ADVERTISEMENT

ഒരു ഭാഗത്ത് കൊറോണവൈറസ് എന്ന മഹാമാരി ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തി മുന്നേറുമ്പോഴും സ്‌പേസ് എക്‌സും സിഇഒ ഇലോണ്‍ മസ്‌കും ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന സ്വപ്‌ന ലക്ഷ്യത്തിനായി കഠിനമായ പരിശ്രമത്തിലാണ്. എന്നാൽ, കൊറോണ വൈറസ് മഹാമാരി കാരണം യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് സ്‌പേസ് എക്‌സ് വിക്ഷേപണം വൈകിപ്പിച്ചേക്കും. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ തുടരുന്നുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള റോക്കറ്റിന്റെ നിർമ്മാണ പ്രവർത്തനം ഇപ്പോഴും ടെക്‌സാസിൽ തുടരുകയാണ്.

 

ചൊവ്വാ ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിന് ആയിരം സ്റ്റാര്‍ ഷിപ്പുകള്‍ നിര്‍മ്മിക്കാനാണ് ഇലോണ്‍ മസ്‌കിന്റെ പദ്ധതി. ചൊവ്വയിലെ മനുഷ്യ കോളനി സാധ്യമാകണമെങ്കില്‍ ഓരോ 72 മണിക്കൂറിലും ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ്പുകള്‍ പറന്നുയരേണ്ടി വരുമെന്നും മസ്‌ക് വ്യക്തമാക്കുന്നു.

 

ചൊവ്വാ ദൗത്യത്തിന് സ്‌പേസ് എക്‌സ് ഉപയോഗിക്കുന്ന സ്റ്റാര്‍ ഷിപ്പുകള്‍ എല്ലാം തന്നെ പുനരുപയോഗിക്കാന്‍ ശേഷിയുള്ളതാകും. 40000 കിലോഗ്രാമിലേറെ ഭാരം വഹിക്കാനുള്ള ശേഷിയും സ്റ്റാര്‍ഷിപ്പുകള്‍ക്കുണ്ടാകും. സ്വപ്‌ന പദ്ധതിയുടെ വേഗം കൂട്ടുന്നതിന് ദക്ഷിണ ടെക്‌സാസിലെ സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രത്തില്‍ 225 ജീവനക്കാരെ കൂടി അധികമായി എടുത്തിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഇതോടെ ഇവിടുത്തെ ആകെ ജീവനക്കാരുടെ എണ്ണം 500ലെത്തി. 

 

സാധാരണ മനുഷ്യര്‍ക്ക് 'നട്ടപ്രാന്ത്' എന്ന് തോന്നിപ്പിക്കുന്ന പല പ്രഖ്യാപനങ്ങളും നടത്തുകയും യാഥാര്‍ഥ്യമാക്കി ലോകത്തെ ഞെട്ടിപ്പിക്കുകയും ചെയ്തിട്ടുള്ള കോടീശ്വരനാണ് എലോണ്‍ മസ്‌ക്. ജനുവരിയില്‍ 2050 ആകുമ്പോഴേക്കും ചൊവ്വയില്‍ പത്ത് ലക്ഷം മനുഷ്യരെ എത്തിക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനവും ഇതേ അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. 

 

തന്റെ പ്രഖ്യാപനങ്ങളെ വാക്കുകളില്‍ ഒതുക്കാതെ അതിനായി കഠിനമായി പരിശ്രമിക്കുകയാണ് ഇലോണ്‍ മസ്‌കും സഹപ്രവര്‍ത്തകരും. ഒരു ദശലക്ഷം പേരുള്ള മനുഷ്യ കോളനി ചൊവ്വയില്‍ സ്ഥാപിക്കുന്നതിന് പ്രതിവര്‍ഷം ആയിരം സ്റ്റാര്‍ഷിപ്പുകളെങ്കിലും വിക്ഷേപിക്കേണ്ടി വരും. അതായത് ദിവസം മൂന്നെണ്ണം! ഇതുവരെ മനുഷ്യന്‍ ചൊവ്വയില്‍ ഒരിക്കല്‍ പോലും പോയിട്ടില്ലെന്ന യാഥാര്‍ഥ്യത്തിലിരുന്ന് നോക്കുമ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ചിന്തകള്‍ അതിരില്ലാത്തവ തന്നെ. 

 

2022ല്‍ ചൊവ്വയിലേക്ക് രണ്ട് ചരക്ക് കാര്‍ഗോ ഷിപ്പുകള്‍ അയക്കുമെന്ന് 2017ല്‍ തന്നെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നാല് ബഹിരാകാശ പേടകങ്ങള്‍ കൂടി 2024 ആകുമ്പോഴെക്കും വിക്ഷേപിക്കും. ഇതില്‍ രണ്ടെണ്ണം ചരക്കുഷിപ്പുകളാണെങ്കില്‍ രണ്ടെത്തില്‍ മനുഷ്യ യാത്രികരുണ്ടാകുമെന്നും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. 

 

മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാറ്റേണ്‍ V റോക്കറ്റിന് സമാനമായ ശേഷിയുള്ളവയായിരിക്കും സ്റ്റാര്‍ ഷിപ്പുകള്‍. 40000 കിലോഗ്രാം ഭാരത്തിലേറെ വഹിക്കാന്‍ സാറ്റേണ്‍ Vനും സ്റ്റാര്‍ ഷിപ്പുകള്‍ക്കും ശേഷിയുണ്ട്.  ചൊവ്വയില്‍ മനുഷ്യകുടിയേറ്റം സാധ്യമാകണമെങ്കില്‍ അവിടെ എത്തുന്നവര്‍ക്ക് സ്വയം പര്യാപ്തരാകാന്‍ സാധിക്കണമെന്നും ഇലോണ്‍ മസ്‌ക് കൂട്ടിച്ചേര്‍ക്കുന്നു. കാരണം ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കുള്ള ചരക്കു നീക്കം പല കാരണങ്ങളാല്‍ തടസപ്പെടാം. ആദ്യമായി ചൊവ്വയിലേക്ക് പോകുന്ന യാത്രികര്‍ ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ടെന്ന ബോധ്യത്തോടെ വേണം പോകാനെന്നും ഇലോണ്‍ മസ്‌ക് തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com