ADVERTISEMENT

നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ സ്പിറ്റ്‌സറിന്റെ പ്രവര്‍ത്തനം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. ഭൂമിയില്‍ നിന്നും കൂടുതല്‍ അകലത്തിലേക്ക് സ്പിറ്റ്‌സര്‍ നീങ്ങുന്നതുകൂടി കണക്കിലെടുത്താണ് നാസ അവരുടെ ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ജനുവരി 29നായിരിക്കും സ്പിറ്റ്‌സറില്‍ നിന്നുള്ള വിവരങ്ങള്‍ അവസാനമായി നാസ സ്വീകരിക്കുക. 2003ല്‍ വിക്ഷേപിച്ച സ്പിറ്റ്‌സര്‍ നീണ്ട 16 വര്‍ഷത്തെ സേവനത്തിനൊടുവിലാണ് വിടപറയുന്നത്.

 

ഈ മാസം 30 ഓടെ സ്പിറ്റ്‌സറെ ഗാഢനിദ്രയിലേക്ക് അയക്കാനാണ് നാസയുടെ പദ്ധതി. ഇക്കാര്യം ജനുവരി 22ന് തന്നെ നാസ അറിയിച്ചിരുന്നു. സൂര്യനെ വലംവെക്കുന്ന സ്പിറ്റ്‌സറിന്റെ ഭ്രമണപഥം ഭൂമിയില്‍ നിന്നും ഓരോ തവണയും കൂടുതല്‍ അകലുന്ന ക്രമത്തിലാണുള്ളത്. അതുകൊണ്ടു തന്നെ ഭൂമിക്ക് ചുറ്റും കറങ്ങുന്ന മറ്റു സാറ്റലൈറ്റുകളെ പോലെ മനുഷ്യ നിര്‍മിത വസ്തുക്കളുമായി സ്പിറ്റ്‌സര്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. 

 

2003 ഓഗസ്റ്റിലാണ് സ്പിറ്റ്‌സര്‍ ബഹിരാകാശ ദൂരദര്‍ശിനി നാസ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് റേഡിയേഷനുകള്‍ പരമാവധി കുറക്കുന്നതിനാണ് ഓരോ തവണ സൂര്യനെ ചുറ്റുമ്പോഴും ഭൂമിയില്‍ നിന്നും അകലുന്ന ഭ്രമണപഥം ശാസ്ത്രജ്ഞര്‍ സ്പിറ്റ്‌സറിനായി തിരഞ്ഞെടുത്തത്. എന്നാല്‍, ഇക്കാരണം കൊണ്ടു തന്നെ ഇനിയും കൂടുതല്‍കാലം സ്പിറ്റ്‌സറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക ബുദ്ധിമുട്ടേറിയതായി മാറുകയും ചെയ്തു.

 

ഇപ്പോള്‍ ഭൂമിയില്‍ നിന്നും ഏകദേശം 250 ദശലക്ഷം കിലോമീറ്റര്‍ ദൂരത്താണ് സ്പിറ്റ്‌സര്‍ കറങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്. ഈ ദൂരക്കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സ്പിറ്റ്‌സറിന്റെ സൗരോര്‍ജ്ജ പാനലുകള്‍ സൂര്യന് അഭിമുഖമായി നിര്‍ത്തുന്നതിനും വെല്ലുവിളിയാണ്. 

 

2019 തുടക്കത്തില്‍ തന്നെ സ്പിറ്റ്‌സറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നേരത്തെ നാസ പദ്ധതിയിട്ടിരുന്നത്. ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ് (JWST) 2018ല്‍ വിക്ഷേപിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാല്‍ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്‌കോപ് 2021ല്‍ മാത്രമേ വിക്ഷേപിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചതോടെ സ്പിറ്റ്‌സറിന്റെ പ്രവര്‍ത്തനം 2020വരെ നീട്ടുകയായിരുന്നു. 

 

2003 ഓഗസ്റ്റില്‍ വിക്ഷേപിക്കുമ്പോള്‍ രണ്ടര വര്‍ഷത്തെ ആയുസാണ് സ്പിറ്റ്‌സര്‍ ബഹിരാകാശ ടെലസ്‌കോപിന് കണക്കാക്കിയിരുന്നത്. പ്രതീക്ഷിച്ചതിലും ആറിരട്ടിയിലേറെ കാലം വിജയകരമായി പ്രവര്‍ത്തിച്ച ശേഷമാണ് സ്പിറ്റ്‌സര്‍ കണ്ണടക്കുന്നത്. 1.3 ബില്യണ്‍ ഡോളറാണ് (ഏകദേശം 9,289 കോടി രൂപ) സ്പിറ്റ്‌സറിനായി ചെലവായതെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com