sections
MORE

ഭയന്നു വിറച്ച് ജനം അടച്ചിട്ട മുറികളിൽ, പ്രേതാലയമായി ഹാങ്സോ, പുറത്തിറങ്ങരുതെന്ന് സർക്കാർ

corona-3
SHARE

ആഗോള തലത്തില്‍ തന്നെ ഏറ്റവും കരുത്തുറ്റ കമ്പനികിലൊന്നാണ് ചൈനീസ് ഇകൊമേഴ്‌സ് ഭീമന്‍ ആലിബാബ. ചൈനയുടെ ആമസോണ്‍. അടുത്തിടെ രാജിവച്ചൊഴിഞ്ഞ കോടീശ്വരന്‍ ജാക് മായുടെ മസ്തിഷ്‌ക സന്തതി. ആലിബാബയുടെ സ്വന്തം നാടാണ് കിഴക്കന്‍ ചൈനീസ് പട്ടണമായ ഹാങ്‌സോ (Hangzhou). അവിടുത്തെ ആളൊഴിഞ്ഞ നിരത്തുകളെ കൂടുതല്‍ ഭീതിജനകമാക്കുകയാണ് ഉച്ചഭാഷിണിയില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന മുന്നറിയിപ്പ്– 'ദയവായി ആരും പുറത്തിറങ്ങരുത്, ആരും പുറത്തിറങ്ങരുത്, ആരും പുറത്തിറങ്ങരുത്.' രണ്ടു പതിറ്റാണ്ടു മുൻപ് ജാക് മാ ഈ പട്ടണത്തിലാണ് കമ്പനി സ്ഥാപിച്ചത്. ലോകത്തിന്റെ നിര്‍മ്മാണശാല എന്നറിയപ്പെടുന്ന ഷാന്‍ഹായ് നഗരത്തില്‍ നിന്നും ബുള്ളറ്റ് ട്രെയിന്‍ പിടിച്ചാല്‍ കേവലം ഒരു മണിക്കൂര്‍ യാത്രമതി ഇവിടെയെത്താന്‍.

കൊറോണാവൈറസിന്റെ വ്യാപനം തടയാന്‍ ചൈന എടുത്ത നടപടികളുടെ ഫലമായി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആലിബാബയുടെ പച്ചപ്പ് അതിരിട്ട കെട്ടിട സമുച്ചയങ്ങളിലേക്കുള്ള പ്രവേശനകവാടത്തിലും 'നോ എന്‍ട്രി' ബോര്‍ഡാണ് ഉള്ളത്. മൂന്നു ഹാങ്‌സോ ജില്ലകളിലൊന്നിലാണ് ആലിബാബയുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നത്. ഏകദേശം മൂന്നു കോടി ആളുകള്‍ വസിക്കുന്ന ഈ പ്രദേശത്ത് ഈ ആഴ്ച നിലവില്‍ വന്ന വിലക്കു പറയുന്നത് വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമെ പുറത്തിറങ്ങാവൂ. അതും അവശ്യസാധനങ്ങള്‍ ഇല്ലാതായാല്‍ മാത്രം എന്നാണ്. ചൈനക്കാര്‍ തിമിര്‍ക്കുന്ന ദിനങ്ങളാണ് അവരുടെ ലൂനാര്‍ പുതുവര്‍ഷാഘോഷങ്ങളുടേത്. അവര്‍ കാശുവാരി എറിഞ്ഞ് ആഘോഷങ്ങളില്‍ പങ്കെടുക്കും. ടെക് ഉപകരണങ്ങളടക്കം വാങ്ങിക്കൂട്ടും. ഈ വര്‍ഷത്തെ ലൂനാര്‍ പുതുവര്‍ഷാഘോഷങ്ങളെയും കൊറോണാവൈറസ് ബാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കച്ചവടം മാത്രമാണ് നടന്നിരിക്കുന്നത് എന്നാണ് വാര്‍ത്ത. ഇതിനാല്‍ സർക്കാർ പുതുവത്സരാഘോഷം നീട്ടിയിരിക്കുകയാണ്.

എങ്ങും വിജനത

ആലിബാബയുടെ ഓഫിസില്‍ ഇംഗ്ലിഷ് ബോര്‍ഡ് ഉണ്ട് '2020 ഹാപ്പി ന്യൂ ഇയര്‍' എന്നാണ് ബോർഡിലുള്ളത്. കമ്പനിയില്‍ നിന്ന് ആരും ഇറങ്ങിവരുന്നില്ല. അങ്ങോട്ട് ആരും കയറിപോകുന്നുമില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. പല റോഡുകളും അടച്ചു. ഇവിടെയല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുമുണ്ട്. അങ്ങോട്ട് ഡ്രൈവ് ചെയ്‌തെത്തുന്നവരെ കാത്ത് ഒരു നീല ബോര്‍ഡ് ഇരിക്കുന്നു– ‘പകര്‍ച്ചവ്യാധി പടരാതിരിക്കാനും നിയന്ത്രിക്കാനുമായി മുന്നോട്ടുള്ള പാത അടച്ചിരിക്കുന്നു’. മാറി പോകുക. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

അടുത്ത റോഡുകളിലും ഉച്ചഭാഷിണിയിലൂടെ 'പുറത്തിറങ്ങരുത്....' സന്ദേശം ആവര്‍ത്തിക്കപ്പെടുന്നത് വ്യക്തമായി കേള്‍ക്കാം. ഇതിനൊപ്പം മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യവും കൈകള്‍ നിരന്തരം കഴുകേണ്ടത് അത്യാവശ്യമാണെന്നും ഹുബെയ് നഗരക്കാര്‍ ആരെങ്കിലും വന്നതായി അറിഞ്ഞാല്‍ അധികാരികളെ ബന്ധപ്പെടണമെന്നും അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യനര്‍വ്വഹണത്തിനു വേണ്ടിയാണ് തങ്ങളുടെ ഓഫിസ് അടച്ചിട്ടിരിക്കുന്നതെന്നാണ് ആലിബാബ അറിയിച്ചത്.

കൊറോണാവൈറസ് ബാധയെക്കുറിച്ചുള്ള സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വിശ്വസിക്കാമെങ്കില്‍ 490 പേര്‍ മരിക്കുകയും 24,000 ലേറെ പേര്‍ രോഗബാധിതരാകുകയും ചെയ്തിട്ടുണ്ട്. ഹുബെയിലാണ് ഇവരില്‍ പലരും. അവിടെയുള്ള 60 ലക്ഷത്തോളം ആളുകള്‍ കഴിഞ്ഞമാസം മുതല്‍ പൂട്ടിയിടപ്പെട്ട രീതിയിലാണ് കഴിഞ്ഞുവരുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. ഹാങ്‌സോയിലെ ജനസംഖ്യ ഏകദേശം 90 ലക്ഷമാണ്. ഇവിടെ 141 പേര്‍ രോഗബാധിതരാണ്. കുറഞ്ഞത് മറ്റു മൂന്നു നഗരങ്ങള്‍കൂടെ കടുത്ത പ്രതിരോധ നടപടികള്‍ എടുത്തിട്ടുണ്ട്.

ഭക്ഷണ ലഭ്യത

സാധാരണഗതിയില്‍ ജനത്തിരക്കുകൊണ്ട് വീര്‍പ്പുമുട്ടാറുള്ള ഹാങ്‌സോയുടെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ വെസ്റ്റ് ലെയ്കിന്റെ തീരങ്ങള്‍ വിജനമാണ്. വാഹന ഇരമ്പം നിലച്ച നിരത്തുകളിലൂടെ സഞ്ചരിക്കാന്‍ ടാക്‌സികള്‍ പോലും ലഭ്യമല്ല. വേര്‍തിരിക്കപ്പെട്ട സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ വീടുകളില്‍ നിന്ന് പുറത്തുവരുന്നത് ഭക്ഷണസാധനങ്ങളും മറ്റും കൈപ്പറ്റാന്‍ മാത്രമാണ്. എത്തിച്ചുകൊടുക്കലുകാര്‍ വരുമ്പോള്‍ മാത്രം മാസ്‌ക് ധരിച്ച ആരെങ്കിലും വീട്ടില്‍ നിന്നു പുറത്തുവരും. ഇതാകട്ടെ നടക്കുന്നത് ചുവന്ന ആം ബാന്‍ഡ് ധരിച്ച പ്രാദേശിക വോളണ്ടിയര്‍മാരുടെ സാന്നിധ്യത്തിലുമായിരിക്കും.

ആ പ്രദേശത്തിനുള്ള സാധനങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ആദ്യം തനിക്കുവേണ്ട സാധനങ്ങള്‍ എടുക്കാന്‍ വന്ന സ്ത്രീ പിങ്ക് പജാമസിനു മുകളില്‍ നീല പ്ലാസ്റ്റിക് എയ്പ്രണും ധരിച്ചിരുന്നു. മാസ്‌കും സ്‌കീ ഗോഗ്ള്‍സും അവര്‍ അണിഞ്ഞിരുന്നു. പുറത്തെത്തിയ മറ്റൊരാള്‍ 35-കാരനായ ചെന്‍ ആണ്. അദ്ദേഹം പറഞ്ഞത് തനിക്കു വേണ്ട സാധനങ്ങള്‍ പുതുവത്സരത്തിനു മുമ്പു തന്നെ വാങ്ങിക്കൂട്ടിയിരുന്നു എന്നാണ്. പക്ഷേ, ഇവിടുത്തുകാര്‍ തമ്മില്‍ ഇപ്പോള്‍ ഭക്ഷണം വാങ്ങാന്‍ മത്സരം തുടങ്ങിയിരിക്കുന്നുവെന്നും ചെന്‍ പറഞ്ഞു. രാവിലെ ആറുമണിക്കുണര്‍ന്നാലെ ഭക്ഷണം കിട്ടൂ. അല്ലെങ്കില്‍ ചിലപ്പോള്‍ കിട്ടുകയേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയം അകലെയല്ല

ഹാങ്‌സോയില്‍ പെട്ടുപോയ രണ്ടു ദക്ഷിണാഫ്രിക്കന്‍ സ്ത്രീകള്‍ പറഞ്ഞത് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ പുറത്തെത്തിയതോടെ ഗാര്‍ഡുമാര്‍ എത്തി തങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എടുതിയെടുത്തു എന്നാണ്. എത്ര തവണ പുറത്തിറങ്ങി എന്നറിയാനാണ് ഇത്. അനുവദിച്ചിരിക്കുന്നതിലേറെ തവണ പുറത്തിറങ്ങിയാല്‍ അത് നിയമലംഘനമാകും. എന്നാല്‍, അത്തരത്തില്‍ തങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും നല്‍കാതെ തങ്ങളുടെ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കു വരുന്നവരെയും കാണാം. പലവ്യഞ്ജനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ആളുകളും അത്ര ഭീതിയൊന്നും കാണിക്കാതെ വീടുകളില്‍ നിന്നു വീടുകളിലേക്കു നീങ്ങുന്നതും കാണാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കോമ്പൗണ്ടിലെ സുരക്ഷയെക്കുറിച്ചു ചോദിച്ചപ്പോള്‍ അവിടെ വസിക്കുന്ന ഒരാള്‍ പറഞ്ഞത് ഇവിടെ രോഗബാധിതരൊന്നുമില്ല എന്നാണ്.

എന്നാല്‍, ഉച്ചഭാഷിണിയിലൂടെ ഇങ്ങനെയും കേൾക്കാം- 'വീടിനുള്ളില്‍ തന്നെ കഴിയുക എന്നത് വിഷമംപിടിച്ച കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഏതാനും ദിവസത്തേക്കു കൂടെ അതു സഹിക്കൂ.... വിജയം അകലെയല്ല.'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA