ADVERTISEMENT

കൊറോണവൈറസ് ഒരേ കുടുംബത്തിലെ അംഗങ്ങളിലേക്ക് പടരുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതായി ഗവേഷകരുടെ മുന്നറിയിപ്പ്. അതേസമയം, കൊറോണ വൈറസിനുണ്ടാകുന്ന ജനിതക മാറ്റങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദക്ഷിണ ചൈനീസ് പ്രവിശ്യയായ ഗുവാങ്‌ടോങില്‍ നിന്നുള്ള ഗവേഷകരാണ് നിര്‍ണ്ണായകമായ മുന്നറിയിപ്പിന് പിന്നില്‍.

 

പടരുന്നതിനനുസരിച്ച് വൈറസുകള്‍ക്ക് മാറ്റങ്ങളുണ്ടാകാറുണ്ടെങ്കിലും സമാനമായ മാറ്റങ്ങളായിരിക്കും പൊതുവേ ഉണ്ടാവുക. എന്നാല്‍, വൈറസുകള്‍ക്ക് വലിയ തോതില്‍ മാറ്റങ്ങളുണ്ടായാല്‍ അവ മരുന്നുകളെ അതിജീവിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ഷാന്‍ഹായിലെ പ്രൊഫ. കുയ് ജിയും സംഘവും നടത്തിയ ഗവേഷണമാണ് കൊറോണ വൈറസിന് കുടുംബാംഗങ്ങള്‍ക്കിടയില്‍ പടരുമ്പോള്‍ അസാധാരണ മാറ്റങ്ങളുണ്ടാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ സയന്‍സ് റിവ്യൂവില്‍ ജനുവരി 29നാണ് ഇവരുടെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

വൈറസുകളില്‍ ഇത്തരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും കൊറോണ വൈറസില്‍ അസാധാരണമായ 17 ജനിതക മാറ്റങ്ങള്‍ പഠനത്തിനിടെ കണ്ടെത്തിയെന്നുമാണ് ഇവരുടെ പഠനം പറയുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി അവസാനം വരെ ചൈനയില്‍ പടര്‍ന്ന കൊറോണവൈറസ് സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. 

 

സാര്‍സിനേക്കാളും മറ്റേതൊരു വൈറസ് രോഗത്തേക്കാളും വേഗത്തില്‍ കൊറോണ വൈറസിന് ജനിതക മാറ്റം വരുന്നുവെന്നതും വെല്ലുവിളിയാണ്. ആയിരത്തില്‍ ഒന്ന് മുതല്‍ മൂന്നു വരെയായിരുന്നു സാര്‍സ് വൈറസില്‍ മാറ്റങ്ങള്‍ കണ്ടിരുന്നത്. 30,000 ബേസ് പെയര്‍ വൈറസുകളുണ്ടെന്ന് കരുതുന്ന കൊറോണ ഇക്കാര്യത്തിലും സാര്‍സ് അടക്കമുള്ള മറ്റ് വൈറസ് രോഗങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 

 

കൊറോണ വൈറസിന്റെ ജനിതകഘടനയേയും മാറ്റങ്ങളേയും കുറിച്ച് വേഗത്തില്‍ പഠിക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചൈനീസ് ടെക് കമ്പനിയായ ആലിബാബയുമായി ചേര്‍ന്നാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ വരവോടെ മണിക്കൂറുകള്‍ നീളുന്ന ജനിതകഘടനയെക്കുറിച്ചുള്ള പഠനങ്ങള്‍ അരമണിക്കൂറില്‍ താഴെ സമയത്തില്‍ ചെയ്തുതീര്‍ക്കാനാകും. ഇപ്പോഴും കൊറോണ വൈറസിന് വരുന്ന ജനിതകമാറ്റം എത്രത്തോളം ഗുരുതരമാണെന്ന് ഗവേഷകര്‍ക്ക് തിരിച്ചറിയാനായിട്ടില്ല. ഇത്തരം വൈറസ് ബാധിച്ച രോഗികളില്‍ ചികിത്സ ഫലപ്രദമാകില്ലെന്നതാണ് പ്രധാന വെല്ലുവിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com