ADVERTISEMENT

കൊറോണാവൈറസ് എന്ന മഹാരി വൈറസ് അതിവേഗം പടരുന്നതിനിടയില്‍ സേര്‍ച്ച് ഭീമന്‍ ഗൂഗിളിന് നിരവധി സംശയങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ്-19 (Covid-19) എന്ന പേരിലും അറിയപ്പെടുന്ന വൈറസിനെക്കുറിച്ച് ആളുകള്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങളില്‍ പ്രധാനപ്പെട്ട പത്തെണ്ണവും അവയുടെ ഉത്തരങ്ങളും ലോകാരോഗ്യ സംഘടനയ്ക്കു നല്‍കിയിരിക്കുകയാണ് ഗൂഗിളിപ്പോള്‍. ഇതാ ആ ചോദ്യങ്ങളും ഉത്തരങ്ങളും:

 

1. എന്താണ് കൊറോണാവൈറസ്?

 

ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റ് പറയുന്നത് കൊറോണാവൈറസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് നിരവിധി വൈറസുകളുടെ ഒരു കുടുംബത്തെയാണ് എന്നാണ്. ഇവ മനുഷ്യരിലും മൃഗങ്ങളിലും കാണാം. വൈറസുകളില്‍ ചിലത് മനുഷ്യരെയും ബാധിക്കും. ഇത് ബാധിക്കുന്നവര്‍ക്ക് ജലദോഷം മുതല്‍ കടുത്ത അസുഖങ്ങളായ മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം, സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം അഥവാ സാര്‍സ് എന്നിവ വരെ വരാം. ഈ വൈറസിന്റെ ഏറ്റവും പുതിയ അവതാരത്തെ ഇപ്പോള്‍ വിളിക്കുന്ന പേരാണ് കോവിഡ്-19.

 

2. രോഗലക്ഷണങ്ങൾ എന്തൊക്കെ?

 

കോവിഡ്-19ന്റെ ലക്ഷണങ്ങള്‍ 'ഫ്‌ളൂ പോലെ'യാണ് എന്നാണ് പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ട് പറയുന്നത്. പുതിയ തെളിവുകള്‍ പ്രകാരം കോവിഡ്-19 ബാധിക്കുന്നവര്‍ക്ക് ഫ്‌ളൂ പോലെയുള്ള രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയവ എന്നാണ് പിഎച്ഇ പറയുന്നത്.

 

3. കൊറോണാവൈറസ് ബാധിതരായി എത്രപേര്‍ മരിച്ചു?

 

അവസാനം കിട്ടിയ റിപ്പോര്‍ട്ട് പ്രകരാം 1,669 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നത്. ഇവയില്‍ 1,665 മരണങ്ങളു ചൈനയിലാണ്. ചൈനയ്ക്ക് പുറത്ത് ഹോങ് കോങ്, ഫ്രാൻസ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 

4. എങ്ങനെയാണ് രോഗം തുടങ്ങിയത്?

 

2019, ഡിസംബര്‍ 31നാണ് ചൈനയിലെ ലോഗാരോഗ്യ സംഘടനയുടെ ഓഫിസില്‍ മുന്‍പു കേട്ടിട്ടില്ലാത്ത തരം ഒരു വൈറസ് വുഹാനില്‍ പടരുന്നു എന്ന വാര്‍ത്ത ലഭിക്കുന്നത്. മനുഷ്യനിലേക്ക് വുഹാനിലെ, ഏതെങ്കിലും ജീവനുള്ള മൃഗങ്ങളെ വില്‍ക്കുന്ന വിപണിയില്‍ നിന്നായിരിക്കാം പടര്‍ന്നത് എന്നാണ് അനുമാനം. എന്നാല്‍, ഏതു മൃഗത്തില്‍ നിന്നാണ് 2019-nCoV എന്നും അറിയപ്പെടുന്ന രോഗം പടര്‍ന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

 

5. ബ്രിട്ടനില്‍ കൊറോണാവൈറസ് ഉണ്ടോ?

 

ഏറ്റവും അവസാനം കിട്ടിയ റിപ്പോര്‍ട്ട് പ്രകരാം ബ്രിട്ടണില്‍ 9 പേര്‍ വൈറസ് ബാധിതരാണ്.

 

6. ആരിലാണ് കൊറോണാ വൈറസ് ആദ്യം കണ്ടത്?

 

കോവിഡ്-19 ഏതു വ്യക്തിയിലാണ് ആദ്യം കണ്ടത് എന്ന് കണ്ടെത്താനാവില്ല.

 

7. കൊറോണാവൈറസിന് ചികിത്സയുണ്ടോ?

 

ഇപ്പോള്‍ വരെ ഒരു വാക്‌സിനും ലഭ്യമല്ല. ആശുപത്രികളില്‍ രോഗികളെ പ്രത്യേക വാര്‍ഡുകളില്‍ പാര്‍പ്പിച്ചു ചികിത്സിക്കുകയാണ് ചെയ്യുന്നത്. രോഗം പടരാതിരിക്കാനാണിത്. ലോകാരോഗ്യസംഘടന പറയുന്നത് ഇപ്പോള്‍ വരെ പുതിയ കൊറോണാവൈറസിന് ഒരു പ്രതിവിധിയും നിര്‍ദ്ദേശിച്ചിട്ടില്ല എന്നാണ്. എന്നാല്‍, 2019-nCoV  ബാധിതര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കുന്നുണ്ട്. ചില പ്രത്യേക രീതിയിലുള്ള ചികിത്സകള്‍ ഗൗരവത്തില്‍ പരിഗണിച്ചുവരികയാണ്. ഇവയുടെ പരീക്ഷണത്തിന്റെ നേതൃത്വം ലോകാരോഗ്യ സംഘടനയുടെ കയ്യിലാണ്.

 

8. എങ്ങനെയാണ് കൊറോണാവൈറസ് പകരുന്നത്?

 

കോവിഡ്-19ന് സമാനമായ രോഗങ്ങള്‍ ചുമയ്ക്കുമ്പോഴും മറ്റും പുറത്തുവരുന്ന സ്രാവങ്ങളില്‍ നിന്നും പകരുമെന്നാണ്. എന്നു പറഞ്ഞാല്‍ കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകിയാല്‍ രോഗം വരാനുള്ള സാധ്യത പരമാവധി തടയാമെന്നാണ് പറയുന്നത്. എന്നാല്‍, എന്‍എച്എസിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് ഇതൊരു പുതിയ രോഗമായതിനാല്‍ എങ്ങനെയാണ് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സമാന രോഗങ്ങള്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രാവങ്ങളില്‍ നിന്നു പകരുന്നു. രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നു വരുന്ന പാക്കേജുകളില്‍ നിന്നോ, ഭക്ഷണത്തിലൂടെയോ പകരാനുള്ള സാധ്യത കുറവാണ്.

 

9. എത്രപേര്‍ക്കാണ് കൊറോണാവൈറസ് ബാധിച്ചിരിക്കുന്നത്?

 

ഏറ്റവും പുതിയ കണക്കു പ്രകാരം 69,000 പേര്‍ക്ക് കോവിഡ്-19 ലോകമെമ്പാടുമായി ബാധിച്ചിട്ടുണ്ട്. ഇവയില്‍ 95 ശതമാനവും ചൈനയിലാണ്.

 

10. കൊറോണാവൈറസ് വായുവിലൂടെ പകരുമോ?

 

ഇത് ഇതുവരെ നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ലോകാരോഗ്യസംഘന പറയുന്നത്. എന്നാല്‍, ചുമയ്ക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന ധൂളികളില്‍ നിന്ന് പകരാം എന്നാണ് ശക്തമായി വിശ്വസിക്കപ്പെടുന്നത്. പുതിയ കൊറോണാവൈറസിന്റെ പ്രചാരത്തെക്കുറിച്ച് കൂടുതല്‍ ഡേറ്റ ലഭിച്ചാലെ തീര്‍പ്പുകല്‍പ്പിക്കാനാകൂ എന്നാണ് ലോകാരോഗ്യസംഘനയുടെ നിലപാട്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്ട്രോളും പറയുന്നത് വായുവിലൂടെ ഇതു പകരും എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ആളുകള്‍ ജാഗ്രതപാലിക്കണം എന്നാണ് അവരുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com