂര്യപ്രകാശം ഒരുവര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷമെന്ന് അറിയാമല്ലോ. ഭൂമിയും സൂര്യനും ഇടയിലെ ദൂരം ഏഴ് മുതല്‍ ഒൻപത് പ്രകാശ മിനുറ്റായാണ് കണക്കാക്കിയിരിക്കുന്നത്.

 

പതിനേഴുകാരന്‍ കണ്ടെത്തിയ TOI 1338 bക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. നാസയുടെ TESS സംവിധാനം വഴി കണ്ടെത്തുന്ന ആദ്യ സെര്‍കംബൈനറി പ്ലാനെറ്റാണിത്. രണ്ട് നക്ഷത്രങ്ങള്‍ക്ക് ചുറ്റും വലംവെക്കുന്ന ഗ്രഹങ്ങളെയാണ് സെര്‍കംബൈനറി പ്ലാനെറ്റെന്ന് വിളിക്കുന്നത്. ഈ രണ്ട് നക്ഷത്രങ്ങളും ഓരോ 15 ദിവസം കൂടുമ്പോഴും പരസ്പരം വലയം വെക്കുകയും ചെയ്യുന്നു. ഇതില്‍ ഒരു നക്ഷത്രത്തിന് സൂര്യനേക്കാള്‍ 10 ശതമാനം വലുപ്പം കൂടുതലുണ്ട്.

 

TOI 1338 bപോലുള്ള രണ്ട് നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തുക എളുപ്പമല്ല. ഈ ഗ്രഹങ്ങളെ പലപ്പോഴും നക്ഷത്രങ്ങളില്‍ നിന്നുള്ള മങ്ങിയ പ്രകാശമായി സോഫ്റ്റ്‌വെയറുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. മനുഷ്യന്റെ നഗ്നനേത്രങ്ങളോളം ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള അല്‍ഗോരിതം നാസക്ക് വികസിപ്പിക്കാനും സാധിച്ചിട്ടില്ല. അതുകൊണ്ടാണ് TESS പോലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാധാരണക്കാരുടെ സേവനം പോലും നാസ തേടുന്നത്. അത് വന്‍ വിജയമാണെന്നാണ് 17കാരൻ വോള്‍ഫ് കുക്കിയറിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com